Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമൻ രാഘവൻ എന്ന വിചിത്ര കൊലയാളിയെ പൊലീസ് കണ്ടെത്തിയത് ചില ക്ലൂവിൽ!

RAMAN RAGHAVAN-250217

ഓഗസ്‌റ്റ് 16:  പൊലീസ് കമ്മിഷണറും ഡപ്യൂട്ടി കമ്മിഷണർമാരും ചേർന്നുള്ള ‘ചായസമ്മേളനം’ നടക്കുകയാണ്. കമ്മിഷണറും അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 14 ഡപ്യൂട്ടി പൊലീസ് കമ്മിഷണർമാരും ഉണ്ട്. ദിവസവും ഉച്ചക്കഴിഞ്ഞ് അന്നത്തെ സുപ്രധാന സംഭവങ്ങൾ ചർച്ചചെയ്യുന്നതിനാണു ‘ചായ സമ്മേളനം’ എന്നു പറയുന്നത്. 

അജ്‌ഞാതനായ ഒരു കൊലയാളി ഒന്നരമാസങ്ങൾക്കിടയിൽ അഞ്ചാമത്തെ കൊലപാതകം നടത്തിയതിന്റെ പശ്ചാത്തലത്തിൽ പൊലീസ് കമ്മിഷണർ മൊഡാക് ചോദിച്ചു: ‘‘മലാഡിലും ഗോറേഗാവിലും നടന്ന ഈ വിചിത്രമായ കൊലപാതകങ്ങൾക്ക് യാതൊരു തുമ്പും കിട്ടിയിട്ടില്ല, അല്ലേ?’’ 

ആജാനുബാഹുവായൊരു 54കാരന്‍ സ്‌കോട്ടിനാണ് ആ സോണിന്റെ ചുമതല. അദേഹം പറഞ്ഞു: ‘‘ഇല്ല സർ, യാതൊരു തുമ്പും കിട്ടിയിട്ടില്ല. കൊല ചെയ്യപ്പെട്ട രൂപ എന്ന സ്ത്രീയുടെ കുടിലിന്റെ മുറ്റത്തുനിന്ന് ഒരു ഇരുമ്പുദണ്ഡ് കിട്ടിയിട്ടുണ്ട്.’’

 ‘‘രൂപയുടെ അയൽക്കാരി ഇറങ്ങിവരുന്നതുകണ്ടു കൊലയാളി അതു വലിച്ചെറിഞ്ഞ്  ഓടിക്കളഞ്ഞതാകുമല്ലേ?’’

‘‘കൊലപാതകത്തിന് അയാൾ ഉപയോഗിച്ച ആയുധം ഈ ദണ്ഡുതന്നെയാണെന്നു വ്യക്തം. ഉറങ്ങിക്കിടക്കുന്നയാളിന്റെ ചെവിക്കടുത്ത് ദണ്ഡിന്റെ കൂർത്ത അറ്റംകൊണ്ടു ശക്തമായി അടിച്ചുപൊട്ടിച്ചശേഷം കുടിലിനുള്ളിൽനിന്നു കയ്യിൽക്കിട്ടുന്ന കാശും മറ്റു സാധനങ്ങളും തപ്പിയെടുത്തുകൊണ്ടു സ്ഥലം വിടുക. അതാണയാളുടെ രീതി.’’

സ്കോട്ട് തുടർന്നു: ‘‘കൊലയാളി തിരഞ്ഞെടുത്തിരിക്കുന്നത് വെസ്റ്റേൺ എക്സ്‌പ്രസ് ഹൈവേക്ക് ഇരുവശത്തുമായുള്ള ഏകാന്തമായ കുടിലുകളാണെന്നതു ശ്രദ്ധേയമാണ്. കൊല്ലപ്പെട്ടവരെല്ലാം സാധുക്കളാണ്. മോഷ്ടിക്കപ്പെട്ട വസ്തുക്കളാകട്ടെ, നിസ്സാരവില മാത്രം ഉള്ളവയും – ഏറക്കുറെ രാത്രി ഒരു മണിക്കും നാലു മണിക്കുമിടയിലാണ് ആക്രമണങ്ങളെല്ലാം.  എല്ലാവർക്കും പരുക്കേറ്റിരിക്കുന്നതും ഒരേ സ്ഥാനത്തുതന്നെ!’’ 

‘‘കൊലയാളിയുടെ ഒരു വിരലടയാളം കണ്ടെത്താൻ നിങ്ങൾക്കു കഴിഞ്ഞോ?’’ കമ്മിഷണർ തിരക്കി. 

‘‘സാർ, അതു നടക്കുമെന്നു തോന്നുന്നില്ല. ഈ പാവപ്പെട്ടവരുടെ കുടിലുകളിലൊന്നും മിനുസമുള്ള പ്രതലത്തോടുകൂടിയ പാത്രങ്ങളോ ഫർണിച്ചറോ ഒന്നുമില്ലല്ലോ. അതില്ലാതെ വിരലടയാളം കിട്ടുകയുമില്ല.’’

‘‘പൊലീസ് നായ്‌ക്കൾക്ക് എന്തെങ്കിലും ചെയ്യാനാകുമോ?’’ കമ്മിഷണർ മൊഡാക് തിരക്കി.

‘‘കനത്ത മഴയായതിനാൽ അതും പറ്റിയില്ല. രൂപയുടെ കുടിലിനു പുറത്തുനിന്നു കിട്ടിയ ഇരുമ്പുദണ്ഡ് കൊലയാളി ഉപയോഗിച്ചതുതന്നെയെന്നതിനു സംശയമില്ല. പക്ഷേ, രാത്രിമുഴുവൻ മുറ്റത്തു മഴവെള്ളത്തിൽ പുതഞ്ഞു കുതിർന്നു കിടന്നതിനാൽ നായ്‌ക്കൾക്ക് അതിൽനിന്നു യാതൊരു ഗന്ധവും പിടിച്ചെടുക്കാൻ കഴിയില്ല സാർ.’’ കമ്മിഷണറോടു മറ്റു  പൊലീസ് ഒാഫിസർ‌മാർ വിശദീകരിച്ചു.

കമ്മിഷണർ മൊഡാക് താടിക്കു കയൂന്നി ഇരുന്നപ്പോൾ മൂന്നാം സോണിന്റെ മേധാവി രാമമൂർത്തി പറഞ്ഞു: ‘‘ചിലപ്പോൾ എന്റെ ഒരറിവ് ഈ കേസിനു പുതിയ വഴിത്തിരിവായേക്കും.’’

 എല്ലാവരും ചെവി വട്ടംപിടിച്ചു.

‘‘എന്റെ ഏരിയയിൽ 1965ൽ ഇതേപോലെ കൊലപാതകങ്ങളുടെ ഒരു പരമ്പര നടന്നിരുന്നു. അവിടെയും ഒരറ്റം കൂർത്ത ഏതോ കനത്ത ആയുധംകൊണ്ടാണ് ഉറങ്ങിക്കിടക്കുന്നവരുടെ കവിളെല്ലിനുമുകളിൽ തലയോട്ടിയിൽ ശക്തമായി ഇടിച്ചു കൊന്നിരുന്നത്.’’ 

‘‘കൊലയാളി എന്തെങ്കിലും മോഷ്ടിച്ചിരുന്നോ?’’ മൊഡാക്കിന്റെ ചോദ്യം.

‘‘അതേപ്പറ്റി ഞങ്ങൾക്കു വിവരമൊന്നും കിട്ടിയിരുന്നില്ല. അല്ലെങ്കിലും ആ സാധുക്കളുടെ വീട്ടിൽനിന്നു വേറെ എന്താണു കിട്ടുക സാർ?!’’

‘‘ആരെയെങ്കിലും അന്ന് അറസ്‍റ്റ് ചെയ്‌തോ?’’ കമ്മിഷണറുടെ ആകാംക്ഷ വർധിച്ചു.

‘‘ഒരാളെ ഞങ്ങളന്നു സംശയിച്ച് അറസ്‍റ്റ് ചെയ്തു. രാമൻ രാഘവൻ എന്നായിരുന്നു അയാളുടെ പേര്. സിന്ധി ദാൽവി, വേലുസ്വാമി, തമ്പി, അണ്ണാ എന്നീ പേരുകളും അയാൾക്കുണ്ടായിരുന്നു.

‘‘അയാളിൽനിന്ന് എന്തെങ്കിലും തെളിവുകൾ ശേഖരിക്കാൻ കഴി ഞ്ഞോ?’’മൊഡാക്കിന്റെ ആകാംക്ഷ കൂടി.

‘‘വിരലടയാളത്തിൽനിന്ന് അയാളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം കണ്ടെത്താനായി. ഒൻപതുതവണ ക്രിമിനൽക്കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എല്ലാം ഭവനഭേദനത്തിനും മോഷണത്തിനുമായിരുന്നു. ഒരു കേസിൽമാത്രം അയാളുടെ പേരിൽ കൊലപാതകത്തിനും ചാർജുണ്ടായിരുന്നു. 1951ൽ. ആ കേസിന് അയാൾക്ക് അഞ്ചുകൊല്ലത്തെ കഠിനതടവു ലഭിച്ചു. പക്ഷേ, ഞങ്ങൾ പലതവണ ചോദ്യംചെയ്തിട്ടും മറ്റു വിലപ്പെട്ട വിവരങ്ങളൊന്നും കിട്ടിയില്ല.’’

‘‘അവസാനം നിങ്ങളയാളെ വിട്ടയച്ചിട്ടുണ്ടാവും അല്ലേ?’’ മൊഡാക് തിരക്കി. 

‘‘ഞങ്ങൾ അയാളെ  നഗരത്തിനുപുറത്തു കൊണ്ടുപോയി വിട്ടു. പൂച്ചയെ ചാക്കിലാക്കി നാടുകടത്തുന്നതുപോലെ. പിന്നെ അയാളെക്കുറിച്ച് ഒരു വിവരവുമില്ല.’’ 

‘‘ഒരുപക്ഷേ, അയാൾ നഗരത്തിൽ മടങ്ങിയെത്തിക്കാണും,’’ കോൺഫറൻസ് അവസാനിപ്പിച്ചുകൊണ്ടു മൊഡാക് പറഞ്ഞു. 

‘‘ഏതായാലും അവനെ സംബന്ധിച്ച രേഖകളും ഫോട്ടോയും എനിക്ക് എത്തിച്ചുതരൂ.’’

പിറ്റേന്നു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ രാമൻരാഘവന്റെ നാലു ഫോട്ടോകൾ മൊഡാക്കിന്റെ മുൻപിലെത്തിച്ചു. മുൻപിൽ നിന്നെടുത്തതും വശത്തുനിന്നെടുത്തതും താടിയും മുടിയും വളർത്തിയതും വളർത്താത്തതുമായുള്ള നാലു പടങ്ങൾ. കുറ്റാന്വേഷണ ശാസ്‌ത്രപ്രകാരം കാര്യമായ യാതൊരു പ്രത്യേകതയുമില്ലാത്ത മുഖം. കണ്ണുകൾക്കുമാത്രം ഒരു പ്രത്യേക ശക്തിയുമുണ്ട്. ഉടൻതന്നെ രാമൻരാഘവന്റെ പടവും വിവരണവും നഗരപ്രാന്തത്തിലെ എല്ലാ സ്റ്റേഷനുകളിലും എത്തിക്കാൻ അദ്ദേഹം ഉത്തരവിട്ടു.

Your Rating: