Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷോപ്പിലേക്ക് ഇടിച്ചു കയറി ട്രക്; വണ്ടി ഓടിച്ചത് ' നായ '!!

Dog drives truck

ഓമന മൃഗങ്ങളുടെ ഗുണഗണങ്ങൾ വാഴ്ത്തുന്നത് എല്ലാവർക്കും ഇഷ്ടമുള്ള ഏർപ്പാടാണ്. അതിന്റെ കളിയും കുസൃതിയും ശൗര്യവുമെല്ലാം വിവരിക്കാൻ പലർക്കും നൂറു നാക്കാണ്. എങ്കിലും ചൈനയിലെ ഈ നായയുടെ യജമാനന്റെ അത്രത്തോളം ഒന്നും വരില്ല. അദ്ദേഹത്തിന്റെ നായ ഒറ്റയ്ക്ക് വണ്ടിയോടിക്കും. നാട്ടുകാർക്കു പണിയായ ആ ഡ്രൈവിങ് കഥ നാട്ടിൽ പാട്ടാണിപ്പോൾ. 

ചൈനയിലെ ജുവാൻസു പ്രവിശ്യയിലാണ് സംഭവം. കഴിഞ്ഞ ദിവസം പകൽ നേരത്താണ് നഗരത്തിലെ ഒരു മൊബൈൽ ഷോപ്പിൽ നായ മൂന്നു ചക്രമുള്ള ചരക്കുവണ്ടി ഓടിച്ചു കയറ്റിയത്. ഭാഗ്യത്തിന് കടയിൽ അപ്പോൾ ആളുകൾ അധികം ഇല്ലായിരുന്നു. ചില്ലു വാതിലുകളിൽ ഒരെണ്ണം തകർത്താണ് വണ്ടി ഇടിച്ചു കയറിയത്. ജീവനക്കാരാകെ ഞെട്ടിത്തരിച്ചു നിൽക്കുമ്പോഴാണ് ഡ്രൈവിങ് സീറ്റിൽ ആളില്ലെന്ന സത്യം മനസ്സിലാക്കുന്നത്.. എന്നാൽ അൽപം സമയത്തിനുശേഷം അവരെ അദ്ഭുതപ്പെടുത്തി ശ്വാന ഡ്രൈവർ പുറത്തുവന്നു.

ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ ഈ അപകട വിഡിയോ ഹിറ്റാണ്. നായയുടെ ഉടമസ്ഥനാണ് സംഭവത്തിലെ ‘യഥാർഥ കുറ്റവാളി’. 

അപകടം നടന്ന മൊബൈൽ ഷോപ്പിനടുത്ത് മറ്റൊരു കടയിൽ കച്ചവടക്കാരനാണ് അദ്ദേഹം. കടയിലേക്കുള്ള ആവശ്യം കഴിഞ്ഞ് ഇലക്ട്രിക് വണ്ടി ഓഫാക്കാതെ കക്ഷി പുറത്തിറങ്ങുകയായിരുന്നു. വളർത്തുനായ ഈ സമയം വണ്ടിയിലുണ്ടായിരുന്നത് അയാൾ ശ്രദ്ധിച്ചില്ല. ഈ തക്കത്തിലാണ് നായ പണി പറ്റിച്ചത്. വണ്ടിയുടെ ആക്സിലറേറ്ററിൽ കാൽ അമർത്തിയതോടെ കുതിച്ചു പായുകയായിരുന്നു. ചില്ലുവാതിലുകളിൽ ഒന്ന് ഇടിച്ചു തെറിപ്പിച്ചാണ് വണ്ടി മൊബൈൽ കടയിൽ ‘പാർക്ക്’ ചെയ്തത്. എങ്കിലും ആളുകൾക്കോ വണ്ടിയോടിച്ച നായയ്ക്കോ പരുക്കില്ല. എന്തായാലും ഉണ്ടായ നഷ്ടത്തിനു മൊബൈൽ കടയുടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കുക തന്നെ ചെയ്തു. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് ഫെയ്സ് ബുക്കിൽ പ്രചരിക്കുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam