Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരുഷന്മാർ ഒറ്റ വിരലിൽ മാത്രം നെയിൽ പോളിഷ് ഇടുന്നതെന്തിന് ?

Nail Polish

ഒക്ടോബർ മാസം ലോകമാകെ നിറമുള്ളൊരു നിശബ്ദ വിപ്ലവം നടക്കുകയാണ്. അഞ്ചു വിരലിൽ ഒരു നഖം മാത്രം നെയിൽ പോളിഷ് ചെയ്തൊരു വിപ്ലവമാണത്. ലോകമെങ്ങും അഞ്ചിൽ ഒരു പെൺകുട്ടി 18 വയസു തികയും മുൻപേ പീഡനത്തിനിരയാകുന്നു. ഇത്തരത്തിലുള്ള കുട്ടികൾക്കു പിന്തുണയുമായാണ് പുരുഷന്മാർ തങ്ങളുടെ അഞ്ചു വിരലിൽ ഒന്നിൽ നെയിൽപോളിഷ് ഇടുന്നത്.

#polishedman എന്ന ഹാഷ് ടാഗിലാണു സോഷ്യൽ മീഡിയയിൽ ക്യാംപയിൻ. ക്രിസ് ഹെംവർത്ത് നിറമടിച്ച ഒറ്റവിരൽച്ചിത്രം ഇൻസ്റ്റഗ്രാമി‍ൽ പോസ്റ്റ് ചെയ്തതോടെയാണ് സംഗതി വൈറലായത്. പിന്നാലെ പ്രശസ്തരുടെ നീണ്ട നിര തന്നെ പിന്തുണച്ചെത്തി. ഓസ്ട്രേലിയയിലെ YGAP എന്ന സംഘടന മൂന്നു വർഷങ്ങൾക്കു മുൻപാണ് ഈ പദ്ധതിക്കു തുടക്കമിട്ടത്.

ഒറ്റ വിരൽച്ചിത്രത്തിനു പിന്നിൽ ഒരു സങ്കടകഥയുണ്ട്. കംബോഡിയക്കാരി തിയ എന്ന കൊച്ചു പെൺകുട്ടി YGAPയുടെ സിഇഒ എലിയട്ട് കോസ്റ്റല്ലോയെ കണ്ടുമുട്ടുന്നിടത്താണു കഥയുടെ തുടക്കം. വെറുതെ കൊച്ചു കൊച്ചു വർത്തമാനം പറഞ്ഞ് അടുത്തിരിക്കുന്ന സമയത്താണ് തിയ അവളുടെ കഥ പറ‍യുന്നത്. പിതാവിന്റെ മരണത്തെ തുടർന്ന് അനാഥയായ തിയ ഒരു അനാഥമന്ദിരത്തിലാണു വളർന്നത്. സുരക്ഷ ഒരുക്കേണ്ട അധികൃതർ അവളെ അവിടെ നിരന്തരം പീഡിപ്പിക്കുകയാണുണ്ടായത്. രണ്ടു വർഷമായി താൻ പീഡനം അനുഭവിക്കുകയാണ് എന്ന സത്യം ആ അപരിചിതനോട് അവൾ പങ്കു വച്ചു. പോകാൻ നേരം അവൾ അയാളുടെ ഒരു നഖം മാത്രം പെയിന്റ് ചെയ്തു. ഇതു കാണുമ്പോൾ അവളെ അയാൾ ഓർക്കണം എന്നായിരുന്നു കണ്ടീഷൻ. ലോകമെങ്ങും അഞ്ചു പെൺകുട്ടികളിൽ ഒരാൾ പീഡനത്തിന് ഇരയാകുന്നു എന്ന കണക്കും അയാൾ അറിയാനിടയായത് ആയിടയ്ക്കാണ്.

ഓസ്ട്രേലിയയിൽ തിരിച്ചെത്തിയ എലിയട്ട് The Polished Man എന്ന ക്യാംപയിനു തുടക്കമിടുകയായിരുന്നു. ഇന്ന് ലോകമെങ്ങുമുള്ള പുരുഷന്മാർ പദ്ധതിക്കു പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഒരു നഖത്തിനു മാത്രം നിറം കൊടുത്ത് നിങ്ങൾക്കും ക്യാംപയിനിൽ പങ്കെടുക്കാം. ഒപ്പം ഒരു പ്രതി‍ജ്ഞയും. ഞാൻ അറിയുന്ന, എനിക്കു ചുറ്റുമുളള ഒരു കുട്ടിയും പീഡനത്തിന് ഇരയാകരുത്.
 

Your Rating: