Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷർട്ട് കണ്ടാലറിയാം, ആളൊരു അഹങ്കാരിയാണ്!!

style-hero

അയാളിട്ടിരിക്കുന്നതു പൂക്കളുള്ള ഷർട്ട് അല്ലേ? അതുകണ്ടാലേ അറിയാം , ആളൊരു അഹങ്കാരിയാണ്!! നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിലെ പോലീസുകാരന്റെ ഈ ഡയലോഗിൽ എത്രമാത്രം സത്യമുണ്ട്. മുഖലക്ഷണം മാത്രമല്ല, വേഷം നോക്കിയും ആളെ പിടിക്കാൻ പോലീസിനാവുമോ? മറുപടിയുമായി കേരള പോലീസ് തന്നെ അവരിപ്പിക്കുന്നു , വില്ലന്മാരുടെ കോസ്റ്റ്യൂം ജാതകം!!

സ്പൈക്കൻ

∙മുടി സ്പൈക്കിന്റെ അങ്ങേയറ്റം. മേലോട്ട് അങ്ങ് പോകും, താടി വാലും ചേലും ഇല്ലാതെ. രണ്ടുകമ്മൽ...ചെവിയിൽ വേറെയും തുളകൾ ഉണ്ടാക്കി അതിൽ മുടിചീകുന്ന ചീപ്പിന്റെ ഓരോ പല്ലിടും. പല കളറുകളിലുള്ള ചീപ്പ് വാങ്ങി രണ്ടു ചെവിയിലും മാറിമാറിയിട്ട്...മെലിഞ്ഞശരീരം.

ജാതകം

കഞ്ചാവ് ബന്ധം ഉറപ്പാണ്. വിൽപന വൻതോതിൽ ഇല്ലെങ്കിലും വാങ്ങാൻ എന്തും ചെയ്യുന്നവർ. കൂട്ടുകാർക്കുകൂടി ലഹരി നൽകാൻ ശ്രമിക്കും. കൂടെ കൂടിയാൽ കഞ്ചാവ് ലോബിയെ പൊക്കാനുള്ള വേരുകൾ കിട്ടുമെന്നുറപ്പ്.

ഒരു ചെവിയിൽ കമ്മൽ

∙തലയുടെ രണ്ടുവശങ്ങളും ഷേവ് ചെയ്യുകയോ പറ്റെ വെട്ടുകയോ ചെയ്യും. ചെവിക്ക് തൊട്ടുമുകളിൽ തലയുടെ ഷേവ് ചെയ്ത ഭാഗത്തു മുടികൊണ്ട് ത്രികോണം, നക്ഷത്രം എന്നിവ വെട്ടി വയ്ക്കും. ഒരു ചെവിയിൽ കമ്മൽ. പാന്റ്സ് തറയിൽ ഉരഞ്ഞുരുഞ്ഞ്. മെലിഞ്ഞ ശരീരം. താഴെ ചുണ്ടിൽ ചെറിയൊരു മുത്ത് പിടിപ്പിച്ചിട്ടുണ്ടാവും.

ജാതകം

18 മുതൽ 22 വയസ് വരെയുള്ള ഇൗ കക്ഷികൾക്ക് ലഹരിബന്ധം മാത്രമല്ല, അത്യാവശ്യം ഗുണ്ടാബന്ധവും പിടിച്ചുപറിയും ഉറപ്പ്. കഞ്ചാവ്, ആംപ്യൂൾ തുടങ്ങി ലഹരി വിൽപനയ്ക്ക് എത്തിച്ചുകൊടുക്കാനും ഇവർ മുൻപന്തിയിൽ.

ജമൈക്ക

∙വളരെ മെലിഞ്ഞ ശരീരം, മുടിയും താടിയും. പ്രായം 16 മുതൽ 25 വയസ്സുവരെ കാണും. കയ്യിൽ പച്ച, മഞ്ഞ, കറുപ്പ് നിറത്തിലുള്ള പ്രത്യേക വളയാണ് ധരിക്കുക. കണ്ണിനു താഴെ നല്ല കറുപ്പ്. ചുണ്ടും മോണഭാഗവും പച്ചക്കറുപ്പ് നിറം. ഒരു കാലിൽ കറുത്ത ചരട്. ജമൈക്കയുടെ ദേശിയപതാകയുടെ ചിഹ്നമായ ഇൗ ജമൈക്കൻ ആരാധകർ കയ്യിലിടുക.

ജാതകം

ജമൈക്കയോട് ഇഷ്ടംകൂടാൻ കാരണം, കഞ്ചാവ് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നതും വിൽക്കുന്നതും ഇൗ രാജ്യത്തിൽ നിന്നായതിനാലാണത്രേ. കോട്ടയത്തും കൊച്ചിയിലും ജമൈക്കൻ തരംഗമാണ്. ഇങ്ങനെ വളയിട്ടാൽ പൊലീസിനറിയാം. കഞ്ചാവിന്റെ മണം.

ലോ വേസ്റ്റ്, നീളൻ മുടി

∙ലോ വേസ്റ്റ് പാന്റ്സ്. പിന്നെ നീളത്തിന് മുടി. പലനിറമുള്ള ചപ്പൽ അല്ലെങ്കിൽ ഷൂ. കമ്മൽ പിന്നെ സ്പൈക്ക്. പിന്നെ മെല്ലെ ജീവിതം ലഹരിയുടെ വഴിയെ...ഇതാണ് ഇത്തരക്കാരുടെ വളർച്ചയുടെ ഘട്ടമെന്ന് പൊലീസ്.

ജാതകം

ഒരു കുട്ടിക്കുറ്റവാളിയുടെ തുടക്കമാണിത്. ഇത്തരം കക്ഷികളെയാണ് ലഹരിവിൽപനക്കാർ ആദ്യം അങ്ങോട്ടു കയറി പരിചയപ്പെടുന്നതും പിന്നീടു കൂടെ കുട്ടുന്നതും. ലോ വേസ്റ്റ് ജീൻസ് ഇട്ടും തുടങ്ങും.

ഇനി മറ്റു ചിലരെ കൂടി പരിചയപ്പെടാം

മാലപൊട്ടീരുകാർ

∙നൂറു മീറ്റർ എങ്കിലും സ്ട്രെയിറ്റ് റോഡ് പിന്നെ വളവ്. വീടുണ്ടാകണം പക്ഷേ, റോഡിൽ അധികം ആളുണ്ടാകരുത്. ഇത്തരം റോഡരികിൽ അവരുണ്ടാകും. പൾസർ, പെട്ടെന്ന് കുതിച്ചുപായുന്ന ബൈക്കുകൾ. രണ്ടുപേരുണ്ടെങ്കിൽ ഒരാൾ ഹെൽമെറ്റ് വച്ചിരിക്കും. മറ്റെയാൾ കർചീഫ് കൊണ്ട് മുഖം മറച്ചിരിക്കും. പിന്നിലിരിക്കുന്നയാളാണു വഴി ചോദിക്കുന്നതെങ്കിൽ സൂക്ഷിക്കുക. മാല പൊട്ടിക്കലുകാരാണിവർ.

സ്ട്രെസ് മേക്കേഴ്സ് ടീം

∙ഇതിപ്പോ ന്യൂജനറേഷൻ ക്വട്ടേഷൻകാരുടെ പേരായി തുടങ്ങിയിരിക്കുന്നു. സെറ്റിൽമെന്റ് ക്വട്ടേഷൻ എന്നാണ് ഇവരുടെ ജോലിക്കുള്ള പേര്. മുഖത്തുമാത്രം വശപ്പിശക് ലുക്ക്. പക്ഷേ, ബ്രാൻഡഡ് ഷൂ മുതൽ സൺഗ്ലാസ് വരെയുണ്ടാകും. കാശു കൊടുക്കാനുള്ളവനെ അടിക്കുകയും കൊല്ലുകയുമൊന്നുമില്ല. അങ്ങനെയൊക്കെ ചെയ്യുമെന്നുള്ള മാന്യമായ ഭീഷണിയുമായി വീടിന്റെ പരിയമ്പറത്തുനിന്നു മാറില്ല. വീട്ടുകാരുടെ പിറകെയും കൂടും. കാശുകൊടുക്കാനുള്ളയാൾക്കു മെന്റൽ സ്െട്രസ് കൊടുക്കുക ലക്ഷ്യം. കിട്ടാനുള്ള തുകയുടെ 25 മുതൽ 50 വരെ ശതമാനം വരെയാണ് ഫീസ്. തലയോലപ്പറമ്പ്, ചങ്ങനാശേരി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാല എന്നിവിടങ്ങളിലായി അഞ്ചു ഗ്രൂപ്പുകൾ രംഗത്ത്.

പൂവാലൻമാർ

∙പതിവുശൈലിയൊക്കെ വിട്ട് ഇപ്പോൾ കുറച്ചു പുരോഗമിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലുമൊക്കെ സ്ത്രീകളുടെ വിശ്രമകേന്ദ്രമാണ് ഇവരുടെ ആവാസമേഖല. സംശയം തോന്നാത്ത രീതിയിൽ ‘ആ പിന്നെ പറ... എന്തൊക്കെ വിശേഷം’ എന്ന മട്ടിൽ മൊബൈൽ പിടിച്ചു സംസാരം. വെറുതെ ഒരു ബാഗുമായി വരുന്ന ടീം ഉണ്ട്. ബാഗുകൊണ്ട് നേരെ സ്ത്രീകളിരിക്കുന്ന സ്ഥലത്തു കൊണ്ടുവയ്ക്കും. ഇവിടെ ഇരിക്കട്ടെ എന്ന മട്ടിൽ.

തികച്ചും മാന്യന്മാർ!

∙മാന്യൻമാർ... തികഞ്ഞ മാന്യൻമാർ... ഒരിക്കൽ മിണ്ടിയാൽ പിന്നെയും മിണ്ടാൻ തോന്നിപ്പോകുന്നവർ. ക്വട്ടേഷൻകാരാണെന്ന് തോന്നുകയേയില്ല. പക്ഷേ, കല്യാണത്തിനു പാചക ക്വട്ടേഷൻ എടുക്കുന്നതുപോലെയാണ് ഇവർ ആളെ ശരിയാക്കാൻ ക്വട്ടേഷൻ എടുക്കുന്നത്. ജില്ലയ്ക്കു പുറത്തു പോയി മാത്രം ഇത്തരം കാലൊടിക്കൽ, കൈവെട്ടൽ നടത്തുന്ന രണ്ടു ടീമുകൾ കോട്ടയത്തുണ്ട്. ഇവിടെ അവർ വളരെ മാന്യൻമാർ, നാട്ടിൽ ആർക്കും സഹായികൾ..

പോക്കറ്റടിക്കാർ

∙ബസിലെ പോക്കറ്റടിക്കാർ, ഉൽസവ പറമ്പപോലെ ആൾക്കൂട്ടം ഉള്ള സ്ഥലത്തെ പോക്കറ്റടിക്കാർ, ബവ്റിജസ് ഔട്ട്ലറ്റ് പോലെ ക്യൂ ഉള്ള സ്ഥലത്തെ കക്ഷികൾ, ബസ് സ്റ്റാൻഡുകളിലും മറ്റും ഉറങ്ങുന്നവരിൽനിന്ന് പോക്കറ്റടിക്കുന്നവർ, ഇങ്ങനെ നാലുതരമായി തിരിച്ചിരിക്കുന്നു. പ്രത്യേക കോഡ് ഭാഷ പറഞ്ഞാണു ഓപ്പറേഷൻ.

Your Rating: