Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം തുളുമ്പുന്ന ആ വിവാഹനിശ്ചയ വിഡിയോക്ക് പിന്നിൽ ഇദ്ദേഹമാണ് ! 

Deepesh ദീപേഷ് കൂവേരി, വിവാഹ നിശ്ചയ വിഡിയോയിൽ നിന്നും

മുൻവർഷങ്ങളെ അപേക്ഷിച്ച് വിവാഹത്തിന്റെയും വിവാഹനിശ്ചയത്തിന്റെയും വീഡിയോഗ്രഫിയും ഫോട്ടോഗ്രാഫിയും ന്യൂജെൻ ആയിരിക്കുകയാണ്. പണ്ടുകാലത്ത് ക്യാമറ കാണുമ്പോൾ നാണം കൊണ്ടു മുഖം ചുവക്കുന്നവരായിരുന്നു വധൂവരന്മാർ എങ്കിൽ എന്നതല്ല അവസ്ഥ, ഏതു വിധേനയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം മനോഹരമാക്കാനും സിനിമയെ വെല്ലുന്ന രീതിയിൽ സുന്ദരമാക്കാനുമാണ് ഇന്നത്തെ വധൂവരന്മാർ ആഗ്രഹിക്കുക.  

ഈ ആഗ്രഹത്തിന് കൂട്ടായി ഒരു വിവാഹ വിഡിയോ ഫോട്ടോഗ്രാഫർ കൂടിയുണ്ടെങ്കിലോ? സംഭവം ബഹു ജോർ. ഇതാണ് ഇന്റർനെറ്റിൽ ഏറെ വൈറലായി പ്രചരിക്കുന്ന വിപിന്റെയും ദിവ്യയുടെയും വിവാഹനിശ്ചയ വിഡിയോക്ക് പിന്നിലും സംഭവിച്ചത്. സാധാരണ വിവാഹ വിഡിയോകളിൽ നിന്നും വ്യത്യസ്തമായി തികച്ചും ലളിതമായി ട്രഡീഷണൽ ലുക്കിൽ ഒരു തറവാടിന്റെ അകത്തളത്തിൽ എന്ന പോലെ ചിത്രീകരിച്ച ആ വിഡിയോ പിറന്ന കഥ , സംവിധായകനായ ദീപേഷ് കൂവേരി തന്നെ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ദീപേഷ് ചെയ്യുന്ന എട്ടാമത്തെ കല്യാണ വിഡിയോയാണ് വിപിന്റെയും ദിവ്യയുടെയും. കല്യാണ നിശ്ചയ വിഡിയോ  ആണ് ഇത്ര വിശദമായി ചിത്രീകരിച്ചിരിക്കുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. സാധാരണമായി വിവാഹത്തിന് മുൻപ് ഇത്തരം ഒരു ഷൂട്ട് ആരും ചെയ്യാറില്ല. ദീപേഷ് പറയുന്നു. വൈറലായി മാറിയ ഈ വീഡിയോയുടെ കാമറ കൈകാര്യം ചെയ്തത് രാജേഷ് അഞ്ചുമൂർത്തിയാണ്.

വിഡിയോയിലെ നായികാനായകന്മാരായ ദിവ്യയും വിപിനും എമിറേറ്റ്സിൽ ജോലി ചെയ്യുന്നു. വിപിൻ തൃശൂർ സ്വദേശിയും ദിവ്യ അങ്കമാലി സ്വദേശിയുമാണ്. തങ്ങളുടെ വിവാഹനിശ്ചയ വിഡിയോക്ക് വ്യത്യസ്തമായ എന്തെങ്കിലും തീം വേണം എന്ന് ഇവർ തന്നെയാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് ട്രഡീഷണൽ രീതിയിൽ ഉള്ള ഒരു തീം കണ്ടെത്തുകയായിരുന്നു. പുരാതനമായ ഒരു തറവാടിന്റെ അകത്തളത്തിൽ വച്ച് ഷൂട്ട് പ്ലാൻ ചെയ്തു. എന്നാൽ അത്തരത്തിൽ ഒരു തറവാട് കണ്ടെത്തുക എന്നതായിരുന്നു അടുത്ത ചലഞ്ച്. 

വരിക്കാശ്ശേരി മനയായിരുന്നു ആദ്യം ഉദ്ദേശിച്ചത്. പിന്നീട് അത് വേണ്ടെന്ന് വച്ച് ഒരു റിസോർട്ട് കണ്ടെത്തുകയായിരുന്നു. പാട്ടിന്റെ സെലക്ഷനാണ് ഈ വിഡിയോയുടെ ഹൈലൈറ്റ് . പിന്നെ ഷൂട്ടിങ്ങിനോടു പൂർണമായി സഹകരിച്ച വിപിനും ദിവ്യയും തന്നെയാണ് ഇതിത്ര വിജയമാക്കി മാറ്റിയത്. താൻ ഇതുവരെ ചെയ്തിട്ടുള്ള വർക്കുകളിൽ വച്ച് ഏറെ മനസംതൃപ്തി നൽകിയ ഒന്നാണ് ഈ വിവാഹ നിശ്ചയ വിഡിയോ എന്ന് ദീപേഷ് വ്യക്തമാക്കുന്നു. 

വസ്ത്രധാരണത്തിലും ആഭരങ്ങളിലും അന്തരീക്ഷത്തിലും എല്ലാം തന്നെ തീർത്തും ലഘുവായ ഒരന്തരീക്ഷം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതാണ് ഈ വിഡിയോയുടെ വിജയം. കാലം മാറുന്നതിനനുസരിച്ച് യുവതീ യുവാക്കൾ വ്യത്യസ്തത ആഗ്രഹിക്കുന്നു. പഴമയിലേക്കുള്ള തിരിച്ചു പോക്ക്, ഇപ്പോൾ വിവാഹ ഫോട്ടോ - വിഡിയോ രംഗത്ത് ട്രെൻഡ് ആയി വരികയാണ് ദീപേഷ് കൂവേരി പറയുന്നു

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories