Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടെ കാർ നിർത്തരുത്, കത്തിപ്പോകും!!

20 Fenchurch കെട്ടിടത്തിന്റെ മുൻഭാഗം മുഴുവൻ ഉള്ളിലേക്കു കുഴിഞ്ഞ വിധത്തിലുള്ള കോൺകേവ് ഗ്ലാസുകൾ കൊണ്ട് അലങ്കരിച്ച ലണ്ടനിലെ വോക്കി ടോക്കി ബിൽഡിങ്

സൂര്യപ്രകാശത്തിൽ പളപളാ മിന്നുന്ന ഒരു പടുകൂറ്റൻ കെട്ടിടത്തിനു മുന്നിൽ കാറും നിർത്തിയിട്ട് അകത്തേയ്ക്കു പോയതാണ് ആ ബിസിനസുകാരൻ. കുറച്ചുകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ചങ്കുതകർക്കുന്ന ആ കാഴ്ച. തന്റെ കാറിനാരോ തീയിട്ടിരിക്കുന്നു. തല്ലിപ്പൊളി കാർ വല്ലതുമായിരുന്നെങ്കിൽ ക്ഷമിക്കാമായിരുന്നു. ഇതുപക്ഷേ സംഗതി ജാഗ്വാറാണ്. ആഡംബര കാറുകളുടെ ആശാൻ. അരക്കോടിയിലേറെ വരും വില. അതിനെപ്പോലും ഉരുക്കാൻ കഴിവുള്ള എന്തു കൂടോത്രത്തീയാണാവോ ഇവന്മാർ പ്രയോഗിച്ചതെന്ന് അന്തം വി‍ട്ടുനിന്ന ബിസിനസുകാരൻ തൊട്ടടുത്ത നിമിഷം തന്നെ കാറിനേക്കാളും വേഗത്തിൽ ചൂടായി. എന്നിട്ടലറി– ‘ഏതവനാടാ ഇതു ചെയ്തത്..?’

20 Fenchurch

പക്ഷേ ആരും ഒന്നും മിണ്ടുന്നില്ല. ചിലരാകട്ടെ ആകാശത്തേയ്ക്ക് കൈചൂണ്ടി. അദ്ദേഹം അങ്ങോട്ടേയ്ക്കു നോക്കി. പക്ഷേ കണ്ണടിച്ചു പോകുന്ന വിധം ശക്തമായ ചൂടും വെളിച്ചവും. പതിയെപ്പതിയെ ആ മനുഷ്യനു മനസ്സിലായി. പണി തന്നത് മറ്റൊന്നുമല്ല, താൻ കയറിപ്പോയ ആ കെട്ടിടമാണ്. അതിനു മുന്നിൽ കാർ നിർത്തിയിട്ടതാണു പ്രശ്നമായത്. കെട്ടിടത്തിന്റെ മുൻഭാഗം മുഴുവൻ ഉള്ളിലേക്കു കുഴിഞ്ഞ വിധത്തിലുള്ള കോൺകേവ് ഗ്ലാസുകൾ കൊണ്ടായിരുന്നു അലങ്കരിച്ചിരുന്നത്. അതിലേക്ക് സൂര്യപ്രകാശം വീഴുന്നതെല്ലാം ഒരു പ്രത്യേക ഭാഗത്ത് കേന്ദ്രീകരിച്ച് ‘തിരിച്ചടിച്ചതാണ്’ പ്രശ്നമായത്. ചില്ലിൽ തട്ടി പ്രതിഫലിച്ച സൂര്യപ്രകാശം നേരെ ചെന്നുവീണതാകട്ടെ ജാഗ്വാറിലും. സൂര്യനെന്ത് ജാഗ്വാർ? അതാഞ്ഞങ്ങു ജ്വലിച്ചു, മിനിറ്റുകൾക്കകം കാറിൽ സൂര്യജ്വാലകളേറ്റ ഭാഗം ഉരുകി നറുനാശമായിപ്പോയി. 2013ൽ ലണ്ടനിലായിരുന്നു സംഭവം.

20 Fenchurch

37 നിലകളുള്ള ഈ കെട്ടിടത്തിന് വോക്കി ടോക്കി എന്നായിരുന്നു വിളിപ്പേര്. ഏകദേശം വോക്കിടോക്കി പോലെത്തന്നെയായിരുന്നു കെട്ടിടത്തിന്റെ ലുക്കും. പക്ഷേ ജാഗ്വാർ സംഭവം കഴിഞ്ഞതോടെ വോക്കി ടോക്കി എന്നതുമാറി വോക്കി സ്കോർച്ചി എന്നായി ഓമനപ്പേര്. സ്കോർച്ച് എന്നാൽ ചുട്ടെരിക്കുക എന്ന അർഥത്തിലായിരുന്നു അത്. ഇപ്പോഴിതാ ബ്രിട്ടണിലെ ഏറ്റവും തല്ലിപ്പൊളി കെട്ടിടത്തിനുള്ള കാർ ബങ്ക്ൾ പുരസ്കാരവും വോക്കി സ്കോർച്ചിയെ തേടിയെത്തിയിരിക്കുന്നു. കൂതറ ആർക്കിടെക്ചറിൽ നിർമിച്ച കെട്ടിടങ്ങൾക്ക് ബിസിനസ് ഡിസൈൻ എന്ന മാഗസിൻ വർഷം തോറും നൽകുന്ന പുരസ്കാരമാണിത്. ചുമ്മാതൊന്നുമല്ല, വായനക്കാരിൽ നിന്നുള്ള നിർദേശങ്ങൾ പരിഗണിച്ച് ആർക്കിടെക്ചർ ക്രിട്ടിക്സിന്റെ ഒരു വിദഗ്ധ പാനലാണ് എല്ലാ പരിശോധനകൾക്കുമൊടുവിൽ അവാർഡ് തീരുമാനിക്കുന്നത്. ലണ്ടൻ നഗരത്തിന്റെ ഗ്ലാമർ മുഴുവൻ കളയുന്ന വിധം ഈ തല്ലിപ്പൊളി ‘ഗ്ലാസ് അലങ്കാരത്തിന്’ അനുമതി നൽകിയ അധികൃതർക്കും കെട്ടിടം ഡിസൈൻ ചെയ്ത ഉറുഗ്വായിലെ പ്രശസ്ത ആർക്കിടെക്സ് റാഫേൽ വിനോലൈയ്ക്കും പാനലിന്റെ വക വിമർശനത്തിന്റെ പൂരമാണ്. ജഡ്ജ്മാരിൽ ഒരാൾക്കു പോലും ഇക്കാര്യത്തിൽ എതിരഭിപ്രായം ഉണ്ടായിരുന്നില്ല.

മുകൾ ഭാഗത്തെ നിലകൾ വലുപ്പത്തിലും താഴെ ചെറുതാക്കിയും നിർമിച്ചിരിക്കുന്നത് കാണുമ്പോൾ തന്നെ ഓക്കാനം വരുമെന്നു വരെ ജൂറി പറഞ്ഞുകളഞ്ഞു. തെക്കോട്ടു തിരിഞ്ഞുള്ള കെട്ടിടത്തിന്റെ ചില്ലുകൾ നിറഞ്ഞ മുൻഭാഗത്തിനെതിരെ നേരത്തെത്തന്നെ ഒട്ടേറെ പരാതികൾ വന്നിരുന്നു. കെട്ടിടത്തിൽ നിന്നുള്ള വെളിച്ചംതട്ടി പരിസരത്തെ കടകളിലെ കാർപറ്റുകൾ കത്തിയിരുന്നത്രേ, മാത്രവുമല്ല ചുമരുകളിലെ പെയിന്റും ഇളകിപ്പോകുന്നത് സ്ഥിരമായിരുന്നു. ഒരിക്കൽ ഒരു കൂട്ടം ടിവിക്കാർ ഈ വെളിച്ചം ഉപയോഗിച്ച് നടുറോഡിൽ ഒരു മുട്ട പൊരിയ്ക്കുന്ന ദൃശ്യം വരെ ഷൂട്ട് ചെയ്തിരുന്നു. അതോടെ കോൺകേവ് ഗ്ലാസ് മാറ്റി കുത്തനെയുള്ള ഗ്ലാസ് പാനലുകൾ പതിപ്പിച്ചാണ് കെട്ടിട ഉടമകൾ ഒരുവിധത്തിൽ വിമർശനങ്ങൾക്കു മുന്നിൽ പിടിച്ചു നിന്നത്. അതിനിടെയാണിപ്പോൾ തല്ലിപ്പൊളി കെട്ടിട അവാർഡും. മികച്ച കെട്ടിടങ്ങൾക്കു നൽകുന്ന സ്റ്റെർലിങ് പ്രൈസിനെ കളിയാക്കി 2006 മുതലാണ് കാർ ബങ്ക്ൾ കപ്പ് സമ്മാനിച്ചുതുടങ്ങിയത്.