Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടനിലെ ജാക്ക് ദി റിപ്പറെയും വെല്ലും മുംബൈയിലെ ഭീകരൻ, രാമൻ രാഘവൻ!

x-default

പത്രമാഫീസുകളിൽ പരിഭ്രാന്തരായ ജനങ്ങളുടെ ഫോൺ വിളികൾ !  ജനം ഇളകാൻ തുടങ്ങി. ജനപ്രതിനിധികൾ ഒച്ചപ്പാടുണ്ടാക്കുന്നു. മേലധികാരികളിൽനിന്നു പൊലീസ് കമ്മീഷണർക്കുമേൽ സമ്മർദ്ദങ്ങൾ !  കമ്മിഷണർ മൊഡാക്കിന്റെ മനസ്സിൽ 1881ൽ ലണ്ടൻ നഗരത്തിൽ ‘ജാക്ക് ദി റിപ്പർ’ നടത്തിയ കൊലപാതക പരമ്പരയുടെ ഒാർമകൾ ഒാടിയെത്തി. റിപ്പറെ ഒരാഴ്‌ചയ്‌ക്കകം പിടികൂടാൻ കഴിയാതെവന്നതുമൂലം ലണ്ടൻ മെട്രോപോളിറ്റൻ പൊലീസ് സേനയുടെ കമ്മീഷണർ സർ ചാൾസ് വാറൻ രാജിവയ്‌ക്കാൻ വരെ നിർബന്ധിതനായി. ജാക്ക് അന്ന് ഏഴുപേരെയാണു കൊന്നതെങ്കിൽ, മുംബൈയിലെ ഭീകരൻ ഇതിനകം ഒൻപതു പേരെ കൊന്നുക്കഴിഞ്ഞു.

ലോക ക്രിമിനൽ ചരിത്രത്തിൽതന്നെ ഏറ്റവും സുസംഘടിതമായ വേട്ടയാണു മെഡാക്ക് തയാറാക്കിയത്.  നഗരത്തിന്റെ വടക്കൻ പ്രാന്തങ്ങളിൽ രാപ്പകൽ റോന്തുചുറ്റുന്നതിന് 2000 പോലീസുകാരും അവരുടെ ഓഫീസറന്മാരും സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയുക്തരായി. അവരെ സഹായിക്കാൻ പൊതുജനങ്ങളുടെ വോളന്റിയർ സേനകളും നിലവിൽ വന്നു.

ഇതിനിടെ രാമൻരാഘവൻ എന്ന വിചിത്രജീവി താമസിക്കുകയും ചുറ്റിത്തിരിയുകയും ചെയ്‌ത സ്ഥാലങ്ങളുടെ ഒരു പട്ടിക തയാറാക്കി. അവിടേക്കെല്ലാം  മഫ്‌ടിവേഷത്തിൽ പൊലീസുകാരെ നിയോഗിച്ചു. അവരുടെ പക്കൽ രാമൻ രാഘവന്റെ ചിത്രങ്ങളും ഉണ്ടായിരുന്നു. അതിലൊരു പൊലീസുകാരൻ ‘ശർമ്മാഭയ്യായുടെ ചോൾ’ എന്നറിയപ്പെടുന്ന ലോഡ്‌ജിൽ ഒരു വാടകമുറിയിൽ രാമൻ രാഘവൻ കുറേനാൾ താമസിച്ചിരുന്നുവെന്നറിഞ്ഞ് അവിടേക്കു പോയി. പലരുമായി സംസാരിക്കുന്നതിനിടയിൽ മഞ്ജുളാബായി എന്ന യുവതി ഒറ്റനോട്ടത്തിൽത്തന്നെ രാമൻരാഘവന്റെ ചിത്രം തിരിച്ചറിഞ്ഞു.

‘‘ഇയാളെ എനിക്കു നല്ലതുപോലെ അറിയാം’’ അവൾ പറഞ്ഞുതുടങ്ങി: ‘‘അണ്ണാ എന്നാണ് ഞങ്ങളെല്ലാം ഇയാളെ വിളിക്കുക.’’

‘‘അടുത്ത നാളിലെങ്ങാൻ അണ്ണായെ കണ്ടതായി ഓർമ്മയുണ്ടോ?’’ പോലീസുകാരൻ ആശയോടെ തിരക്കി.

‘‘ഉവ്വുവ്വ്. ഇക്കഴിഞ്ഞദിവസവും കണ്ടു’’ മഞ്ജുളാബായി പറഞ്ഞു: ‘‘ഞാൻ കുടത്തിൽ വെള്ളവും കോരി വരുകയായിരുന്നു. ആഗസ്റ്റ് 24–ാം തീയതി ഉച്ചയ്‌ക്ക് പതിനൊന്നര മണിക്ക്. അണ്ണായുണ്ട് അപ്പോൾ എനിക്കെതിരേ നടന്നുവരുന്നു. കണ്ടയുടനെ ഞാൻ ചോദിച്ചു: ‘അണ്ണാ ഇത്രകാലവും നിങ്ങൾ എവിടെയായിരുന്നു? ഇപ്പോഴെന്താ വിശേഷിച്ച് ഇതിലെയൊക്കെ?’  അയാൾ പറഞ്ഞു: ‘ശർമ്മാഭയ്യായെ കാണാൻ വന്നതാണ്, പഴയ വാടകക്കുടിശ്ശിക അൽപം കൊടുത്തു തീർക്കാനുണ്ട്’

‘‘അയാളുടെ വേഷമെന്തായിരുന്നു?’’, പോലീസ് ചോദിച്ചു.

‘‘ നീല ഷർട്ടാണിട്ടിരുന്നത്. കാക്കിനിക്കറും. കാലിൽ ചെമ്മണ്ണിന്റെ നിറമുള്ള കാൻവാസ് ഷൂസുമുണ്ട്. പഴയ താടിമീശയൊക്കെ കളഞ്ഞ് സുന്ദരനായിട്ടായിരുന്നു വരവ്.’’

പൊലീസുകാരൻ പിന്നെ അവിടെ നിന്നില്ല. ഏറ്റവുമടുത്ത പോലീസ് സ്റ്റേഷനിൽ ചെന്ന് കിട്ടിയ വിവരം വയർലസിൽ കമ്മീഷണറുടെ ഓഫീസിലേക്കു നൽകി. അതിനോടകം അറിവായതിൽ ഏറ്റവും വിലപ്പെട്ട വിവരമായിരുന്നു അത്. 

കുറ്റകൃത്യങ്ങൾ നടന്ന പ്രദേശത്തുതന്നെ കുറ്റവാളിയും ചുറ്റിത്തിരിയുന്നുണ്ടെന്ന് അതോടെ ഉറപ്പായി. മിക്കവാറും അതേ വേഷത്തിൽത്തന്നെ അയാളെ കണ്ടെത്താൻ കഴിഞ്ഞേക്കും. വിവരം എല്ലാ പൊലീസ് സ്‍റ്റേഷനുകളിലുമെത്തി. നഗരത്തിലും നഗരപ്രാന്തത്തിലുമുള്ള നിരവധി സ്‍റ്റേഷനുകളിലെ വയർലസ് സെറ്റുകൾ ഒരേസമയം ശബ്ദിച്ചു: ‘‘രാമൻരാഘവൻ.... നീല ഷർട്ട്.... കാക്കി നിക്കർ.... മറൂൺ നിറമുള്ള കാൻവാസ് ഷൂ....’’

∙∙∙

ഓഗസ്റ്റ് 26–ാം തീയതി രാവിലെ ആറു മണിക്ക് കമ്മിഷണറുടെ ബംഗ്ലാവിലെ ഓഫീസുമുറിയിലെ ഫോണിൽ ഡോപ്യൂട്ടി പൊലീസ് കമ്മിഷണർ സ്‌കോട്ടിന്റെ സന്ദേശം : ‘‘മലാഡിലെ ചിഞ്ചാവ്‌ലിയിൽ, ഡോക്ടർ മാൻഡ്‌ലിക്കിന്റെ എരുമച്ചാപ്രയ്‌ക്കു സമീപം ഒരു കുടിലിൽ ഉറങ്ങിക്കിടന്ന രണ്ടുപേർ കൊല്ലപ്പെട്ടിരിക്കുന്നു. ചെവിക്കു പിറകിൽ  തലയോട്ടി തകർന്ന്...’’

മൊഡാക്കും പാർട്ടിയും ഉടൻ സംഭവസ്ഥലത്തെത്തി, എരുമച്ചാപ്രയുടെ അരികിൽ തിങ്ങിക്കൂടിയ ജനം  അവരെ കൂവിവിളിക്കാൻ തുടങ്ങി. പിന്നാലെ പരിഹാസ വാക്കുകളും. അവിടെയെല്ലാം മൂക്കിന്റെ പാലം തെറിപ്പിക്കുന്ന ദുർഗന്ധം. കർചീഫുകൊണ്ട് മൂക്കുപൊത്തിപ്പിടിച്ച് കമ്മീഷണർ മൃതദേഹങ്ങൾ കിടക്കുന്ന കുടിലിലേക്കു കയറി. 

‘‘കുടിലിലെ ഒരു സ്റ്റെയിൻലസ് സ്റ്റീൽ പാത്രത്തിന്മേൽ നിന്ന് ഞങ്ങൾക്കു നല്ല രണ്ടു മൂന്നു വിരലടയാളങ്ങൾ കിട്ടിയിട്ടുണ്ട്. താരതമ്യപഠനത്തിനായി അവ ബ്യൂറോയിലേക്കയച്ചിരിക്കുന്നു. കൊലയാളി രാമൻരാഘവനാണോ അല്ലയോ എന്ന് അൽപസമയത്തിനുള്ളിൽ നമുക്കറിയാം.’’ സ്കോട്ട് പ്രതീക്ഷയോടെ പറഞ്ഞു.

‘‘ഗുഡ്, ഗുഡ്.....’’ കമ്മീഷണർ മുരണ്ടു.

‘‘ഞങ്ങൾക്ക് രണ്ടു ദൃക്സാക്ഷികളേയും കിട്ടിയിട്ടുണ്ട്.’’ ആ രണ്ടു സാക്ഷികളെയും സ്കോട്ടിന്റെ  മുൻപിലേക്കു നീക്കിനിർത്തി.

എരുമച്ചാപ്രയിലെ വാച്ച്‌മാനായ അൻപതുകാരൻ ബാബു ഷിൻഡേയും അയാളുടെ പുത്രൻ 13 കാരനായ രമേശു മായിരുന്നു സാക്ഷികൾ. ഡോക്ടർ മാൻഡ്‌ലിക്കിന്റെ എരുമച്ചാപ്രയിലെ  നാലടി പൊക്കമുള്ള ഒരു മേശയിലാണു വാച്ചുമാൻ ഇരിക്കാറ്. രാത്രിമുഴുവൻ ട്യൂബുലൈറ്റുകൾ കത്തിനിൽക്കുന്നതിനാൽ ചാപ്രകളുടെ എല്ലാ ഭാഗങ്ങളും അവിടെയിരുന്നാൽ കാണാം. ബാബു ഷിൻഡേയാണു കാവൽക്കാരൻ. മകൻ രമേശ് സഹായിയായി കൂടെയുണ്ടാകും.

രമേശ് പാതിരാത്രി പതിവുപോലെ തോടിനടുത്തുള്ള പുൽപ്പുറത്ത് ഒരു കറുത്ത മനുഷ്യൻ നില്‍ക്കുന്നതു കണ്ടു. വീണ്ടും നോക്കിയപ്പോൾ അയാളില്ല. 15 മിനിറ്റു കഴിഞ്ഞപ്പോൾ തൊട്ടടുത്ത് ദിവസകൂലിക്കാരായ  ലാൽചന്ദ്, ദുലാർ സഹോദരന്മാർ താമസക്കുന്ന കുടിലിൽ ഒരു സ്‌റ്റീൽ പാത്രം വീഴുന്ന ശബ്ദം. അവർ കുടിലിനരികിലേക്കു  ടോർച്ചടിച്ചു. ചാക്കു കഷണമാണു കുടിലിന്റെ വാതിൽ. പെട്ടെന്നതാ, ചാക്കു തട്ടിമാറ്റിക്കൊണ്ട് ഒരു മനുഷ്യൻ പുറത്തേക്കു വന്ന്, തോട്ടിലേക്കു ഒരൊറ്റ ചാട്ടം. ‘കള്ളൻ, കള്ളൻ’ എന്നു വിളിച്ച് അവർ ബഹളമുണ്ടാക്കി. 

പക്ഷേ, അത്രയു ബഹളമുണ്ടായിട്ടും ലാൽചന്ദും ദുലാറും പുറത്തേക്കു വരാതായപ്പോൾ അവർ കുടിലിനുള്ളിലേക്ക്  ടോർച്ചടിച്ചു. അവിടെ രണ്ടു കയറ്റുകട്ടിലുകളിൽ ചോരയിൽ കുളിച്ചു കിടക്കുകയാണു ആ സഹോദരന്മാർ !