Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രായ്ക്ക് നമ്മളയച്ച മെയിലുകളെല്ലാം പുറത്ത്

trai

സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) വൻകിട ടെലികോം കമ്പനികൾക്ക് കുടപിടിക്കുകയാണെന്ന വിവാദം ചൂടാറിത്തുടങ്ങുന്നേയുള്ളൂ. അതിനു തൊട്ടുപിറകെ വീണ്ടുമെത്തി പുതിയ വിവാദം. വാട്ട്സ്ആപ്, സ്കൈപ് തുടങ്ങിയ ഓവർ ദ് ടോപ് (ഒടിടി) സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതു സംബന്ധിച്ചായിരുന്നു ട്രായിയുടെ നീക്കം. ട്രായ് വെബ്സൈറ്റിലെ 118 പേജ് വരുന്ന റിപ്പോർട്ട് വായിച്ച് മനസിലാക്കി അതിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്കായിരുന്നു ഉത്തരം നൽകേണ്ടിയിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 24നായിരുന്നു അഭിപ്രായം അറിയിക്കാനുള്ള അവസാനതിയ്യതി. നെറ്റ് ന്യൂട്രാലിറ്റി വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം തേടിയ ട്രായ്ക്ക് ലഭിച്ചത് 10 ലക്ഷത്തിലേറെ ഇ—മെയിലുകളായിരുന്നു. എന്തായാലും അഭിപ്രായങ്ങളെല്ലാം ലഭിച്ച് ദിവസങ്ങൾക്കകം ട്രായ് പുതിയ വിവാദത്തിന് വെടിമരുന്നിട്ടു കഴിഞ്ഞു. തങ്ങൾക്കു ലഭിച്ച ലക്ഷക്കണക്കിനു മെയിലുകളിലെ മുഴുവൻ വിവരങ്ങളും പൊതുജനങ്ങൾക്കായി തുറന്നു നൽകിയിരിക്കുകയാണ് ട്രായ്.

Trai Releases Personal Details ട്രായ് വെബ്സൈറ്റിൽ വന്ന, ഇ-മെയിൽ അയച്ചവരുടെ വിവരങ്ങൾ

അതായത്, മെയിൽ അയച്ച ലക്ഷക്കണക്കിനു പേരുടെ ഇ—മെയിലും, ഫോൺ നമ്പറും, സമൂഹമാധ്യമങ്ങളിലെ ഐപി അഡ്രസും, സ്കൈപ് ഐഡിയും വീട്ടുവിലാസവും വരെയാണ് പുറംലോകത്തെത്തിയത്. ബഹുരാഷ്ട്രകമ്പനികളുടെ ഇന്റേണൽ ഇ—മെയിലുകൾ വരെ ഇത്തരത്തിൽ പരസ്യമായിട്ടുണ്ട്. മൊബൈൽ നമ്പറുകൾ സാമൂഹ്യവിരുദ്ധർക്കു ലഭിച്ചാൽ വരാനിരിക്കുന്ന പ്രശ്നങ്ങൾ വേറെ. ഹാക്കർമാർക്ക് പഴ്സനൽ വിവരങ്ങൾ ചോർത്താനും ഓൺലൈൻ തട്ടിപ്പിനും ഏറെ സഹായകമാകുന്നതാണ് ഈ നടപടിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധത്തിരകളും ഉയർന്നുതുടങ്ങിയിട്ടുണ്ട്. ട്രായിയെ വിശ്വസിച്ച് നൽകിയ വിവരങ്ങൾ പരസ്യപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തു വന്നു. ഹാക്കർമാരും ഇതിൽ പ്രതിഷേധിച്ച് ട്രായിയുടെ വെബ്സൈറ്റിനെതിരെ നീക്കം നടത്തിയിരുന്നു.

Trai Releases Personal Details ട്രായ് വെബ്സൈറ്റിൽ വന്ന, ഇ-മെയിൽ അയച്ചവരുടെ വിവരങ്ങൾ

അതേസമയം നെറ്റ് ന്യൂട്രാലിറ്റിയുമായി ഒരു ബന്ധവുമില്ലാത്ത ഒട്ടേറെ ഇ—മെയിലുകളും ഇക്കൂട്ടത്തിൽ ലഭിച്ചിട്ടുണ്ടെന്നാണ് ട്രായിയുടെ വാദം. അതുകൊണ്ടുതന്നെ പരസ്യപ്പെടുത്തവയിൽ വിവാഹക്ഷണക്കത്തുകൾ മുതൽ ട്രായ്ക്കുള്ള പഴ്സനൽ കത്തുകൾ വരെയുണ്ട്. ഒരു വിവാഹത്തിന്റെ ഓൺലൈൻ ഫോട്ടോ ആൽബം കാണുന്നതിനുള്ള സംവിധാനം പാസ്വേഡ് സഹിതമാണ് ട്രായ് ലിസ്റ്റിൽ ലഭ്യമാക്കിയത്. വീട്ടിലെ ഫോൺ കണക്ഷന്റെ പ്രശ്നം, കേബിൾ നെറ്റ്വർക്കിന്റെ പ്രശ്നം, മൊബൈൽ പോർടബിലിറ്റി, ഷോമി ഫോണിന്റെ പ്രശ്നം തുടങ്ങിയവയെല്ലാം സംബന്ധിച്ച മെയിലുകളും ഏറെ. ഒരു ബഹുരാഷ്ട്ര ഐടി കമ്പനിയാകട്ടെ തങ്ങളുടെ പുതിയ സോഫ്റ്റ്വെയർ പരിചയപ്പെടുത്തുന്നതിനു മുൻപ് ട്രായ് അതൊന്നു പരിശോധിക്കണമെന്നായിരുന്നു മെയിലിലൂടെ ആവശ്യപ്പെട്ടത്. കമ്പനി വളരെ നാളുകളായി ഇതുസംബന്ധിച്ച ആവശ്യം ഉന്നയിക്കുകയാണെന്നും ഇനിയെങ്കിലും മറുപടി പറയണമെന്നുമായിരുന്നു അവരുടെ ആവശ്യം.

Invitation Letter ട്രായ്ക്കു ലഭിച്ച വിവാഹക്ഷണക്കത്ത്.

തങ്ങളുടെചില പ്രോഗ്രാമുകൾക്ക് വന്നാൽ ട്രായ് അധികൃതർക്ക് യാത്രാപ്പടിയും മറ്റു ഗ്രാൻഡുകളും നൽകാമെന്നു പറയുന്നവരുമുണ്ട്. ചിലർ വളരെ അവ്യക്തമായാണ് പല ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരിക്കുന്നത്. ചിലരാകട്ടെ ചില ചോദ്യങ്ങൾക്കു മാത്രവും. എന്നാൽ കൃത്യമായി എല്ലാ വാദമുഖങ്ങളോടെയും നെറ്റ് നിയന്ത്രണത്തിനെതിരെ പോരാടുന്ന സൈബർ പടയാളികളുടെ ഇ—മെയിലുകളാണ് ഭൂരിഭാഗവും. പത്തിലേറെ പേജുകളിലാണ് ഇവരുടെ ഇ-മെയിൽ. ഒടിടി സേവനങ്ങളും ടെലികോം കമ്പനികളും വഴക്കുണ്ടാക്കി, ഒന്ന് മറ്റൊന്നിനെ അടിച്ചമർത്തുകയല്ല, മറിച്ച് ഇതുമറികടക്കാൻ ആവശ്യമായ വിധത്തിൽ പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാകണമെന്നാണ് ഭൂരിപക്ഷ നിർദേശങ്ങളിലൊന്ന്.

trai-naimish പഴ്സനൽ വിവരങ്ങളും ട്രായ് പരസ്യപ്പെടുത്തിയിരിക്കുന്നു

ടെലികോം ഓപറേറ്റർമാരുടെയും മറ്റ് വമ്പൻ കമ്പനികളുടെയും നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച അഭിപ്രായങ്ങൾ വായിച്ച് തരംതിരിച്ച്, പ്രത്യേക തലക്കെട്ടിട്ടുണ്ട് നൽകിയിട്ടുണ്ട് ട്രായ്. എന്നാൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ഒന്നു വായിക്കുക പോലും നോക്കാതെ അതേപടി പരസ്യപ്പെടുത്തിയതാണ് വിമർശനത്തിനിടയാക്കുന്നത്. ഇങ്ങനെ പോയാൽ പൊതുജനങ്ങളുടെ അഭിപ്രായം ട്രായ് പരിശോധിക്കുമോ എന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു പ്രതികരണങ്ങളിലൊന്ന്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.