Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ബീഫ് ഈസ് ദി സീക്രട്ട് ഓഫ് അവർ എനർജി', സാധ്വിക്കു ട്രോളോടു ട്രോൾ

Sadhvi Saraswati മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായ ബീഫിനെ തള്ളിപ്പറഞ്ഞ സാധ്വി സരസ്വതിക്ക് സമൂഹമാധ്യമത്തിലാകെ ട്രോൾ ആണ്...

''നല്ല നാടൻ ബീഫ്കറി എന്നു കേൾക്കുമ്പോൾ തന്നെ നാവിൽ കപ്പലോടും അല്ലേ? എന്നാൽ ഇതെങ്ങനെ ഉണ്ടാക്കാം എന്നൊന്നു നോക്കാം. '' വിഎച്ച്പി നേതാവ് സാധ്വി സരസ്വതിയുടെ ഫേസ്ബുക് പേജിലാകെ ഇപ്പോൾ ബീഫും ബീഫ് റെസിപ്പിയുമാണ്. മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായ ബീഫിനെ തള്ളിപ്പറഞ്ഞ സാധ്വി സരസ്വതിക്ക് സമൂഹമാധ്യമത്തിലാകെ ട്രോൾ ആണ്. പശുവിനെ കൊല്ലുന്നവരെ ജനമധ്യത്തിൽ കഴുത്തറുക്കണമെന്ന് ആഹ്വാനം ചെയ്തതിനാണ് സാധ്വിക്ക് ബീഫ് കൊണ്ടു മലയാളികൾ ട്രോൾ ശരങ്ങൾ എയ്യുന്നത്.

'ബീഫ് ഈസ് ദി സീക്രട്ട് ഓഫ് അവർ എനർജി', ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വർഗീയതയുടെ വിത്തുകൾ പാകാൻ അനുവദിക്കില്ലെന്നും തങ്ങൾ ബീഫ് കഴിച്ച് സമാധാനത്തോടെയാണ് ഇവിടെ കഴിയുന്നതെന്നും പോകുന്നു കമന്റുകൾ. വേറെ എന്തിനെക്കുറിച്ചു വേണമെങ്കിലും കുറ്റം പറഞ്ഞോ പ്രശ്നമില്ല, പക്ഷേ ബീഫിനെക്കുറിച്ചു പറയാൻ വന്നാൽ അടങ്ങിയിരിക്കില്ലെന്നും കേരളത്തെ ഉത്തർപ്രദേശ് പോലെയാണെന്നു തെറ്റിദ്ധരിക്കരുത്, സാധ്വി സരസ്വതി താങ്കൾക്കു വന്ന എല്ലാ കമന്റുകളും വായിക്കണം ബീഫ് വിഷയത്തിൽ മലയാളികൾ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഭേദമില്ലാതെ ഒറ്റക്കെട്ടായി നിന്നു പ്രതിരോധിക്കുമെന്നൊക്കെ വേറെ ചിലർ കമന്റ് ചെയ്യുന്നു. 

Troll

നേരത്തെ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറിനെ അറിയില്ലെന്നു പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ ഫെയ്സ്ബുക് പേജ് മലയാളികൾ ട്രോളിൽ മുക്കിയതുപോലെയായി ഇപ്പോള്‍ സാധ്വിയുടെയും അവസ്ഥ. മലയാളികളോടാണോ കളിയെന്നും ബീഫും പൊറോട്ടയും വികാരമായ കേരളത്തിൽ വന്ന് ഇനിയിത്തരം പരാമർശനം നടത്തരുതെന്നും കമന്റുകൾ ചെയ്യുന്നവരുണ്ട്. എന്തായാലും ആ ഒരൊറ്റ പരാമർശം കൊണ്ട് സാധ്വി സരസ്വതിയുടെ ഫേസ്ബുക് പേജിലാകെ ഇപ്പോൾ മലയാളികളുടെ ഘോഷയാത്രയാണ്. മലയാളം കമന്റുകളൊക്കെ സാധ്വി എങ്ങനെ വായിച്ചു മനസ്സിലാക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.

കാസർകോട് ബദിയടുക്കയിൽ വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സാധ്വിയുടെ വിവാദപരമായ  പരാമർശം. കേരളത്തിൽ മാത്രമാണു ഗോമാതാവിനെ കൊല്ലുന്നതും ബീഫ് ഫെസ്റ്റ് നടത്തുന്നതും. ഇങ്ങനെയുള്ള കശാപ്പുകാർക്കു ജീവിക്കാൻ യോഗ്യതയില്ല. പശുവിനെ അമ്മയായല്ലേ നിങ്ങൾ കരുതുന്നത്? ജനമധ്യത്തിൽ അമ്മയെ അപമാനിക്കുന്നതു കണ്ടു നിൽക്കുമോ? പശുവിനെ പൊതുസ്ഥലത്തു കൊല്ലുന്നവരെ അതേ രീതിയിൽ കൊല്ലണം – അവർ പറഞ്ഞു. സനാതൻ ധർമ പ്രചാർ സേവാ സമിതി എന്ന ഹിന്ദു സംഘടനയുടെ പ്രസിഡന്റാണു മധ്യപ്രദേശുകാരിയായ സാധ്വി.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

.