Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരഡാറ് പ്രൊപോസൽ, വൈറലായി കൂട്ടുകാരികളുടെ പ്രണയം

Lyd ലിഡും മെഗും

പ്രൊപോസ് ചെയ്യൽ എങ്ങനെയൊക്കെ വെറൈറ്റിയാക്കാം എന്നു ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. കാൽമുട്ടിലിരുന്ന് റോസാപൂ നൽകിയും മോതിരം നീട്ടിയും ലവ്‌ലെ‌റ്റർ കൊ‌ടുത്തുമൊക്കെ പ്രണയം പറയുന്നത് ഔട്ടായി. ന്യൂജെന്നിന് പ്രൊപോസ് ചെയ്യലിലും അൽപം പുതുമയുണ്ട്. ഇതുവരെ ആരും പരീക്ഷിക്കാത്തൊരു രീതിക്കു വേണ്ടിയാകും പലരും തലപുകയ്ക്കുന്നതും, അതിനായി കാശെത്ര മുടക്കാൻ തയാറാകുന്നവരും ഉണ്ട്. എന്നാല്‍ സമൂഹമാധ്യമത്തിൽ ഇപ്പോള്‍ വൈറലാകുന്നൊരു പ്രൊപോസൽ കഥ അതിശയിപ്പിക്കുന്നതാണ്. ഇതിലും മനോഹരമായൊരു പ്രൊപോസൽ സ്വപ്നങ്ങളിൽ മാത്രമെന്നാണ് കാണുന്നവർ പറയുന്നത്. 

ഒരു ലെസ്ബിയൻ ജോഡിയുടെ പ്രണയകഥയാണിത്. ന്യൂയോർക് സ്വദേശികളായ ലിഡ് ഫാമയും കൂട്ടുകാരി മെഗും ഏറെ നാളായി കൂട്ടുകാരാണ്. എന്തിനും ഏതിനും താങ്ങും തണലുമായി നിൽക്കുന്നവർ. സൗഹൃദം പ്രണയത്തിലേക്കു വഴിമാറുന്നത് രണ്ടുപേരും തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അതു പറയാനൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു അവർ. എന്നാൽ മെഗിനെപ്പോലും ഞെട്ടിച്ചുകൊണ്ട് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത വിധത്തിൽ ലിഡ് അവളെ പ്രൊപോസ് ചെയ്തു. 

lyd-1 ലിഡും മെഗും

ഒടുവിൽ എന്നെന്നും ഓർമയിൽ സൂക്ഷിക്കുന്ന ആ യാത്രയിൽ വച്ചുതന്നെ ലിഗ് മെഗിനോടുള്ള ഇഷ്ടം അറിയിച്ചു. ന്യൂയോർക്കിലെ പ്രശസ്തമായ മിനിവാസ്ക സ്റ്റേറ്റ് പാർക്കിൽ എത്തിയതായിരുന്നു ഇരുവരും. സ്ഥലം കാണുന്നതിനൊപ്പം ചിത്രങ്ങളും പകർത്തിക്കൊണ്ടിരിക്കുന്നതിനിടെ മെഗിനോടു പോസ് ചെയ്യാൻ ലിഡ് ആവശ്യപ്പെട്ടു. ക്യാമറയെ നോക്കി പോസ് ചെയ്യുന്നതിനു പകരം  തിരിഞ്ഞുനിന്നു പോസ് ചെയ്യാനാണ് ലിഡ് പറഞ്ഞത്. കൂട്ടുകാരി പറഞ്ഞത് അക്ഷരംപ്രതി കേൾക്കുകയും ചെയ്തു മെഗ്. മനോഹരമായ പ്രകൃതിഭംഗി നോക്കിനിൽക്കുന്ന തന്റെ ചിത്രം ലിഡ് പകർത്തിയതു കാണാൻ കാത്തിരിക്കുകയായിരുന്നു മെഗ്. 

എന്നാൽ രണ്ടു ചിത്രങ്ങള്‍ പകർത്തവെ തിരിഞ്ഞുനിന്നു പോസ് ചെയ്യുന്ന മെഗ് കാണാതെ മാരി, മീ എന്നെഴുതിയ രണ്ടു കാർഡുകൾ ക്യാമറയ്ക്കു മുന്നിലായി ലിഡ് പിടിച്ചിരുന്നു. ശേഷമാണ് ട്വിസ്റ്റ്, സ്ഥലമൊക്കെ കണ്ടു തിരികെയെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളെല്ലാം എങ്ങനെയിരിക്കുന്നുവെന്നൊന്നു നോക്കിയാലോ എന്ന് ലിഡ് മെഗിനോടു ചോദിച്ചു. ചിത്രങ്ങളോരോന്നായി നോക്കുന്നതിനിടെയാണ് തന്റെ ചിത്രവും അതിനു മുന്നിൽ ലിഡ് പിടിച്ചിരുന്ന മാരി,മീ എന്ന കാർഡുകളും മെഗ് കാണുന്നത്. പിന്നെ പറയണോ, താൻ പറയാൻ മനസ്സിൽ കൊണ്ടുനടന്നിരുന്ന കാര്യം ലിഡിൽ നിന്നു കേട്ടതോടെ കക്ഷി സന്തോഷംകൊണ്ടു തുള്ളിച്ചാടി.

എന്തായാലും ഇരുവരുടെയും പ്രണയത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സമൂഹമാധ്യമം. പ്രണയം പറയാൻ ഡയമണ്ട് മോതിരമോ വിലപിടിപ്പുള്ള സമ്മാനങ്ങളോ ഒന്നും വേണ്ട ഒരു ക്യാമറയും അത്യാവശ്യം ക്രിയേറ്റിവിറ്റിയുള്ളൊരു മനസ്സും മതിയെന്നു വ്യക്തമാക്കുകയാണ് ഈ പ്രണയജോഡികൾ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam