ബെസ്റ്റ് ഫ്രണ്ടിന്റെ വിവാഹദിനത്തിൽ നൃത്തമാടി ആലിയ; വൈറൽ വിഡിയോ

ആലിയയും സുഹൃത്ത് കൃപയും

ഉത്തരേന്ത്യൻ വിവാഹങ്ങളിൽ മസ്റ്റാണ് വിവാഹത്തിനു മുമ്പേ നടക്കുന്ന മെഹന്ദി–സംഗീത് സെറിമണികൾ. ഇരുപരിപാടികളിലും മണവാട്ടിക്കൊപ്പം ആടാനും പാടാനുമൊക്കെ ഒരുപറ്റം സുഹൃദ്‍വലയങ്ങളുമുണ്ടാകും. പിന്നെ കൂട്ടുകാർ ചേർന്നുള്ള കളർഫുൾ ആഘോഷരാവായി മാറും ആ വേദി. ബിടൗണിലെ ഒരു താരസുന്ദരി തന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ വിവാഹത്തിനെത്തിയപ്പോൾ നൃത്തം ചെയ്തതാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്, മറ്റാരുമല്ല ക്യൂട്ട് താരം ആലിയ ഭട്ട് ആണത്.

എത്രയൊക്കെ തിരക്കുകളുണ്ടെങ്കിലും കു‌ടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി സമയം കണ്ടെത്താൻ ആലിയ ശ്രമിക്കാറുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ വിഡിയോ. ജോഥ്പൂരിൽ വച്ചു നടന്ന ബെസ്റ്റ് ഫ്രണ്ടിന്റെ വിവാഹത്തിനിടെ ആലിയ സ്വയം മറന്നു നൃത്തമാടുന്നതു കാണാം. കൃപ മേത്ത എന്ന കൂട്ടുകാരിയുടെ വിവാഹത്തിനാണ് ചടുല നൃത്ത ചുവടുകളോടെ ആലിയ സദസ്സിന്റെ മനം കവർന്നത്.

കൃപയുടെ വിവാഹതലേന്നു നടന്ന ആഘോഷപരിപാടിക്കിടെയാണ് ആലിയ നൃത്തം ചെയ്തത്. മുന്താ തോടാ, ഹവാ ഹവാ എന്നീ ഗാനങ്ങൾക്കൊപ്പമാണ് ആലിയയും കൂട്ടുകാരികളും ചേർന്ന് ചുവടുകൾ വച്ചത്. വിവാഹത്തിനു മുന്നോ‌ടിയായി നടന്ന മെഹന്ദിയിൽ അനാര്‍ക്കലി ധരിച്ചും സംഗീത് പരിപാടിക്കായി ഗോൾഡൻ നിറത്തിലുള്ള ലെഹംഗ ധരിച്ചുമാണ് ആലിയ എത്തിയത്. 

ആഘോഷങ്ങളുടെ ചിത്രങ്ങളും ആലിയ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തു. അപ്‌ലോഡ് ചെയ്ത് അധികം കഴിയുംമുമ്പേ ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ വൻസ്വീകാര്യതയാണ് ലഭിച്ചത്. ഇത്രയും സ്നേഹം ലഭിക്കാൻ താൻ അർഹയാണോ എന്ന് അത്ഭുതപ്പെടുന്നുവെന്നും തന്നെ ഇത്രത്തോളം സ്നേഹിക്കുന്ന എല്ലാവരോടും തന്റെയും ഇഷ്ടം അറിയിക്കുന്നുവെന്നും ആലിയ പറഞ്ഞു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam