Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' നീ ഇപ്പോഴും എനിക്ക് ആ തടിച്ച കെട്ടിടം തന്നെയാണ് ' വൈറലായി ഒരു ബ്രേക്കപ്പ് കത്ത്

Breakup Letter Representative Image

ബ്രേക്കപ്പുകൾ എന്നും വികാര നിർഭരമാണ്, ഒന്നായി ഒഴുകിയിരുന്ന രണ്ടു ജീവിതങ്ങൾ ഒരു സുപ്രഭാതത്തിൽ അപരിചിതരെപ്പോലെയായി മാറുന്നത് പലപ്പോഴും സഹിക്കാനുമാകില്ല. പക്ഷേ ജീവിതം അങ്ങനെയൊക്കെയാണ്, എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെ തന്നെ എന്നും ഒന്നിച്ചാകണമെന്നില്ല, ആ ബ്രേക്കപ്പിനെ എത്രത്തോളം സമചിത്തതയോടെ നേരിടുന്നുവെന്നതാണ് ഓരോരുത്തരെയും വ്യത്യസ്തമാക്കുന്നത്. ബ്രേക്കപ്പിനു മുമ്പായി കത്തുവഴി വിടചൊല്ലി പിരിയുന്നവരുമുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ഒരു ബ്രേക്കപ്പ് ലെറ്ററാണ്.

ബ്രേക്കപ്പ് എന്നു പറയുമ്പോള്‍ അത് രണ്ടു മനുഷ്യർ തമ്മിലുള്ളതു മാത്രമാണെന്നു ചിന്തിക്കരുതേ. ഈ ബ്രേക്കപ്പ് ഒരു യുവാവും അദ്ദേഹം ആവോളം സ്നേഹിച്ച ജിമ്മും തമ്മിലുള്ളതാണ്. സംഗതി സത്യമാണ്, ചില പ്രത്യേക സാഹചര്യങ്ങളാൽ താൻ പ്രാണനെപ്പോലെ സ്നേഹിച്ച ജിമ്മിനെ വിട്ടുുപിരിയേണ്ടി വന്ന യുവാവിന്റെ കത്താണിത്.  ഒരു പ്രണയിനിയെ പിരിയുമ്പോൾ എത്രത്തോളം മാനസിക വിഷമത്തോടെ ഒരു കത്തെഴുതുമോ അതേ വേദനയോടെ തന്നെയാണ് ഈ യുവാവ് ജിമ്മിനും ബ്രേക്കപ് ലെറ്റർ എഴുതിയത്. 

റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമത്തിലൂടെ മാസ്റ്റർബാസർ എന്ന പേരിലുള്ള യുവാവിന്റെ ബ്രേക്കപ്പ് ലെറ്ററാണ് വൈറലായത്. പ്ലാനെറ്റ് ഫിറ്റ്നസ് എന്ന ജിമ്മുമായുള്ള ബന്ധം ഇനിയില്ലെന്നും എന്നാൽ എന്നെന്നും ആ ഓര്‍മകൾ ഉള്ളിലുണ്ടാകുമെന്നും പറഞ്ഞുള്ള കത്ത് ഏറെ രസകരമായാണ് എഴുതിയിരിക്കുന്നത്. മറ്റൊരു സ്ഥലത്തേക്കു േപാകേണ്ടതിനാലാണ് ജിമ്മിലെ മെമ്പർഷിപ് പിൻവലിക്കാൻ നിർബന്ധിതനായതെന്നും കത്തിൽ പറയുന്നു. മെമ്പർഷിപ് പിൻവലിക്കാന്‍ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ എഴുത്തിലൂടെ നൽകാനാണ് അധികൃതർ വ്യക്തമാക്കിയത്, ഇതോടെയാണ് ഇത്തരത്തിലൊരു കത്തെഴുതാൻ കക്ഷി തീരുമാനിച്ചത്. 

അതിയായ ഹൃദയഭാരത്തോടെയും വിഷമത്തോടെയുമാണ് താൻ ഈ കത്തെഴുതുന്നത് എന്നു പറഞ്ഞാണ് വ്യത്യസ്തമായ ഈ ബ്രേക്കപ്പ് ലെറ്റർ ആരംഭിക്കുന്നത്. ''ജീവിതത്തിലെ ചില സംഭവങ്ങൾ എന്നെ മറ്റൊരു സ്ഥലത്തേക്കെത്തിച്ചു, പ്ലാനെറ്റ് ഫിറ്റ്നസ് ഓറഞ്ചുമായുള്ള എന്റെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയാണ് ഈ കത്തിന്റെ ലക്ഷ്യം. 

തുറന്നു പറയട്ടെ നിനക്കു യാതൊരു മാറ്റവും സംഭവിച്ചില്ല. നീ ഇപ്പോഴും ആ പർപിൾ–യെല്ലോ നിറത്തിലുള്ള തടിച്ച കെട്ടിടം തന്നെയാണ്. ഒരിക്കൽ നമ്മൾ ഒന്നിച്ചായിരുന്നുവെന്നതും ഇന്നു പിരിഞ്ഞുവെന്നും ഓർക്കുമ്പോൾ എനിക്കേറെ വേദനയുണ്ട്. 

ഞാനതിൽ നിന്നും മുന്നോട്ടുപോയി, ഇപ്പോൾ താമസിക്കുന്ന അപാർട്മെന്റിലെ കോപ്ലക്സിലുള്ള മറ്റൊരു ജിമ്മിൽ ചേർന്നിട്ടുണ്ട്. ഈ ഒരു കാര്യത്തിന്റെ പേരിൽ നിനക്കെന്നൊട് അസൂയ േതാന്നുകയോ എ​ന്നെ വിധിക്കുകയോ ചെയ്യരുത്. ഞാൻ സ്നേഹിച്ചിട്ടുള്ള എ​നിക്കറിയാവുന്ന പ്ലാനെറ്റ് ഫിറ്റ്നസ് സെന്ററല്ല അത്. ഇപ്പോഴും ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ട്, ഒരു സുഹൃത്തിനെപ്പോലെയാണെന്നു മാത്രം. 

ഞാനിന്നും നിന്നെയും നാം ഒന്നിച്ചു ചിലവഴിച്ച നിമിഷങ്ങളെയും സ്നേഹത്തോടെയാണ് ഓർക്കുന്നത്. ഞാൻ തനിച്ചാകുന്ന സന്ദർഭങ്ങളിൽ  പഴയ പവർ പോപ് വർക്കൗട്ട് പ്ലേലിസ്റ്റുകളിലൂടെ പോവുകയും അപ്പോൾ നാം ഇപ്പോഴും ഒന്നിച്ചായിരുന്നെങ്കിൽ എന്നോർക്കുകയും ചെയ്യും. എന്തായാലും എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരിക്കൽ ഒരവസാനമുണ്ടാകുമല്ലോ. 

നീ നീയായിതന്നെ നിലകൊള്ളണം, ഇതിനിടയിൽ നമ്മൾരണ്ടുപേരും വളരും, പരസ്പരം ഒന്നിച്ചില്ലാതെയുള്ള പുതിയ ജീവിതവുമായി, ഇതു നല്ലതിനാണെന്നു കരുതുന്നു''‌

എന്തായാലും ആത്മാർഥമായി കക്ഷി എഴുതിയ കത്തിനെ സമൂഹമാധ്യമവും ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഒരു ജിമ്മിനെ ഇത്രയേറെ സ്നേഹിക്കുന്നുണ്ടെങ്കിൽ പ്രണയിനിയെ അയാൾ എത്രമാത്രം സ്നേഹിക്കുന്നുണ്ടാകുമെന്നാണ് ചിലർ പറയുന്നത്.  

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam