Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടപ്പാൾ പീഡനം; കൊടുക്കാം ആ തിയറ്റർ ഉടമയ്ക്കുമൊരു കയ്യടി

Moideen പ്രതി മെ‍ായ്തീൻകുട്ടി

പിഞ്ചുകുഞ്ഞുങ്ങളെന്നു പോലും ഭേദമില്ലാതെ ആക്രമിക്കപ്പെ‌ടുന്ന വാർത്തകള്‍ ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുകയാണ്. കുട്ടികളെ കരുതലോടെയും വാത്സല്യത്തോടെയും കാണുന്നവരുടേതു മാത്രമല്ല അവരെ ലൈംഗികമായി പീഡിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്ന പൈശാചിക ചിന്താഗതിക്കാരുടേതു കൂടിയായി ഈ ലോകം. കഴിഞ്ഞ ദിവസം മലപ്പുറം എടപ്പാളിൽ നിന്നും പുറത്തു വന്ന വാർത്തയും സൂചിപ്പിക്കുന്നത് അതാണ്. എടപ്പാളിലെ ഒരു തിയറ്ററിൽ വച്ചു കൂടെയുണ്ടായിരുന്ന പത്തുവയസ്സുകാരിയോടു ലൈംഗികാതിക്രമം കാണിച്ച മെയ്തീൻകുട്ടി എന്ന അറുപതുകാരനാണ് കേരളത്തെയാകെ ഞെട്ടിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പീഡനം തിരിച്ചറിഞ്ഞ തിയറ്റർ അധികൃതരാണ് വിവരം പുറത്തുവിടുന്നത്. ഇത്തരം ക്രൂരതകൾ വച്ചുപൊറുപ്പിക്കരുതെന്നു പറയുന്നതിനൊപ്പം അതു ലോകത്തോടു തുറന്നു കാണിക്കാൻ ചങ്കൂറ്റം കാണിച്ച തിയറ്റർ ഉ‌ടമയെ അഭിനന്ദിച്ചും സമൂഹമാധ്യമത്തിലാകെ കുറിപ്പുകൾ നിറയുകയാണ്.

പ്രതി മൊയ്തീൻ നേരത്തെയും ഇതേതരത്തിൽ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. അമ്മയുടെ ഒത്താശയോടെ അവർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ വച്ചായിരുന്നു പീഡനമെന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടും സമ്മതത്തോടെയുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മലപ്പുറം എടപ്പാളിലെ തിയറ്ററിൽവച്ച് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച തൃത്താല സ്വദേശി കാങ്കുന്നത്ത് മെയ്തീൻകുട്ടിയെ അറസ്റ്റു ചെയ്തത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ (പോക്സോ) നിയമം അനുസരിച്ചാണു കേസെടുത്തത്. പിന്നാലെ പെൺകുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേസെടുക്കാൻ വൈകിയതിന് സസ്പെൻഷനിലായ ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിക്കെതിരെ പോക്സോ ചുമത്തണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയതായും വിവരമുണ്ട്.

സിനിമ കാണാനെത്തിയ മെയ്തീൻകുട്ടി ഒപ്പമുണ്ടായിരുന്ന പത്തു വയസ്സുകാരിയോടു ലൈംഗികാതിക്രമം കാണിച്ച സംഭവത്തിലെ കുറ്റവാളികൾ ഇന്നു നിയമത്തിനു മുൻപിലെത്തുമ്പോൾ കേരളം എഴുന്നേറ്റു നിന്നു കയ്യടിക്കുകയാണ് ആ തിയറ്റർ ഉടമയെ. തിയറ്ററിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു പീഡനം തിരിച്ചറിഞ്ഞു പുറത്തെത്തിച്ച ഉടമയ്ക്കു നവമാധ്യമങ്ങളിലും അഭിനന്ദന പ്രവാഹം. ‌എഴുത്തുകാരി ശാരദക്കുട്ടിയും അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തും തിയറ്റർ ഉടമകളെ അഭിനന്ദിച്ചു കുറിപ്പെ‌ഴുതിയിരുന്നു...

അഭിനന്ദനക്കുറിപ്പുകളിലേക്ക്...

 ''സിനിമയെടുക്കുന്നവർക്കും സിനിമയിൽ നടിക്കുന്നവർക്കും മാത്രം കയ്യടിച്ചു ശീലിച്ച നമ്മൾ, സിനിമ കാണിക്കുന്നവർക്കു വേണ്ടിയും ഇതാദ്യമായ് കയ്യടിക്കുകയാണ്. തിയറ്റർ ഹാളിലെ ഇരുട്ടിലേക്കു ചാരക്കണ്ണുകൾ തുറന്നിരിക്കുന്ന സിസിടിവി ക്യാമറകളുടെ സ്വകാര്യതാ ഭേദനത്തെക്കുറിച്ചുള്ള ചർച്ചകൾ തൽക്കാലത്തേക്കു മാറ്റി വയ്ക്കുക. കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാനുള്ള നിയമം (പോക്സോ-2012 ) നിലവിൽ വന്ന ശേഷം ഒരു പക്ഷേ ഇതാദ്യമാകും, ഒരു സ്ഥാപനം, സ്വന്തം ഇടത്തിലെ ഇത്തരമൊരു അതിക്രമത്തെക്കുറിച്ചു പുറത്തറിയിക്കാനും നിയമപരിഹാരം തേടാനും തയാറാകുന്നത്. അങ്കണവാടി മുതൽ സർവകലാശാല വരെയുള്ള സ്ഥാപനങ്ങൾ, എന്തിനേറെ ആത്മീയ കേന്ദ്രങ്ങൾ പോലും സൽപ്പേരു നഷ്ടപ്പെടുമെന്നു ഭയന്ന്, ‘ഇരയ്ക്കു’ ദുഷ്പേരു വരുമെന്നു ഭയപ്പെടുത്തി, അനീതികളും അക്രമങ്ങളും ഒത്തുതീർപ്പാക്കി ഒളിച്ചു വയ്ക്കുന്നൊരു കാലത്ത്, ‘വെറും വാണിജ്യശാല’ യായൊരു സിനിമാക്കൊട്ടകയിൽ നിന്നു നന്മയുടെ വെള്ളിവെളിച്ചം പുറത്തു വരുന്ന ഇത്തരം നിമിഷങ്ങളിലാണു സിനിമാ തിയറ്ററുകൾ ശരിക്കും സാംസ്കാരിക ശാലകളാകുന്നത്. സിനിമകൾ മാത്രമല്ല, കൊട്ടകകളും കയ്യടിക്കപ്പെടട്ടെ.''

**********

''എടപ്പാൾ പീഡനം ,ആദ്യം പിടിക്കണ്ടത് മൊയ്തീന്റെ കൂടെയുള്ള കാഞ്ചനയെയാണ് 😡😡

അഭിനന്ദിക്കണ്ടത് ആ തിയറ്ററിന്റെ ഉടമയെയും സ്റ്റാഫിനേയുമാണ് കാരണം അവർ ഇത് മറയ്ക്കാൻ ശ്രമിച്ചില്ലല്ലൊ അവര്കാരണമല്ലെ ഇത് പുറം ലോകം അറിഞ്ഞത്. അവർക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്..''

************

ശാരദക്കുട്ടിയുടെ  കുറിപ്പിലേക്ക്....

തീയേറ്ററുകളിൽ സി സി ടി വി ഇല്ലാത്ത കാലം. കോളേജിൽ നിന്ന് ഞങ്ങൾ 5 പെൺകുട്ടികൾ കാറ്റത്തെ കിളിക്കൂട് എന്ന ചലച്ചിത്രം കാണുവാൻ കോട്ടയത്തെ ആനന്ദ് തീയേറ്ററിൽ മാറ്റിനിക്കു കയറി. സിനിമക്കു നല്ല തിരക്കാണ്. 5 സീറ്റ് അടുപ്പിച്ചു കിട്ടിയത് ഭാഗ്യമായി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ചെറിയ തോണ്ടലുകൾ കുത്തലുകൾ ഒക്കെ പിന്നിൽ നിന്ന് കിട്ടാൻ തുടങ്ങി. അന്നൊക്കെ സിനിമക്കു പോകുമ്പോൾ തത്കാലാശ്വാസത്തിനായി സേഫ്റ്റി പിൻ, ബ്ലേഡ് ഇതൊക്കെ മിക്കപെൺകുട്ടികളും കയ്യിൽ കരുതും. തിരിച്ച് ചെറിയ തോതിലുള്ള പ്രതിരോധ ശ്രമങ്ങൾ നടത്തിയെങ്കിലും ഒറ്റ ടീമായി വന്നിരിക്കുന്ന അവന്മാർക്ക് യാതൊരു അടക്കവുമില്ല.

സിനിമയിൽ രേവതി മോഹൻലാലിനോടും ശ്രീവിദ്യയോടുമുള്ള വാശി തീർക്കാൻ ഗോപിയെ പ്രലോഭിപ്പിക്കുന്ന രംഗമായി. ഞങ്ങൾക്ക് സിനിമ ശ്രദ്ധിക്കാനേ കഴിയുന്നില്ല. പിന്നിലൂടെ, വശങ്ങളിലൂടെ കൈകൾ നീണ്ടു നീണ്ട് വരുന്നു. ദേഹത്താകെ പരതുന്നു.. മാനേജറുടെ ഓഫീസിൽ ചെന്ന് പ്രശ്നം അവതരിപ്പിച്ചു. അവർ ഉടനെ വന്ന് ശല്യകാരികളെ താക്കീതു ചെയ്തു. ഇറക്കി വിട്ടൊന്നുമില്ല. ഞങ്ങൾ സിനിമ കാണാൻ ശ്രമിച്ചെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. ഒരു മനസ്സമാധാനവുമില്ല. തീയേറ്റർ വിട്ട് ഇറങ്ങിപ്പോയതുമില്ല. എന്താന്നു ചോദിച്ചാൽ അറിയില്ല. അന്നത്തെ കാലത്ത് ചില ഭയങ്ങൾ അങ്ങനെയാണ് പ്രവർത്തിച്ചത് എന്നേ ഉത്തരമുള്ളു. ആൾക്കൂട്ടത്തിന്റെ കൂടെ പുറത്തിറങ്ങിയാൽ മതിയെന്ന് തമ്മിൽത്തമ്മിൽ വിറയ്ക്കുന്ന കൈകൾ കൂട്ടിപ്പിടിച്ചു ഞങ്ങൾ തീരുമാനിച്ചു.

ഞങ്ങളാണ് തെറ്റുകാരികളെന്ന് സ്വയം കുറ്റപ്പെടുത്തി. എങ്ങനെയോ രണ്ടര മണിക്കൂർ തള്ളി നീക്കി. സിനിമ തീർന്നപ്പോഴും ഭയം കുറ്റവാളികൾക്കല്ല, ഞങ്ങൾക്കാണ്, അവന്മാരെ വെളിച്ചത്ത് തിരിച്ചറിയാമല്ലോ എന്നല്ല,അവന്മാർ ഞങ്ങളെ തിരിച്ചറിയുമോ എന്നാണ് വേവലാതി. വേഗമിറങ്ങി തിരക്കിലൂടെ ഓടുകയാണ്. പരസ്പരം ചേർത്തു പിടിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ ഇടവഴിയിൽ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളിൽ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചു കളഞ്ഞിരിക്കുന്നു. ഒരാളുടെ വെളുത്ത പാവാടയിൽ മുറുക്കിത്തുപ്പിയിരിക്കുന്നു.

ഇന്നും കാറ്റത്തെ കിളിക്കൂട് ടി വി യിൽ കാണുമ്പോൾ ഞങ്ങൾ പരസ്പരം ഫോണിൽ ബന്ധപ്പെടും. ബലവാന്മാരെ ഭയന്ന് നിശ്ശബ്ദരായിപ്പോയ പെൺകുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ്മയാണ് ഇന്നും ആ ചിത്രം .

എടപ്പാളിലെ തീയേറ്ററുടമയോട് ബഹുമാനം തോന്നുന്നു. ഇരുട്ടിൽ ആരുമറിയാതെ എത്രയോ തീയേറ്ററുകളിൽ സംഭവിക്കുന്ന ക്രൂരതകളിൽ ഒന്നു മാത്രമാകാം ഇത്. ആ തീയേറ്ററുടമ കാണിച്ച സാമൂഹിക നീതിബോധം പോലും കാണിക്കാതിരുന്ന പോലീസിനോട് പുച്ഛമാണ് തോന്നുന്നത്. അവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകണം. 

*******

ദീപ നിശാന്തിന്റെ കുറിപ്പിലേക്ക്...

ഈജിപ്ഷ്യൻ സുന്ദരി ക്ലിയോപാട്രയെപ്പറ്റി ഒരു കഥ കേട്ടിട്ടുണ്ട്. പ്രാചീന ഈജിപ്ഷ്യൻ ആചാരപ്രകാരം ശവശരീരം മൂന്ന് ദിവസത്തേക്ക് മറവു ചെയ്യുകയില്ലത്രേ. ക്ലിയോപാട്ര മരിച്ചപ്പോൾ, ആ മൂന്നു ദിവസം മുഴുവൻ ആ ശരീരം ഭോഗിക്കപ്പെട്ടു എന്നാണ് കഥ.. അതേപ്പറ്റി ഓഷോ പറയുന്നതിപ്രകാരമാണ്:

" എന്തു തരം മനുഷ്യരായിരിക്കും ശവത്തെ ഭോഗിക്കുക! ആദ്യം അത്ഭുതം തോന്നി.... പിന്നീടെനിക്കു തോന്നി അതത്ര വിചിത്രമായ കാര്യമൊന്നുമല്ല. എല്ലാ പുരുഷന്മാരും അതു തന്നെയാണ് ചെയ്യുന്നത്.."

പുരുഷന്മാരെല്ലാം പീഡകരാണ്, ശവഭോഗികളാണ് എന്ന കാഴ്ചപ്പാട് ഒട്ടുമില്ല... പക്ഷേ, പുരുഷന്മാരിൽ ചിലർ അത്തരക്കാരായുണ്ട്.. ശവശരീരത്തേയും പിഞ്ചുകുഞ്ഞുങ്ങളേയും പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ചിലർ നമുക്കു ചുറ്റുമുണ്ട്. അവർ അമ്പലങ്ങളിലുണ്ട്, പള്ളിമേടകളിലുണ്ട്, സ്കൂളുകളിലുണ്ട്, വീട്ടകങ്ങളിലുണ്ട്.... എല്ലായിടത്തുമുണ്ട്.. അവരിൽ ചിലർ മാത്രം പിടിക്കപ്പെടുന്നു.. ചിലരിപ്പോഴും നിർബാധം വിഹരിക്കുന്നു..

എടപ്പാളിലെ തിയേറ്ററിലെ സി സി ടിവി ദൃശ്യങ്ങൾ കണ്ടതിൻ്റെ ആഘാതം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ആ മനുഷ്യൻ എത്ര ആത്മവിശ്വാസത്തോടെയാണ് അടുത്തിരിക്കുന്ന പിഞ്ചു ശരീരത്തിലേക്ക് കൈ നീട്ടുന്നത്! ആ കൈനീട്ടലിൻ്റെ ധൈര്യം വീട്ടിനുള്ളിൽ ആ കുഞ്ഞ് ഒറ്റക്കാകുമ്പോൾ എത്രമാത്രം വർദ്ധിതവീര്യം കൈവരിക്കുന്നുണ്ടാകുമെന്നോർക്കുമ്പോൾ എനിക്ക് ഭയം തോന്നുന്നു.. എന്നെപ്പറ്റിയോർത്തല്ല... എൻ്റെ കുഞ്ഞുങ്ങളെപ്പറ്റിയോർത്ത്. എനിക്കു ചുറ്റുമുള്ള നിരവധി കുഞ്ഞുങ്ങളെപ്പറ്റിയോർത്ത്..

ജോലിക്കു പോകുന്ന അമ്മമാരുടെ ആധി പലതാണ്.. സ്കൂൾ നേരത്തെ വിട്ടാൽ, നേരത്തെ കുഞ്ഞുങ്ങൾ വീട്ടിലെത്തിയാൽ, അടുത്ത വീട്ടിലിരുന്നോളാം അമ്മേ എന്ന് നിഷ്കളങ്കമായി പറയുമ്പോഴും ഉള്ളിലെ ആന്തലടങ്ങില്ല.. ഒന്നുമുണ്ടാവില്ല, അവരൊക്കെ നല്ലവരല്ലേ എന്ന വ്യാജ സുരക്ഷിതത്വബോധത്തിലേക്ക് മനസ്സിനെ തള്ളിവിട്ട് അതിർത്തിയിലെ പട്ടാളക്കാരെപ്പോലെ പരീക്ഷാഹാളിൽ അങ്ങുമിങ്ങും നടക്കുമ്പോഴും ഉള്ളിൽ നേരത്തെ വീട്ടിലെത്തിയ കുട്ടികളുടെ മുഖമായിരിക്കും..

ആ വീർപ്പുമുട്ടൽ ഇനീം വർദ്ധിക്കും... ഇത്തരം ആളുകളേക്കാൾ ഭയപ്പെടുത്തുന്നത് അവരെ പിന്തുണയ്ക്കുന്നവരാണ്..

തിയേറ്ററിൽ വെച്ച് തനിക്കു നേരെ നീണ്ട കൈകളെ കുട്ടി തട്ടിമാറ്റിയില്ലെന്നും അതുകൊണ്ട് അത് ഉഭയസമ്മതപ്രകാരമുള്ള വിശുദ്ധ ബന്ധമാണെന്നും പറയുന്ന നീചജന്മങ്ങളേ....,

നിങ്ങൾക്കറിയാമോ,

പീഡനത്തിലെ എത്രയെത്ര സൂക്ഷ്മാനുഭവങ്ങളിലൂടെയാണ് ഓരോ പെണ്ണും കടന്നു പോകുന്നതെന്ന്?

ഇപ്പോഴും കൊളുത്തി വലിക്കുന്ന എത്രയെത്ര അനുഭവങ്ങൾ...!

പണ്ടൊരു ഡിഗ്രിക്കാലത്ത് കോളേജീന്ന് വരുമ്പോൾ ഒരാൾ മതിലിനോട് ചേർന്നു നിന്ന് അവയവ പ്രദർശനം നടത്തിയപ്പോൾ കാലുകൾ തണുത്തുറഞ്ഞ് മുന്നോട്ടു നീങ്ങാനാവാതെ നിശ്ചലയായതോർക്കുന്നു.. ഒപ്പമുണ്ടായിരുന്ന ദിവ്യ, "പോടാ പട്ടീ" ന്നും വിളിച്ച് രൗദ്രഭാവത്തോടെ താഴെ നിന്നും കല്ലെടുത്ത് അയാൾക്കു നേരെ എറിയുന്നതു കണ്ട് അന്തം വിട്ടിട്ടുണ്ട്! " ഇവൾക്കീ ധൈര്യം എവിടുന്ന് കിട്ടി!"യെന്ന് ആശ്ചര്യം തോന്നിയിട്ടുണ്ട്. അവളുടെ പകുതി ധൈര്യത്തിനായി കൊതിച്ചിട്ടുണ്ട്... അന്ന് ഞാൻ പഠിച്ചിരുന്നത് ഡിഗ്രിക്കായിരുന്നല്ലോ എന്നോർത്ത് പിന്നീട് ലജ്ജ തോന്നിയിട്ടുണ്ട്..

ചില ധൈര്യമില്ലാക്കാലങ്ങൾ മനുഷ്യരുടെയെല്ലാം ജീവിതത്തിലുണ്ടാകും.. ചില നിസ്സഹായതകൾ നമ്മെ നിശ്ശബ്ദരാക്കും.. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയോ,അടച്ചുറപ്പുള്ള ഒരു വീടിൻ്റെ സുരക്ഷിതത്വത്തിനു വേണ്ടിയോ മനുഷ്യർ ചിലപ്പോൾ പുഴുവിനെപ്പോൽ ചൂളിയൊതുങ്ങും.. ആ നിസ്സഹായതകളെ പരിഹസിക്കരുത്.. സമ്മതമായി വ്യാഖ്യാനിക്കരുത്...

ഭൂതകാലക്കുളിരുകളേ അധികമെഴുതാറുള്ളൂ.. വർത്തമാനത്തിലെ ചില പൊള്ളലുകളുണ്ട്.. തുറന്നെഴുതിയാൽ അത് പലരുടേയും സ്വകാര്യതകളെ ബാധിക്കും... പലതുമെഴുതാനാവില്ല.. "വരൂ, നമുക്ക് പരാതിപ്പെടാം... രക്ഷപ്പെടാം.. ഞാനുണ്ട്.. ഞാനുണ്ട്... " എന്ന വാക്കുകളിലൊന്നും ആത്മവിശ്വാസമില്ലാതെ, " വേണ്ട ടീച്ചറേ, ആരെങ്കിലുമറിഞ്ഞാൽ ഞാൻ മരിക്കും" എന്ന ആത്മഹത്യാ ഭീഷണിയിൽ നിസ്സഹായയായി എന്തു ചെയ്യണമെന്നറിയാതെ ആത്മനിന്ദയോടെ നിന്നിട്ടുണ്ട്...

ബിന്ദു തിയേറ്ററിന് പുറകിലെ വഴിയിൽ വെച്ച് അശ്ലീല പ്രദർശനം നടത്താറുള്ള മനുഷ്യനെ അമല ഹോസ്പിറ്റലിൻ്റെ ഇടനാഴിയിൽ വെച്ച് ഒരിക്കൽ കുടുംബസമേതം കണ്ടിട്ടുണ്ട്.. അയാളുടെ കൈവിരലിൽ തൂങ്ങി നടന്നു നീങ്ങുന്ന കുഞ്ഞിനെപ്പറ്റിയോർത്ത് രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് വെന്തിട്ടുണ്ട്..എത്ര വിശ്വാസ പൂർവ്വമാണ് നമ്മൾ ചിലപ്പോൾ ചില വിരലുകളിൽ തൂങ്ങിയിട്ടുള്ളത് ! ചെറിയ കുട്ടികൾ ടെഡ്ഡി ബെയറിനെ കെട്ടിപ്പിടിച്ചു നടക്കുന്നതു പോലെ.. എല്ലാ പ്രതിസന്ധികളിൽ നിന്നും ഭയങ്ങളിൽ നിന്നും ആ പാവക്കരടി നമ്മെ രക്ഷിക്കുമെന്നാണ് കുട്ടിയുടെ വിശ്വാസം.. എല്ലാ വിശ്വാസങ്ങളും ഒരർത്ഥത്തിൽ പാവക്കരടികളാണ്..!

പ്രതികരിക്കാനാകാതെ നിശ്ശബ്ദം നിന്ന സന്ദർഭങ്ങളെപ്പറ്റിയോർത്ത് പിന്നീട് ലജ്ജ തോന്നിയിട്ടുണ്ട്.... ഞാനിത്രയ്ക്കല്ലേ ഉണ്ടായിരുന്നുളളൂ എന്നോർത്ത് ആത്മനിന്ദയുടെ അഗാധഗർത്തങ്ങളിൽ വീണ് പിടഞ്ഞി ട്ടുണ്ട്...

മിഥുൻ മേരി റാഫിയുടെ വരികളോർമ്മ വരുന്നു..

" ഒരു കുഞ്ഞിന് ചിരിച്ചു കൊണ്ട് പിറന്നു വീഴാൻ തക്കവിധം ഈ ഭൂമി ഇനിയും പരുവപ്പെട്ടിട്ടില്ല!"

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന / അതിന് ഒത്താശ ചെയ്തു കൊടുക്കുന്ന / അതിനെ ന്യായീകരിക്കുന്ന അഭിശപ്ത ജന്മങ്ങളേ...., ..

ധർമ്മപുരാണത്തിലെ അശ്ലീലവർണ്ണനകളെപ്പറ്റിയും തെറികളെപ്പറ്റിയും ഒ.വി.വിജയനോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു മറുപടിയുണ്ട്..

" വ്യവസ്ഥിതിയുടെ ജീർണതയെ കുറിക്കുവാൻ ഇതിനേക്കാൾ നാറ്റമുള്ള പദങ്ങൾക്കായാണ് ഞാൻ തിരഞ്ഞത് !! "

ഞാനും തിരയുകയാണ്..

എൻ്റെ ഭാഷ അപൂർണമാണ്...

നിങ്ങളെ വിശേഷിപ്പിക്കത്തക്ക തെറികളൊന്നും എൻ്റെ ഭാഷയിലിന്നോളമുണ്ടായിട്ടില്ലല്ലോ എന്നോർത്ത് ഞാൻ ലജ്ജിക്കുന്നു....

എൻ്റെ വായിലെ എല്ലാ കഫക്കട്ടകളും നിൻ്റെയൊക്കെ മുഖത്തേക്ക് ഞാൻ നീട്ടിത്തുപ്പുന്നു...''

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam