Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടി ചാടാൻ മടിച്ചു, പരിശീലകൻ തള്ളി; ഒടുവിൽ മരണം, വിഡിയോ

Tamilnadu accident

അപകടത്തിൽ നിന്ന് രക്ഷനേടാനുള്ള ദുരന്തനിവാരണ പരിശീലനം നേടുന്നതിനിടെ മരണപ്പെട്ട വിദ്യാർഥിനിയെ പരിശീലകൻ നിർബന്ധപൂർവ്വം തള്ളിയിടുന്നതായ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ചാടാൻ മടിച്ച പെൺകുട്ടിയെ പിന്നിൽ നിന്നു തള്ളിയിടുകയായിരുന്നുവെന്ന് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തം. പരിശീലകന്റെ അശ്രദ്ധയാണ് ഇവിടെ വിനയായത്.

അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സത്യം പുറത്തായത്. പെണ്‍കുട്ടി ചാടാന്‍ മടി കാണിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ പരിശീലകന്‍ പിന്നില്‍ നിന്നു തള്ളുകയായിരുന്നു. കെട്ടിടത്തിനു താഴെ മറ്റു വിദ്യാര്‍ഥികള്‍ പിടിച്ചിരിക്കുന്ന വലയിലേക്കായിരുന്നു ചാടേണ്ടത്. എന്നാൽ, ചാടുന്നതിനിടെ പെൺകുട്ടിയുടെ തല ഒന്നാം നിലയിലെ സണ്‍ഷൈഡിൽ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഇവിടെ വച്ചായിരുന്നു മരണം. തീപിടിത്തം പോലെയുളള സാഹചര്യങ്ങളെ നേരിടാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു കോളേജ് അധികൃതരുടെ ലക്ഷ്യം. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് മോക് ഡ്രില്‍ നടന്നതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞെങ്കിലും സംഭവം അറിഞ്ഞിട്ടില്ലെന്നാണ് തമിഴ്നാട് ദുരന്തനിവാരണ ഏജന്‍സി പ്രതികരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കെ.പി.അന്‍പളകന്‍ വ്യക്തമാക്കി. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ലോഗേശ്വരി. ദേശീയ ദുരന്ത നിവാരണ സേനയിലെ പരിശീലകനെന്ന് അവകാശപ്പെടുന്ന ആര്‍.അറുമുഖനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടി ചാടുന്നതിന് മുമ്പ് മറ്റ് അഞ്ച് വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ആര്‍ക്കും പരുക്കു പറ്റിയിരുന്നില്ല.