Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ബസ് എടുക്കാം, പക്ഷേ കയറുന്ന പിള്ളേരോട് ഇങ്ങോട്ട് നോക്കി ചിരിക്കരുതെന്നു പറയണം' ; ട്രോൾമഴയിൽ ബസ് സമരം

Bus Strike

സംസ്ഥാനത്ത് കഴിഞ്ഞ നാലു ദിവസമായി തുടർന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചതാണ് സമൂഹമാധ്യമത്തിലെ പ്രധാന ചർച്ചാവിഷയം. സമരവും തുടര്‍ന്നു പിന്‍വലിക്കാനുണ്ടായ തീരുമാനവുമെല്ലാം രസകരമായ ട്രോളുകളിലൂടെയാണ് പലരും അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ വലച്ച ബസ് മുതലാളിമാർക്കെല്ലാം കണക്കിനു ട്രോളുകൾ കിട്ടുന്നുണ്ട്. 

bus-strike-1

ബസ് എടുക്കാം, പക്ഷേ കയറുന്ന പിള്ളേരോട് ഇങ്ങോട്ടു നോക്കി കളിയാക്കി ചിരിക്കരുതെന്നു പറയുന്ന ട്രോളും കൺസഷൻ ചാർജ് അഞ്ചുപേരുടേതടക്കം ഒന്നിച്ചു കൊടുക്കുന്ന വിദ്യാർഥികളുടെ ട്രോളുമെല്ലാം ചിരിപ്പിച്ചു മറിക്കുന്നതാണ്. ഒരുരൂപയുടെ ടിക്കറ്റ് എടുത്ത ശേഷം വിദ്യാർഥി സമരമൊക്കെ എന്തായെന്ന് കണ്ടക്ടറോടു ചോദിക്കുമ്പോൾ രാഷ്ട്രീയക്കാരുടെയും വിദ്യാർഥികളുടെയും സമരങ്ങൾ വിജയിക്കുന്നുണ്ടോ പിന്നെ ഞങ്ങൾക്കു മാത്രം എന്തിനാണു ചേഞ്ച് എന്ന് ചോദിച്ച് സലിംകുമാറിന്റെ ചതിക്കാത്ത ചന്തുവിലെ പോസ്റ്ററുകൾ വച്ചും ചിലർ ട്രോളുകൾ ഇറക്കിയിട്ടുണ്ട്.

bus-strike-2

ജനങ്ങളുടെ ബുദ്ധിമുട്ടു മനസ്സിലാക്കിയതുകൊണ്ട് സമരം പിന്‍വലിക്കുന്നുവെന്ന ദാസൻ–വിജയൻ സ്റ്റൈലിലുള്ള ട്രോളും ഹിറ്റാണ്. ഒപ്പം കിലുക്കത്തിലെ കിട്ടുണ്ണി ചേട്ടന്റെ ഹിറ്റ് രംഗവും ട്രോളുകളിൽ മുന്നിലുണ്ട്. വർധിപ്പിച്ച ഒരു രൂപ തന്നെ ധാരാളമാണെന്നും സമരം പിന്‍വലിക്കാൻ തീരുമാനിച്ചുവെന്നും പറയുന്ന ബസ് ഓപ്പറേറ്റേഴ്സിനോട് ഗതാഗത മന്ത്രി ഇങ്ങനെയൊന്നുമല്ലല്ലോ അന്നു പറഞ്ഞതെന്നു ചോദിക്കുമ്പോൾ അതിനു മറുപടിയായി എന്നാൽ ഒരു സത്യം പറയട്ടെ, തങ്ങൾക്കതൊന്നും ഓർമയില്ലെന്നു പറയുന്ന ട്രോളും വൈറലാകുന്നുണ്ട്.

bus-strike-3

എന്തായാലും കുറച്ചു ദിവസം തങ്ങൾക്കിട്ടു പണി തന്ന ബസ് ഓപ്പറേറ്റേഴ്സിനോടുള്ള പ്രതികാരം ട്രോളുകളിലൂടെ‌ തീർത്തിരിക്കുകയാണ് പലരും. നിരക്കുവർധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരി 16 നാണു സ്വകാര്യ ബസുകൾ സമരം തുടങ്ങിയത്.

bus-strike-4

ബസ്‌ നിരക്കില്‍ വര്‍ധന വരുത്താനും കുറഞ്ഞ നിരക്ക് എട്ടു രൂപയാക്കാനും നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക്‌ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ബസ് ഉടമകൾ സമരം തുടങ്ങിയത്. സർക്കാർ നിലപാടു കർശനമാക്കിയതോടെ ബസ് ഉടമകളുടെ ഭീഷണി ഏറ്റില്ല. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam