താരജാഡയില്ലാതെ വിദ്യാർഥികൾക്കൊപ്പം ചുവടുകൾ വച്ച് സുസ്മിത സെൻ

ഓൺ സ്ക്രീനിലാകട്ടെ അതിനു പുറത്താകട്ടെ വിശ്വസുന്ദരി സുസ്മിത സെൻ പലർക്കും ഒരു മാതൃകയാണ്. സൗന്ദര്യ മൽസര വേദികളിൽ ഇന്ത്യയുടെ പേര് വാനോളം ഉയർത്തിയ ആ താരറാണി േബാളിവുഡിലും വിജയക്കുതിപ്പു തുടർന്നു. നാൽപത്തിരണ്ടാം വയസ്സിലും സുസ്മിതയെ വെല്ലാൻ ഒരു നടിമാരും ഇല്ലെന്ന് നിസംശയം പറയാം. ഇപ്പോഴിതാ സമൂഹമാധ്യമത്തിൽ വൈറലാകുന്നൊരു വിഡിയോയും സുസ്മിതയുടെ ഊര്‍ജസ്വലത വ്യക്തമാക്കുന്നതാണ്.

ഒരു പറ്റം വിദ്യാർഥികൾക്കൊപ്പം താരജാഡകളൊന്നുമില്ലാതെ സുസ്മിത ആടിത്തകർക്കുന്ന വിഡിയോ ആണത്. മുംബൈയിലെ സെന്റ് ആൻഡ്ര്യൂസ് കോളജിലെ പരിപാടിയിൽ പങ്കെടുക്കവേയായിരുന്നു സുസ്മിതയുടെ മനോഹരമായ നൃത്തം. സുസ്മിത അഭിനയിച്ച മേം ഹൂനാ എന്ന ചിത്രത്തിലെ 'തുംസെ മിൽ കെ...' എന്ന ഗാനത്തിനാണ് താരം വിദ്യാർഥികൾക്കൊപ്പം ചുവടുവച്ചത്. തുടക്കത്തിൽ വിദ്യാർഥികളുടെ നൃത്തത്തെ കയ്യടിച്ചു പ്രോൽസാഹിപ്പിക്കുന്ന സുസ്മിത അധികം കഴിയുംമുമ്പേ സ്വയംമറന്ന് അവർക്കൊപ്പം ചുവടുകൾ വെക്കുന്നതു കാണാം. 

ശേഷം തന്റെ ഗാനത്തിനൊപ്പം അസ്സലായി ചുവടുകൾ വച്ച ചുണക്കുട്ടികളെയെല്ലാം ചേർത്തുപിടിച്ച് ആലിംഗനം ചെയ്യുന്നുമുണ്ട് സുസ്മിത. ജനങ്ങളിലേക്കിറങ്ങി ചെല്ലുന്ന സുസ്മിതയുടെ ഈ ലാളിത്യമാണ് അവരെ മറ്റു നടിമാരിൽ നിന്നു വ്യത്യസ്തയാക്കുന്നതെന്നു പറഞ്ഞാണ് പലരും വിഡിയോ പങ്കുവെക്കുന്നത്. 

1994ല്‍ തന്റെ പതിനെട്ടാം വയസ്സിലാണ് സുസ്മിത മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കുന്നത്. പിന്നീട് േബാളിവുഡ് ലോകത്തേക്കു ചുവടുവച്ച സുസ്മിതയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്നു ദത്തെടുത്ത തന്റെ പെൺമക്കൾക്കായാണ് സുസ്മിതയുടെ ജീവിതം, അതിനിടയിലും ഫിറ്റ്നസിനും സൗന്ദര്യത്തിനും സമയം കണ്ടെത്താൻ സുസ്മിത ശ്രമിക്കാറുമുണ്ട്.

വിവാഹം കഴിച്ചില്ലെങ്കിലും തന്റെയുള്ളിൽ സ്നേഹസമ്പന്നയായ ഒരമ്മയുണ്ടെന്നു തെളിയിക്കുന്നതായിരുന്നു സുസ്മിതയുടെ ജീവിതം. റെനീ , അലീസാ എന്നു പേരിട്ട മക്കള്‍ക്ക് ഇപ്പോൾ പതിനാറും എട്ടും പ്രായമായി. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam