Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുന്നത്തൂർ രാമു, തൃക്കേട്ട നക്ഷത്രം; പ്രേമം കൂടി ആനയ്ക്ക് പുഷ്പാഞ്ജലി!!

Kunnathoor Ramu കുന്നത്തൂർ രാമുവിനൊപ്പം രാഹുൽ

ആനപ്രേമം എന്നാൽ അതൊരു സംഭവം തന്നെയാണ്. പ്രത്യേകിച്ചു പ്രിയപ്പെട്ട കൊമ്പൻ ഒന്നു മുന്നിൽ വന്നു നിന്നാൽ, പിന്നെ വിനീത് ശ്രീനിവാസന്റെ സിനിമയിൽ പറയുന്നതുപോലെ, 'എന്റെ സാറേ ...ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല'. ഇത്തരത്തിൽ ഒരു അവസ്ഥയിലാണ് , കോഴിക്കോട് ബാലുശ്ശേരി സ്വദേശി രാഹുൽ വി നായർ എന്ന യുവാവ്. ഒടുവിലിതാ ആനപ്രേമം മൂത്ത് ആനയ്ക്കായി അമ്പലത്തിൽ പുഷ്പാഞ്ജലി കഴിപ്പിക്കുന്നതുവരെ എത്തി കാര്യങ്ങൾ.

ചെറുപ്പം മുതൽ കടുത്ത ആനപ്രേമിയാണ് രാഹുൽ. ഏറ്റവും പ്രിയം കുന്നത്തൂർ രാമു എന്ന കൊമ്പനോടു തന്നെ. സർവലക്ഷണങ്ങളും ഒത്തിണങ്ങിയ കുന്നത്തൂർ രാമു, ഏറ്റവും പാവത്താനായ ആന എന്ന നിലയിലും പ്രശസ്തനാണ്. ശാന്ത സ്വഭാവമുള്ള രാമുവിന്റെയടുത്ത് കുട്ടികൾക്കു പോലും എളുപ്പത്തിൽ ചെല്ലാം. ഈ സവിശേഷതകൾ എല്ലാമാണ് രാഹുലിനെ രാമുവിന്റെ ആരാധകനാക്കി മാറ്റിയത്. 

ഇപ്പോഴിതാ, പൊലിയേടത്ത് വിഷുക്ഷേത്രത്തിൽ രാഹുൽ തന്റെ പ്രിയപ്പെട്ട ഗജവീരന് വേണ്ടി പുഷ്പാഞ്ജലി നടത്തിയിരിക്കുന്നു. ആനയുടെ ജന്മ നക്ഷത്രം അറിയാത്തതിനാൽ , രാമു ആനയെ ആദ്യമായി കണ്ട ദിവസത്തെ നക്ഷത്രം ഗണിച്ചെടുത്താണ് തൃക്കേട്ട നക്ഷത്രത്തിൽ പുഷ്പാഞ്ചലി കഴിച്ചത്. ആനയുടെ ദീർഘായുസ്സിനു വേണ്ടിയാണ് രാഹുൽ പുഷ്പാഞ്ജലി കഴിച്ചത്.

'' കോഴിക്കോട് ശ്രീരാമപുരം എന്ന ക്ഷേത്രത്തിൽ പള്ളിവേട്ടയ്ക്കായി വന്നപ്പോഴാണ് ഞാൻ കുന്നത്തൂർ രാമുവിനെ ആദ്യമായി കാണുന്നത്. ഉച്ചയ്ക്ക് 12  മണിയോടെയായിരുന്നു ഞാൻ അവനെ ആദ്യമായി കണ്ടത്. ആ സമയത്ത് തൃക്കേട്ട നക്ഷത്രമായിരുന്നു. എന്റെ ഒരു വിശ്വാസത്തിന്റെ പുറത്താണു ഞാൻ പിന്നീട് ആ നക്ഷത്രത്തിൽ വഴിപാടുകൾ കഴിപ്പിച്ചു തുടങ്ങിയത്'' രാഹുൽ പറയുന്നു. 

താൻ പൂരപ്രേമി അല്ല ആനപ്രേമിയാണ്, ആനകളെ ഉപദ്രവിക്കുന്നത് തടയേണ്ട കാര്യമാണ് എന്നും ഈ യുവാവു പറയുന്നു. എല്ലാ നാട്ടാനകളും ആരോഗ്യത്തോടെ ഇരിക്കണം എന്നാണ് രാഹുലിന്റെ ആഗ്രഹം. രാഹുലിനെ പോലെ, കൊമ്പന്റെ വമ്പ് അറിയുന്ന ഒരുവൻ, ഒരു കടുത്ത ആരാധകൻ തനിക്കുണ്ട് എന്നതിൽ കുന്നത്തൂർ രാമുവിനും അഭിമാനിക്കാം . 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam