Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പള്ളിയിൽ ഫ്ലാഷ് മോബ്, താരമായി അച്ചനും കുട്ടികളും!

Flash mob at church

ഫ്ലാഷ് മോബ് എന്ന് കേൾക്കുമ്പോൾ ഏതെങ്കിലും കോളജിലോ ഷോപ്പിങ് മാളിലോ കുട്ടികൾ നടത്തുന്ന പരിപാടിയെന്നാണ് ആദ്യം ചിന്തിക്കുക. എന്നാൽ ഇതാ ഒരു പള്ളിമുറ്റത്ത് സൂപ്പർ ഫ്ലാഷ് മോബ് നടത്തി കയ്യടി നേടിയിരിക്കുകയാണ് കുറച്ചു മിടുക്കിക്കുട്ടികളും ഒരു പുരോഹിതനും. ഈ ഫ്ലാഷ് മോബിന്റെ പ്രത്യേകത, ഇവിടെ സിനിമാ പാട്ടുകളല്ല ഉപയോഗിച്ചത് എന്നതാണ്. ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന്റെ (OVBS) നേതൃത്വത്തിലായിരുന്നു ഈ സൂപ്പർ ഫ്ളാഷ് മോബ്. കോട്ടയം മാർ ഏലിയ കത്തീഡ്രലിലെ ടീമാണ് വെക്കേഷൻ ബൈബിൾ സ്കൂളിന്റെ പ്രചാരണാർഥം ഇത് സംഘടിപ്പിച്ചത്. 

ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന്റെ ഡയറക്ടർ ഫാ. മാത്യു കോശിയുടേതാണ് ഈ വ്യത്യസ്തമായ ആശയം. കുട്ടികളെ ബൈബിൾ സ്കൂളിലേക്ക് ആകർഷിക്കുക എന്നതാണ് ഇതിനു പിന്നിൽ. വിശ്വാസ വഴികളിൽ കുട്ടികളുടെ സാന്നിധ്യം വളരെ കുറയുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫാദർ മാത്യു ഫ്ലാഷ് മോബ് ഐഡിയ പരീക്ഷിച്ചത്. 

ഏപ്രിലിൽ തുടങ്ങുന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിലേക്കു കൂടുതൽ കുട്ടികളെ ആകർഷിക്കുയാണ് ഫ്ലാഷ് മോബിന്റെ ലക്ഷ്യം. ‘പുതിയ തലമുറയെ പഴയമൂല്യങ്ങളിലേക്ക് ആകർഷിക്കുക എന്നതാണ് ഇതിനു പിന്നിൽ. കുട്ടികളുടെ താല്‍പര്യങ്ങൾ പരിഗണിക്കാതെ, അവർ ബൈബിൾ ക്ലാസിൽ വരുന്നില്ല എന്നു പറയുന്നതു ശരിയല്ല. പുതിയ തലമുറയുടെ താൽപര്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഒരു പ്രസ്ഥാനവും വളരില്ല’- ഫാദർ മാത്യു പറയുന്നു. 

മാർ ഏലിയ സൺഡേ സ്കൂളിലെ കുട്ടികളാണ് ഭക്തിഗാനത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലാഷ് മോബ് കളിച്ചത്. ഒരു കൊറിയോഗ്രാഫറുടെ സഹായവുമുണ്ടായിരുന്നു.

വെക്കേഷൻ ബൈബിൾ ക്ലാസ് തുടങ്ങാൻ ഇനിയും സമയമുണ്ടെന്നും ആദ്യമായാണ് അത്തരമൊരു ആശയം ഒരു പള്ളിയിൽ നടപ്പാക്കുന്നതെന്നും ഫാദർ മാത്യു പറയുന്നു. ഈ ആശയം മറ്റുള്ളവർക്കും പ്രായോഗികമാക്കാമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.  വിശ്വാസത്തിലൂന്നിയ ഈ ഫ്ലാഷ് മോബിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തിലുടനീളം ഏകദേശം 60000 കുട്ടികളാണ് ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ ക്ലാസുകളിൽ പങ്കടുക്കുന്നത്.

Read in English

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam