Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴുത്ത് നീളാൻ റിങ് ഇട്ട് അഞ്ചു വർഷം!! ഒടുവിൽ...

smith കഴുത്തിനു നീളം കൂട്ടാൻ ലൊസാഞ്ചൽസിലെ സിഡ്നി വി. സ്മിത്താണ് കഴുത്തിൽ കോപ്പർ റിങ് ഇട്ട് നടന്നത്...

അരയന്നത്തിന്റെ കഴുത്തു പോലെ നീണ്ട കഴുത്തു വേണമെന്ന് ആഗ്രഹിക്കാത്ത ഏതു സുന്ദരിയുണ്ട്. പക്ഷേ കഴുത്തിനു നീളം കൂട്ടാൻ റിങ് ഇട്ട സുന്ദരിമാരൊന്നും കാണില്ല. ലൊസാഞ്ചൽസിലെ സിഡ്നി വി. സ്മിത്താണ് കഴുത്തിൽ കോപ്പർ റിങ് ഇട്ട് നടന്നത്. അതും ഒന്നും രണ്ടുമല്ല, അഞ്ചു വർഷം.

തായ്‌ലൻഡിലെയും ബർമയിലെയും കായൻ ലാഹ്‌വി എന്ന ഗോത്രവർഗക്കാർക്കിടയിലെ റിങ് ഇടീൽ കണ്ട് ആവേശം മൂത്താണ് സ്മിത്തും റിങ് ഇട്ടത്. നീളമുള്ള കഴുത്ത് ഉണ്ടാകാൻ പെൺകുട്ടികൾക്ക് അവർ ചെറുപ്പത്തിലേ റിങ് ഇടും. കുറെ കാലം കഴിഞ്ഞ് റിങ് അഴിക്കുമ്പോൾ ജിറാഫ് പരുവത്തിൽ കഴുത്തിന് നീളം കൂടുമത്രേ. ഇതു കണ്ട് ഒരു ആവേശത്തിനാണ് സ്മിത്ത് കഴുത്തിൽ റിങ്ങിട്ടത്. അതും 15 റിങ്. ഒന്നു തിരിഞ്ഞു നോക്കാനോ നീന്താനോ കളിക്കാനോ ഡ്രൈവ് ചെയ്യാനോ നേരെ ചൊവ്വേ കിടന്നുറങ്ങാനോ പോലും കഴിയാതെ അഞ്ചു വർഷങ്ങൾ. ഒടുവിൽ റിങ് അഴിച്ചപ്പോൾ സ്മിത്ത് കണ്ടെത്തി. തന്റെ കഴുത്തിന് 9 ഇഞ്ച് നീളം കൂടിയിരിക്കുന്നു.

ചെറുപ്പം മുതൽക്കേ അത്യാവശ്യം നീളമുള്ള കഴുത്തുള്ള സ്മിത്തിനെ ജിറാഫ് എന്നാണു കൂട്ടുകാർ പോലും വിളിച്ചിരുന്നത്. എന്നിട്ടും തൃപ്തി വരാതെയാണ് സ്മിത് റിങ് ഇട്ടത്. ആറു മാസത്തിനുള്ളിൽ ഉള്ള നീളം മതിയെന്നു പറഞ്ഞ് ഇത് അഴിച്ചു കളയുമെന്നാണു മാതാപിതാക്കൾ പോലും കരുതിയത്. പക്ഷേ സ്മിത്ത് ഉറച്ചു നിന്നു. റിങ്ങിനുള്ളിൽ കഴിയുന്നതിൽ സ്മിത്തിനേക്കാൾ വിഷമം കണ്ടു നിൽക്കുന്നവർക്കായിരുന്നു. എവിടെ പോയാലും അയ്യോ എന്തു പറ്റിയെന്നു ചോദിച്ച് ആളുകൾ പാഞ്ഞടുക്കും. സ്വൈര്യമായി ഒന്നു പ്രേമിക്കാൻ പോലും കഴിഞ്ഞിട്ടില്ല. റിങ് ഇട്ട ഗേൾ ഫ്രണ്ടിനെ കുറച്ചു ദിവസമൊക്കെ സഹിക്കുമെങ്കിലും പിന്നെ കാമുകൻ ഓടി രക്ഷപ്പെടും.

smith-1 ചുരണ്ടിയും അകത്തിയും വലിച്ചുമൊക്കെയായി ഏറെ പണിപ്പെട്ടും ഏറെ വേദന സഹിച്ചുമാണ് ഒടുവിൽ റിങ് ഓരോന്നായി ഊരിയെടുത്തത്. എല്ലാം മാറ്റിയപ്പോൾ കഴുത്തിൽ ദാ ചുവന്നു കരുവാളിച്ചു പാട്...

അങ്ങനെയങ്ങനെ അഞ്ചു വർഷം... ഒടുവിൽ കഴുത്തു വേണ്ടത്ര നീണ്ടു എന്നു തോന്നിയപ്പോൾ റിങ് അഴിക്കാൻ തീരുമാനിച്ചു. പക്ഷേ റിങ്ങുകൾ തമ്മിൽ ഏതോ കടുത്ത പശ വച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു. ചുരണ്ടിയും അകത്തിയും വലിച്ചുമൊക്കെയായി ഏറെ പണിപ്പെട്ടും ഏറെ വേദന സഹിച്ചുമാണ് ഒടുവിൽ റിങ് ഓരോന്നായി ഊരിയെടുത്തത്. എല്ലാം മാറ്റിയപ്പോൾ കഴുത്തിൽ ദാ ചുവന്നു കരുവാളിച്ചു പാട്. ഒടുവിൽ ബ്യൂട്ടി ക്രീമുകൾ തേച്ചും കഴുത്തിന് എക്സർസൈസ് ചെയ്തുമൊക്കെ കഴുത്ത് പുറംലോകത്തെ കാണിക്കാൻ പാകത്തിനാക്കി.

എന്നാൽ റിങ് ഇട്ടതുകൊണ്ടല്ല സ്മിത്തിന്റെ കഴുത്തിനു നീളം വച്ചതെന്നു ഡോക്ടർമാർ. വളർച്ച പൂർത്തിയായ സ്ഥിതിക്ക് എത്ര റിങ് ഇട്ടാലും കഴുത്തു നീളില്ല. ഇനി അഥവാ നീണ്ടിട്ടുണ്ടെങ്കിൽ റിങ് മാറ്റി കുറച്ചു കാലം കഴിയുമ്പോൾ കഴുത്ത് പഴയതുപോലെ ചെറുതാകും എന്നാണത്രേ വിദ്ഗ്ധരുടെ അഭിപ്രായം. പാവം സ്മിത്ത്. ഇതു കേട്ടു ഹൃദയസ്തംഭനം വന്നില്ലെന്നേയുള്ളു.