Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൊവ്വയിൽ നിന്നൊരു സിംഹം

Sunil വി. സുനിൽ

മനുഷ്യൻ ഭൂമിയിൽ നിന്നു ചൊവ്വയിലേക്കു കുതിക്കാൻ കൊതിച്ച കാലത്ത്, കണ്ണൂർ ചൊവ്വയിലൊരു പയ്യൻ ജീവിക്കാനൊരു വഴി തേടുകയായിരുന്നു! പത്താം ക്ലാസ് വരെ ഒരു വിധത്തിലെത്തിയപ്പോൾ കണ്ണൂർ സ്വദേശിയായ വി. സുനിലിന് ഒരു കാര്യം മനസ്സിലായി, പഠനം നമുക്കു പറ്റുന്ന പരിപാടിയല്ല! കണ്ണൂരിലിനി ഒരുപാട് കാലം നിൽക്കാനും വയ്യ. വേറൊന്നുമാലോചിച്ചില്ല. പഠനം നിർത്തി നാടു വിട്ടു. എത്തിപ്പെട്ടത് ബെംഗളൂരുവിൽ. ഒരു വർക്ക്ഷോപ്പിൽ മെക്കാനിക്കായി. ശേഷമുള്ളത് വിസ്മയിപ്പിക്കുന്ന ചരിത്രം. സുനിൽ ഇന്ന് ഇന്ത്യൻ പരസ്യരംഗത്തു പകരം വയ്ക്കാനില്ലാത്ത പേരാണ്.

മെക്കാനിക്ക് പണി ചെയ്യുന്നതിനിടയ്ക്ക് ഒഴിവു കിട്ടുന്ന സമയങ്ങളിൽ കീറിയ പേപ്പർത്താളുകളിൽ ചിത്രം വരച്ചു തുടങ്ങിയ സുനിലിന്റെ വിരലുകളാണ് ഇന്ത്യയുടെ അഭിമാന പദ്ധതിയായ മെയ്ക് ഇൻ ഇന്ത്യയുടെ ആ പേരും ലോഗോയായി ഒരു കിടിലൻ സിംഹത്തെയും നൽകിയതെന്ന് അധികമാർക്കുമറിയാത്ത കഥയാണ്. ലോഗോയും പേരും മാത്രമല്ല, മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥവൃന്ദത്തിലെ ബ്രാൻഡിങ് ഉസ്താദ് സാക്ഷാൽ അമിതാഭ് കാന്തിനൊപ്പം പങ്കാളിയായതും സുനിൽ തന്നെ. ഇന്ത്യൻ ടൂറിസത്തിന് എക്കാലത്തെയും മികച്ച മുഖം നൽകിയ 'ഇൻക്രെഡിബിൾ ഇന്ത്യ' ക്യാംപെയ്നിന്റെ ആശയത്തിനു പിന്നിലും ഈ കണ്ണൂരുകാരനുണ്ട്. തീർന്നില്ല, റോയൽ എൻഫീൽഡ് എന്ന ബ്രാൻഡിനു നാമിന്നു കാണുന്ന പ്രൗഢഗംഭീരമായ തലയെടുപ്പു നൽകിയതും ഇൻഡിഗോ എയർലൈൻസിനെ തകർപ്പൻ ബ്രാൻഡ് ആക്കിയതുമെല്ലാം, ബസ് കണ്ടക്ടറുടെ മകനായി ജനിച്ചു പത്താം ക്ലാസ് വരെ പഠിച്ച സുനിലാണ്. ‌ഔപചാരിക വിദ്യാഭ്യാസത്തിന്റെ അളവുകോലിനെ പരാജയപ്പെടുത്തിയ സുനിലിന്റെ വിജയഗാഥ ആർക്കും പകർത്താവുന്ന നല്ലപാഠവും. ‌‌

സ്കൂളിൽ വരച്ച സിംഹം

ചൊവ്വ ഹൈസ്ക്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ സുനിൽ തന്റെ സ്വപ്നങ്ങളിൽ ചില മാന്ത്രിക സിംഹങ്ങളെ വരച്ചു തുടങ്ങിയതാണ്. പക്ഷേ, ജീവിതം സ്വപ്നങ്ങളെ ഇടയ്ക്കിടെ കൊളുത്തി വലിച്ചപ്പോൾ എന്നന്നേയ്ക്കുമായി അവ തച്ചുടഞ്ഞു പോകുമെന്നു ഭയന്നതാണ്. ബെംഗളൂരുവിൽ ഒരു കമ്പനിയിൽ അപ്രന്റിസായി ജോലിക്കു ശ്രമിച്ചെങ്കിലും നടന്നില്ല. പകരം എത്തിപ്പെട്ടത് ഒരു ലെയ്ത്ത് ഫാക്ടറിയിൽ. വരയ്ക്കാനറിയാമെങ്കിലും വരകൊണ്ട് ചോറുണ്ണാനാവുമെന്നു സുനിലിനു പ്രതീക്ഷയുണ്ടായിരുന്നില്ല. എങ്കിലും ലെയ്ത്ത് യന്ത്രത്തിന്റെ തൊട്ടടുത്തിരുന്ന് അയാൾ സിംഹങ്ങളെ വരച്ചുകൊണ്ടേയിരുന്നു.

കന്നഡ ഭക്തിഗാന കാസറ്റുകളുടെ കവർ ഡിസൈൻ ചെയ്യുന്ന ഒരു സമീപവാസിയാണ് സുനിലിന്റെ കഴിവുകളെ ആദ്യം തിരിച്ചറിയുന്നത്. സുനിലിനാകട്ടെ കന്നഡ വശമായി വരുന്നതേയുള്ളു. പത്രങ്ങളിൽ വന്ന ചില പരസ്യങ്ങൾ ചൂണ്ടിക്കാട്ടി സുനിലാണെങ്കിൽ ഇതെങ്ങനെ ഡിസൈൻ ചെയ്യുമായിരുന്നു എന്നായി അയാൾ. താമസിച്ചില്ല, പത്രങ്ങളിൽ വന്ന സോപ്പ്, ചീപ്പ്, കണ്ണാടി പരസ്യങ്ങൾ എല്ലാം തന്നെ സുനിൽ തന്റെ കരവിരുതിൽ മാറ്റിവരച്ചു. അവ കണ്ട് സമീപവാസി കിടുങ്ങി. അയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ പതിനെട്ടുവയസുകാരനായ സുനിലിനൊരു ചെറിയ ജോലി തരപ്പെടുത്തി. ഭക്തിഗാന കാസറ്റുകളുടെ കവർ ഡിസൈനിങ്. ശമ്പളം, 350 രൂപ! അടുത്തപടിയെന്ന നിലയിൽ 1,600 രൂപ ശമ്പളമുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് ആർട്ട് ഡയറക്ടറായി പ്രമോഷൻ. അയൽവാസിയായ ആ മനുഷ്യൻ തന്റെ ജീവിതത്തിൽ വന്നില്ലായിരുന്നുവെങ്കിൽ താനൊരു ഡ്രൈവറോ മെക്കാനിക്കോ ആയി തുടരുമായിരുന്നു എന്ന് സുനിൽ.

ഗർജിച്ചു തുടങ്ങുന്നു

കമ്പനികൾ മാറിമാറി സുനിൽ ഒഴുകി നടന്നു. പരസ്യരംഗത്തെ താരപ്പൊലിമ സുനിലിനെ പൊതിഞ്ഞു. കൊത്തിക്കൊണ്ടു പോകാൻ വമ്പൻമാർ വരെ റെഡി. അങ്ങനെ ഇന്ത്യൻ പരസ്യ രംഗത്തെ കുലപതി പിയൂഷ് പാണ്ടേയുടെ ഒഗിൽവി ആൻഡ് മേതർ ഗ്രൂപ്പിലെത്തി. കുറഞ്ഞ സമയം കൊണ്ടു തന്നെ കമ്പനിയിലെ പ്രധാനികളിലൊരാളായി സുനിൽ മാറി. ഡൽഹി ഓഫിസിന്റെ ചുമതല പിയൂഷ് ഏൽപ്പിച്ചു.

സുപ്രധാനമായ പല പരിപാടികളും ഇരുവരുമൊരുമിച്ചു ചെയ്തെങ്കിലും അത്രയും വലിയൊരു ഏജൻസിയിൽ ഒരു ജീവനക്കാരനാകുന്നതിലും സുനിൽ ഇഷ്ടപ്പെട്ടത് സ്വന്തമായൊരു സ്ഥാപനമാണ്. സുനിൽ പോകുന്നു എന്നറിഞ്ഞതോടെ എന്തുവിലകൊടുത്തും അദ്ദേഹത്തെ തിരികെപിടിക്കാൻ കമ്പനി ശ്രമിച്ചു. ഒഗിൽവിയുടെ ഭാഗമായി ഒരു കമ്പനി തുടങ്ങാമെന്നു വാഗ്ദാനം നൽകിയെങ്കിലും വഴങ്ങാതെ 'എ' എന്ന പേരിൽ പുതിയൊരു കമ്പനി ആരംഭിച്ചു. ചെറിയ കമ്പനിയാണെങ്കിലും തുടക്കത്തിൽ തന്നെ ഉപഭോക്താക്കളായി ലഭിച്ചത് രണ്ട് വൻ സ്രാവുകളെയാണ്. ഒന്ന് സാക്ഷാൽ നോക്കിയ, രണ്ട് സർക്കാരിന്റെ ഇൻക്രെഡിബിൾ ഇന്ത്യ ക്യാംപെയ്ൻ. 2002 മുതലാണ് അമിതാഭ് കാന്തും സുനിലുമായുള്ള ബന്ധം ആരംഭിക്കുന്നത്. കേരളത്തിന്റെ 'ഗോഡ്സ് ഓൺ കൺട്രി' ക്യാംപെയ്ൻ വിജയിപ്പിച്ചതിന്റെ ആത്മവിശ്വാസം കൂടിയായപ്പോൾ ഇൻക്രെഡിബിൾ ഇന്ത്യ രാജ്യം ഇന്നുവരെ കണ്ട മികച്ച ക്യാംപെയ്നുകളിൽ ഇടംപിടിച്ചു. ആദ്യവർഷം തന്നെ 16 ശതമാനം വർധനയാണ് ഇതിലൂടെ ടൂറിസം രംഗത്തുണ്ടായത്. ഇതു പച്ചപിടിച്ചതോടെ അമിതാഭിന്റെ പ്രധാന ക്യാംപെയ്നുകളിലെല്ലാം സുനിലും അഭിവാജ്യ ഘടകമായി. ഇവർ തമ്മിലുള്ള ഇന്നിങ്ങ്സ് നോട്ടൗട്ട് ആയി തുടർന്ന് ഒടുവിൽ മെയ്ക് ഇൻ ഇന്ത്യയിൽ എത്തിനിൽക്കുന്നു.

നൈക്കിയുടെ 'ജസ്റ്റ് ഡു ഇറ്റ്', കൊക്കോ കോള, ഇഎസ്പിഎൻ, ഫെയ്സ്ബുക്ക് ഹോം തുടങ്ങിയവ ബ്രാൻഡ് ചെയ്ത ലോകത്തിലെ ഏറ്റവും വലിയ പരസ്യ ഏജൻസികളിലൊന്നായ വെയ്ഡൻ ആൻഡ് കെന്നഡി ഇന്ത്യയിൽ അവരുടെ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങിയപ്പോൾ സമീപിച്ചത് സുനിലിനെയാണ്. അങ്ങനെ വെയ്ഡൻ ആൻഡ് കെന്നഡിയും സുനിലിന്റെ സ്ഥാപനവും ഒരുമിച്ചു. ആ കൂട്ടൂകെട്ടിലാണ് റോയൽ എൻഫീൽഡ്, ഇൻഡിഗോ എയർലൈൻസ്, മെയ്ക് ഇൻ ഇന്ത്യ പദ്ധതികളുമായി സുനിൽ ചരിത്രം സൃഷ്ടിച്ചത്. ഈ സമയത്ത് തന്നെ കൊച്ചി ബിനാലെയുടെ ട്രസ്റ്റിയുമായി സുനിൽ മാറി.

അതുക്കും മേലെ ചൊവ്വ

Make in India

രാജ്യത്തിനു അഭിമാനപൂർവമായി പ്രദർശിപ്പിക്കാൻ കഴിയുന്ന ഒരു ലോഗോ ആയിരിക്കണമെന്നും യുവാക്കളെ പോലും ആകർഷിക്കാൻ കഴിയണമെന്നും വാശിയുണ്ടായിരുന്നു. ആദ്യം പരിഗണിച്ചത് ആനയെയും കടുവയെയുമായിരുന്നു. ഒടുവിലത് സിംഹമായി. മെയ്ക് ഇൻ ഇന്ത്യ എന്ന പേര് മനസിൽ തടഞ്ഞു.വ്യകരണപ്പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി പലരും കളിയാക്കി. അമിതാഭ് കാന്തിനെ ഫോണിൽ വിളിച്ചു പേരു പറഞ്ഞു, ഇഷ്ടമായി. സർക്കാർ ആ പേര് തന്നെ സ്വീകരിക്കുകയും ചെയ്തു. ലോഗോയും പേരും കണ്ടതോടെ താൻ തന്നെ ഇത് ലോഞ്ച് ചെയ്യാമെന്നായി മോദി. ആപ്പിൾ കമ്പനി നടത്തുന്ന ലോഞ്ചിനു സമാനമാകണമെന്ന ആഗ്രഹത്തിൽ 24 അടി ഉയരമുള്ള എൽഇഡി സ്ക്രീൻ വരെ ഉപയോഗിച്ചാണ് പരിപാടി നടത്തി രാജ്യത്തെ ഞെട്ടിച്ചത്. മെയ്ക് ഇൻ ഇന്ത്യ വൻ വിജയമായ ശേഷം വെയ്ഡൻ ആൻഡ് കെന്നഡി വിട്ട് വീണ്ടും അടുത്ത മേച്ചിൽപ്പുറം തേടിയുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. പഠനം പൂർത്തിയാക്കാൻ കഴിയാത്തതിൽ ആദ്യം അൽപം വിഷമമുണ്ടായിരുന്നു. പിന്നീട് അതങ്ങു മാറി. തന്റെ സഹപ്രവർത്തകർ പലരും ഓക്സ്ഫഡ് സർവകലാശാലയിൽ പഠിച്ചവരാണ് എന്ന് കൂളായി കക്ഷി പറയും. കണ്ണൂർ ചൊവ്വ സ്വദേശികളായ സുശീലയുടെയും രാഘവന്റെയും മകനാണ് സുനിൽ. ഒരു ബസ് കണ്ടക്ടറുടെ മകൻ എവിടെ വരെയെത്താം എന്ന ചോദ്യത്തിനു നിങ്ങളെന്തു മറുപടി പറഞ്ഞാലും, 'അതുക്കും മേലെ' എന്നാവും സുനിലിന്റെ ഉത്തരമെന്നുറപ്പ്.

റോയൽ എൻഫീൽഡ്

Royal Enfield

ഇന്നു കാണുന്ന താരപരിവേഷം റോയൽ എൻഫീൽഡ് ബൈക്കുകൾക്കു പണ്ടുണ്ടായിരുന്നില്ല. വിൽപ്പന കാര്യമായി കുറഞ്ഞതോടെ 2000 ൽ എയ്ഷർ തങ്ങളുടെ മോട്ടോർ സൈക്കിൾ വിഭാഗമായി റോയൽ എൻഫീൽഡ് പൂട്ടാൻ അതുമല്ലെങ്കിൽ വിൽപ്പനയ്ക്കു വെയ്ക്കാൻ ആലോചിച്ചതാണ്. 6,000 വാഹനങ്ങൾ പുറത്തിറക്കാൻ ശേഷിയുണ്ടായിരുന്ന കമ്പനി വെറും 2,000 ബൈക്കുകളാണ് വിറ്റിരുന്നത്. കർഷകരും മറ്റും ദുർഘടമായ പാതകളിലൂടെ ഓടിക്കുന്ന ഒരു റഫ് ആൻഡ് ടഫ് വാഹനമായിരുന്ന എൻഫീൽഡിനെ ഒരു 'കൾട്ട്' ബ്രാൻഡ് ആയി അഴിച്ചു പണിതത് സുനിലാണ്. അങ്ങനെ പാൽ വിൽപ്പനക്കാരുടെ ബൈക്കിനെ ഹാർലി ഡേവിഡ്സണിനൊപ്പമെത്തിച്ചു.

ഇൻഡിഗോ എയർലൈൻസ്

Indigo

പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ വിമാന സർവീസും സുനിലിനോട് ഏറെ കടപ്പെട്ടിരിക്കും. ഉത്തരേന്ത്യൻ കമ്പനിയായതിനാൽ കേരളത്തിലുൾപ്പടെ സർവീസ് ആരംഭിച്ചപ്പോൾ പലർക്കും ഫ്ലൈറ്റിനോട് വിമുഖതയുണ്ടായിരുന്നു. പരസ്യവാചകങ്ങളിലെല്ലാം മലയാളം ഉപയോഗിച്ചതോടെ യാത്രക്കാർക്കും ഹരമായി. ഇത് കണ്ട് എം.എ. ബേബി ഒരു ദിവസം അഭിനന്ദിക്കുക വരെ ചെയ്തതെന്ന് സുനിൽ ഓർമിക്കുന്നു. ഫ്ലൈറ്റ് കൃത്യ സമയം പാലിക്കുന്നു എന്ന് ആളുകളെ ബോധ്യപ്പെടുത്താൻ 'ഓൺ ടൈം ക്യാംപെയ്ൻ' നടത്തി. വിമാനങ്ങളിൽ ഭക്ഷണം നൽകുന്ന പാത്രങ്ങൾ പോലും ബ്രാൻഡിങിന് വിധേയമാക്കി.

ഇന്ത്യ

ഇന്ത്യൻ ടൂറിസത്തിനു പുത്തൻ പരിവേഷം നൽകിയ ക്യാപെയ്ൻ. 2002 ൽ അന്നത്തെ ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി അമിതാഭ്കാന്ത് നേതൃത്വം നൽകി. മുൻപ് സർക്കാർ തലത്തിൽ ബ്രോഷറുകളും മറ്റുമിറക്കിയിരുന്നെങ്കിലും പ്രൊഫഷണലിസം തുളുമ്പിയ ക്യാംപെയ്ൻ അദ്യം. ലോക ടൂറിസം ഭൂപടത്തിൽ ഇന്ത്യക്ക് വ്യകതമായ സ്ഥാനം നൽകി. ക്യാംപെയ്ൻ തുടങ്ങി ആദ്യ വർഷം 16% വളർച്ച രേഖപ്പെടുത്തി.

Your Rating: