Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്റ് ചെയ്തത് സെൽഫി; ആളുകൾ നോക്കിയത് ബെഡ്റൂം

Shelbs ഷെൽബ്സിന്റെ വൈറലായ സെൽഫി

ഭംഗിയുള്ളൊരു സമ്മർ ‍ഡ്രസ് കിട്ടിയപ്പോൾ അതിട്ടു പതിവു പോലെ സെൽഫിയെടുത്ത് ട്വിറ്ററിൽ ഇട്ടതാണ് ആ പെൺകുട്ടി. പക്ഷേ സെൽഫിയുടെ ബാക്ക് ഗ്രൗണ്ട് അൽപം മോശമായിപ്പോയി. വലിച്ചു വാരിയിട്ടിരിക്കുന്ന മുറിയുടെ ചിത്രം ഒപ്പം കണ്ട ആളുകൾ കയറി മേഞ്ഞു. ഹോ ഇതെന്താ. പശുത്തൊഴുത്തോ എന്നു വരെ കേൾക്കേണ്ടിവന്നു കമന്റ്. ഷെൽബ്സ് എന്ന കൗമാരക്കാരിയെ ആണു  നാട്ടുകാർ ട്വിറ്ററിൽ പൊങ്കാലയിട്ടത്. 

സുന്ദരമായ അഴകളവുകളിൽ നോട്ടമെത്താതെ ബെഡ്റൂമിന്റെ ദുരവസ്ഥയിലേക്കു നോട്ടം പോയതിനു പിന്നിൽ   ബെഡ്റൂമിലേക്ക് എത്തിനോക്കാനുള്ള ആളുകളുടെ മനശാസ്ത്രമല്ലേ ഉള്ളതെന്ന് അവൾ ചോദിക്കുന്നു. പക്ഷേ ആളുകളെ കുറ്റം പറയാൻ പറ്റുമോ. അത്ര അലമ്പാണ് ആ ബെഡ്റൂം. ബെഡിലും തറയിലും വലിച്ചുവാരിയിട്ടിരിക്കുന്നു തുണികൾ. ജനാലയിലെ കർട്ടൻ റെയിലിൽ നിരന്ന് വീണ്ടും തുണികൾ. ബ്ലൈൻഡിനു പകരം തുണികൾ തൂക്കിയിട്ടിരിക്കുന്നു. ഹോ എന്തൊരു പുതുമ, ഇത്ര മനോഹരമായ ഇന്റീരിയർ ഡിസൈൻ കണ്ടിട്ടില്ല, ഒരു യുദ്ധഭൂമി പോലെയുണ്ട് മുറി തുടങ്ങി ഒന്നിനു പിന്നാലെ ഒന്നായി കമന്റുകൾ. സ്ഥിരം കൗമാരക്കാരിയുടെ ചിണുങ്ങൽ പോലെ ഷെൽബ്സ് മറുപടിയും കൊടുത്തു. നിന്റെയല്ലല്ലോ എന്റെയല്ലേ മുറി. ഈ കമന്റ് പറയുന്നവരുടെ ബെഡ്റൂം പരിശോധിച്ചു നോക്കൂ. ഇതിലും കഷ്ടമായിരിക്കും സ്ഥിതി എന്നൊക്കെ.

പക്ഷേ ഇങ്ങനെയൊക്കെ പറഞ്ഞു സമാധാനിക്കാം എന്നല്ലാതെ എന്തു ചെയ്യാൻ. കൈവിട്ട കല്ലും വാവിട്ട വാക്കും പോസ്റ്റിയ പോസ്റ്റും ഒരുപോലെയാണെന്ന് പാവം ഷെൽബ്സ് ശരിക്കും മനസിലാക്കി. അലീസ എന്ന പെൺകുട്ടിക്ക് മുമ്പ് ഇതേ അനുഭവം ഉണ്ടായിട്ടുള്ളതാണ്. അന്നും വാരിവലിച്ചിട്ട മുറിയായിരുന്നു വിഷയം. സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനു മുൻപ് ബാക്ക് ഗ്രൗണ്ട് ഒക്കെ ഒന്നു ചെക്ക് ചെയ്തേക്കണേ. അല്ലെങ്കിൽ നമ്മുടെയൊക്കെ മുറിയുടെ തനിസ്വരൂപം നാട്ടുകാർ കാണും.