Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണ്ണം ഔട്ട്, സിൽവറാണിപ്പോൾ ട്രെൻഡ്

Silver വെള്ളി ആഭരണങ്ങൾ

ട്രെൻഡിയായി ഒരുങ്ങാൻ സിൽവർ ആഭരണങ്ങളുടെ കൂട്ടുതേടുകയാണ് പെൺകുട്ടികൾ. പരമ്പരാഗത വേഷങ്ങളിൽ പോലും അൽപം വ്യത്യസ്തമായി ഒരുങ്ങാനാണ് ഗാൽസിനു പ്രിയം. ഓണത്തിനു കസവുസാരിയുടുത്ത മലയാളി മങ്കമാർ അണിഞ്ഞൊരുങ്ങിയത് സ്വർണവർണത്തിലല്ല, വെള്ളിത്തിളക്കത്തിലാണ്. ചിലർ കസവുസാരിക്കു പകരം വെള്ളിക്കസവുള്ള സാരിയും ഒപ്പം വെള്ളി ആഭരണങ്ങളും ചേർത്ത് ഹാപ്പിയായി. ആഭരണങ്ങളിൽ വ്യത്യസ്തത തേടുന്നവർക്ക് ജെർമൻ സിൽവർ, കോപ്പർ മൈക്രോ പ്ലേറ്റഡ് ആഭരണങ്ങൾ ധൈര്യമായി തിരഞ്ഞെടുക്കാമെന്നു പറയുന്നു പനമ്പിള്ളി നഗർ ‘സുകൃതി’യിലെ ജ്യോതി ജവഹർ. വെള്ളി ആഭരണങ്ങളുടെ എല്ലാ വ്യത്യസ്തതയും ജർമൻ സിൽവർ ഒരുക്കുമ്പോൾ, കെംപ്, കുന്ദൻ, പോൽകി ഡിസൈനുകളാണ് കോപ്പർ മൈക്രോപ്ലേറ്റഡ് ആഭരണങ്ങളിലെ വ്യത്യസ്ത ഡിസൈനുകൾ.

താരം ജർമൻ സിൽവർ

ജർമൻ സിൽവർ ആഭരണങ്ങളാണ് ഇപ്പോൾ പെൺകുട്ടികൾക്കു ഏറെ പ്രിയം. ഏതു വേഷത്തിനൊപ്പവും എത്‌നിക് ലുക്ക് ഉറപ്പാക്കാം. കോപ്പർ, സിങ്ക്, നിക്കൽ എന്നിവ ചേരുന്ന അലോയ് ആണ് ജർമൻ സിൽവർ. വെള്ളി ആഭരണങ്ങളിലെ ഏതു ഡിസൈനും ജർമൻ സിൽവറിൽ തയാറാക്കാം. വെള്ളി ആഭരണങ്ങളുടെ ഫീലും ലുക്കും ഉറപ്പ്. അതേസമയം വിലക്കുറവും. എന്നാൽ വെള്ളി ആഭരണങ്ങൾ പോലെ ദീർഘകാലം ഉപയോഗിക്കുകയും ചെയ്യാം.

ജുംക്ക

താമരയുടെ സ്റ്റഡുള്ള വലിയ ജുംക്കകളാണ് ഗാൽസിന്റെ ആഭരണശേഖരത്തിലെ പ്രധാന ഐറ്റം. ഇതോടൊപ്പം സൂര്യകാന്തി ഡിസൈനും ഗണപതിയുടെയും ലക്ഷ്മിയുടെയും രൂപമുള്ള ഡിവോഷനൽ ഡിസൈനുകളും പ്രിയം തന്നെ. നെക്‌ പീസുകളിൽ സിൽവറും ത്രെഡും ചേരുമ്പോഴേ അഴകു പൂർണമാകൂ. വലിയ പെൻഡന്റുകള്‍ക്കും ഏറെ ആവശ്യക്കാരുണ്ട്.

മൂക്കുത്തി

തീരെച്ചെറിയ പൊട്ടുപോലുള്ള നോസ് പിന്നിന്റെ കാലമൊക്കെ കഴിഞ്ഞു. മുഖത്തു നോക്കിയാൽ ആദ്യം കാണേണ്ടത് മൂക്കുത്തിയാകണം എന്ന നിർബന്ധമുണ്ട് ഇന്നു പെൺകുട്ടികൾക്ക്. അതുകൊണ്ടു തന്നെ ജെർമൻ സിൽവറിലുള്ള നോസ് പിന്നിന് ആരാധകരേറെ. മയിലിന്റെയും ത്രിശൂലത്തിന്റെയും ഡിസൈനുകളുള്ള സ്റ്റേറ്റ്‌മെന്റ് മൂക്കുത്തികൾക്കാണു പ്രിയം. മൂക്കു കുത്തിയിട്ടില്ലാത്തവർക്കും ധരിക്കാൻ വേണ്ടി ക്ലിപ്– ‌ഓൺ നോസ് പിന്നും റെഡി.

ഡ്യുവൽ– ടോൺ

ആഭരണങ്ങളിൽ വെള്ളനിറം മാത്രമല്ല അൽപം സ്വർണവർണം കൂടി ചേർന്നാലോ. ഇത്തരം ആഭരണങ്ങൾക്കും ആരാധകരേറെ. ജുംക്കയാണെങ്കിൽ സ്റ്റഡ് സ്വർണനിറത്തിലും ഹാങ്ങിങ് വെള്ളി നിറത്തിലുമാകും. ഇതു നേരെ തിരിച്ചുമാകാം. ഈ ഡ്യൂവല്‍ ടോൺ ആഭരണങ്ങളും ട്രെൻഡിയാണിന്ന്.
 

Your Rating: