Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ്പൂർ പൊലീസ് ‘പട’മാക്കിയ മലയാളി പയ്യൻ ഇവിടെയുണ്ട്; അഭിമുഖം

jawahar-main

കഴിഞ്ഞ ദിവസം ഇന്റർനെറ്റിലും ദിനപത്രങ്ങളിലും ഏറ്റവും കുടുതൽ ആളുകൾ വായിച്ചത് ജവഹറിനെ പറ്റിയാണ്. ഓടുന്ന കാറില്‍നിന്ന് ചാടി നൃത്തം ചെയ്ത് മരണം അടഞ്ഞ ബുദ്ധിയുറയ്ക്കാത്ത ഇന്ത്യയിലെ എവിടെയോ ഉളള ഒരു പയ്യനായിരുന്നു ജവഹർ. ഈയിടെ വൈറലായ അപകടകരമായ ‘കീ കീ’ കളിക്കെതിരെ ബോധവല്‍ക്കരണത്തിന് ജയ്പ്പൂര്‍ പൊലീസ് ഉപയോഗിച്ച രക്തസാക്ഷിയുടെ പടം ജവഹറിന്‍റത്.

എന്നാൽ ജവഹർ ജീവിച്ചിരിപ്പുണ്ട്. മലയാളിയാണ്. കൊച്ചിയിൽ കുറെ വർഷങ്ങളായി സ്ഥിര താമസമാക്കിയ ആലപ്പുഴക്കാരനാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ മാർക്കറ്റിങ്ങ് വിഭാഗത്തിലാണ് ജോലി. റേഡിയോ മാംഗോയിലും ജോലി ചെയ്തിട്ടുണ്ട്. ദേശീയമാധ്യമങ്ങൾ എല്ലാം തന്നെ ജയ്പൂർ പൊലീസിന്റെ വാർത്ത നൽകി. ഗ്രാഫിക് ഇമേജ് എന്ന തലക്കെട്ടോടെ ജയ്പൂർ പോലീസ് നൽകിയ ചിത്രം തന്നെ തലപ്പടമാക്കി.

പത്തുവർഷത്തെ ചരിത്രമുണ്ട് ഈ ചിത്രത്തിന്. ആ കഥ മനോരമന്യൂസ് ഡോട്ട്കോമിനോട് പറയുകയാണ്. 20 വയസുളളപ്പോൾ പരസ്യ കമ്പനിയിൽ ഫോട്ടോഗ്രാഫറായ അളിയൻ അജി ജയചന്ദ്രനാണ് സുന്ദരനായ ജവഹറിനെ ക്യാമറയിലാക്കിയത്. ഫോട്ടോഷൂട്ടിനിടെ ലൈറ്റ് സജ്ജീകരിക്കുമ്പോൾ ജവഹറായിരുന്നു സ്ഥിരം മോഡൽ. പടം നല്ലതെന്ന് കണ്ടതോടെ അജി പടം ഷട്ടർ സ്റ്റോക്കിന് വിൽക്കുകയായിരുന്നു. എതെങ്കിലും പത്രത്തിന്റെ ഒന്നാം പേജിൽ തന്റെ ചിത്രം അടിച്ചുവരുമെന്ന് ജവഹറും സ്വപ്നം നെയ്തു. മരണഫോട്ടോയാകും അടിച്ചു വരുന്നതെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് ജവഹർ പറയുന്നു. ഇൻഹരിഹർനഗറിലെ ജഗദീഷ് സുരേഷ്ഗോപിയുടെ പടം നോക്കി പറയുന്ന സീൻ ഓർമ്മയില്ലേ പാവം എന്നാ അല്ലേ... ഫോട്ടോ കണ്ടാൽ മരിച്ചുവെന്ന് പറയില്ല. ഇതാണ് ഇപ്പോൾ തന്റെ അവസ്ഥയെന്ന് ചിരി വിടാതെ ജവഹർ പറയുന്നു.

ഭാര്യയാണ് ഇന്നലെ സമൂഹമാധ്യമങ്ങളിൽ തന്റെ ചിത്രം പ്രചരിക്കുന്ന കാര്യം പറഞ്ഞത്.  ഒരു കുഴപ്പമില്ലാതെ വീട്ടിൽ നിന്നും പോയതാണല്ലോ. ഇതെന്നാ പറ്റിയെന്നായിരുന്നു ചോദ്യം. പിന്നാലെ കൂട്ടുകാരുടെ വിളികളെത്തി. പരിഭ്രമത്തോടെ അച്ഛനും അമ്മയും വിളിച്ചു. മാധ്യമപ്രവർത്തകരുടെ കോളുകളെത്തി. നമ്മുടെ മരണം കൂടെയുളളവരെ എങ്ങനെ ഉലയ്ക്കുന്നുവെന്ന് കണ്ട് തന്നെയറിയണ്ട കാര്യമല്ലേ. മരണത്തിനു അപ്പുറമുളള സ്നേഹം എന്നെ തേടിയെത്തി– ജവഹർ പറയുന്നു

jawahar

കീ കീ ചലഞ്ചോ..? അതെന്നാ സാധനം..?

കീ കീ ചലഞ്ചിനെ കുറിച്ച് കേട്ടിട്ടുണ്ടോയെന്ന് ഒറ്റ ചോദ്യം. മറുപടി ഉടൻ വന്നു. ഓടുന്ന കാറില്‍നിന്ന് ചാടി നൃത്തം ചെയ്യുന്നതാണ് ഈ പുതിയ ചലഞ്ച്. MyFeelings, Keke Challenge എന്നീ പേരുകളിലാണ് ഈ ചലഞ്ച് വീഡിയോകള്‍വൈറലായത്. കനേഡിയന്‍റാപ്പറായ ഡ്രൈക്സിന്റെ ഏറ്റവും പുതിയ ആല്‍ബമായ ‘സ്കോര്‍പിയന്റെ’ ചുവടുപിടിച്ചാണ് പുതിയ ചലഞ്ച് പ്രചരിച്ചത്. ‘ദ ഷിഗ്ഗി ഷോ’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണ് ചലഞ്ച് പ്രചരിച്ചത്. കീകി ചലഞ്ചിനിടെ നടന്ന അപകടങ്ങളുടെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ ചില വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മാഷേ ഇന്നെല കുത്തിയിരുന്ന് ബ്രൗസ് ചെയ്തു പഠിച്ചതാണ്. ജീവിതത്തിൽ ആദ്യമായി കേൾക്കുന്നതാണ്. ഒന്നും ഡാൻസ് കളിച്ചാൽ ശരീരം കോച്ചിപിടിക്കുന്ന ശരീര പ്രകൃതിയാണേ.. ഡാൻസ് കളിച്ചു മരിച്ചുവെന്നൊക്കെ പറഞ്ഞാൽ എങ്ങനെയാ ചിരിക്കാതിരിക്കുക– ജവഹര്‍ സുഭാഷ് ചന്ദ്രൻ പറഞ്ഞു.

നിയമം കയ്യിൽ എടുക്കുമോ..?

ജയ്പൂർ പോലീസിനെയും ഡൽഹി പോലീസിനെയും ഒക്കെ ഓഫിസിൽ നിന്ന് അധികൃതർ ബന്ധപ്പെട്ടിരുന്നു. നല്ല ഒരു ഉദ്ദേശ്യത്തിന് വേണ്ടി ഇട്ടതല്ലേ. മാത്രമല്ല ഞാൻ ഈ ഫോട്ടോ ഷട്ടർ സ്റ്റോക്കിന് വിറ്റതുമാണ്. ഗ്രാഫിക്കൽ ഇമേജ് എന്ന മുന്നറിയിപ്പോടെയാണ് പടം വന്നത്. നിയമപരമായ നടപടി ഉദ്ദേശിക്കുന്നില്ല നല്ല ഒരു കാര്യത്തിനു വേണ്ടിയല്ലേ? ക്യാംപയിനിൽ സന്തോഷത്തോടെയാണ് പങ്കാളിയാകുന്നത്– ജവഹർ സുഭാഷ് ചന്ദ്രൻ പറഞ്ഞു. 

അത്രയ്ക്ക് കുഴപ്പമാണോ ഈ കീകീ..?

അതെ കുഴപ്പമാണ്. ആവേശം മൂത്ത ചില കൗമാരക്കാർ ഈ ചലഞ്ചിന് മറ്റൊരു തലം കൂടി നൽകിയിരിക്കുകയാണ്. ‘ഡ്രൈക്സിന്റെ പാട്ടിന് നൃത്തം ചെയ്ത് ഓടുന്ന കാറില്‍നിന്ന് ചാടിയിറങ്ങണം. നൃത്തം അവസാനിപ്പിക്കാതെ കാറില്‍തന്നെ തിരികെ കയറണം’. ‘ഷിഗ്ഗി’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ഷിഗ്ഗി ചെയ്യാനിറങ്ങിയ പലർക്കും പല അപകടങ്ങളും സംഭവിച്ചു. ഇന്ത്യയിലും അപകടം പറ്റിയവരുടെ എണ്ണം കുറവല്ല. പക്ഷേ ഭാഗ്യവശാൽ ആരും മരണപ്പെട്ടിട്ടില്ല.

ചലഞ്ച്  അപകടമാണെന്ന് കണ്ട ജയ്പൂര്‍പൊലീസാണ്  ആദ്യം രംഗത്ത് എത്തിയത്.. ‘‘മരണത്തെ ചലഞ്ച് ചെയ്യരുത്. വിവേകമുളളവരായി മാറി അനാവശ്യമായ സാഹസങ്ങളില്‍നിന്നും വിട്ടു നില്‍ക്കു. നിങ്ങളുടെ സുഹൃത്തുക്കളോടും ഇത് ഉപദേശിക്കുക. ‘കീകി’യുടെ കാമുകനായ കെ.കെയുടെ ഓര്‍മ്മയില്‍, ഇദ്ദേഹം ഷിഗ്ഗി ചെയ്യുമ്പോഴാണ് മരണപ്പെട്ടത്’’. ഇതായിരുന്നു ജയ്പൂര്‍പൊലീസ് കുറിച്ചത്. പോസ്റ്ററിൽ ഉളള കെ.കെ. നമ്മുടെ ജവഹർ സുഭാഷ് ചന്ദ്രനായിരുന്നുവെന്ന് മാത്രം.

പോസ്റ്റ് വൈറലായതോടെ ആരാണ് ഫോട്ടോയില്‍ഉളള യുവാവെന്ന് നിരവധി പേര്‍ചോദിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ശ്രദ്ധ ലഭിക്കാന്‍വേണ്ടി പ്രതീകാത്മകമായി പൊലീസ് തയ്യാറാക്കിയ ഫോട്ടോയാണിതെന്നും അറിയിപ്പു വന്നു. അതായത് ഇന്ത്യയില്‍കീകി ചലഞ്ചിലൂടെ ഇതുവരെ ആരും മരിച്ചിട്ടില്ല. ജയ്പൂർ പോലീസ് പറഞ്ഞു. 

ജയ്പൂർ പോലീസേ, ഈ ഫോട്ടോയിൽ കാണുന്ന ഞാൻ കൊച്ചിയിൽ ഉണ്ട്. നമുക്ക് ഒരുമിച്ച് തുടങ്ങാം. ആരും കീകീ കളിക്കരുത്. ‘മരണത്തെ ചലഞ്ച് ചെയ്യരുത്. വിവേകമുളളവരായി മാറൂ–. ജവഹർ സുഭാഷ് ചന്ദ്രൻ  മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

കടപ്പാട്: മനോരമ ന്യൂസ് ഡോട്ട്കോം