Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമം; ക്രൂരതയുടെ വിഡിയോ പുറത്ത്

mob-attack

ആലുപ്പുഴ ജില്ലയിലെ ആറാട്ടുപുഴ ബീച്ചിൽ കടൽ കാണാൻ കുടുംബാംഗങ്ങൾക്കൊപ്പം എത്തിയ യുവതിയെ അപമാനിക്കുകയും കുടുബാംഗങ്ങളെ ആക്രമിക്കുകയും ചെയ്ത സംഭവം ഞെട്ടലോടെയാണ് സാംസ്കാരിക കേരളം കേട്ടത്. ഉത്തരേന്ത്യയില്‍ നിന്നും ആൾക്കൂട്ട ആക്രമണത്തിന്റെ വാർത്തകൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആക്രമണത്തിന്റെ വാർത്ത കേരളത്തിൽ നിന്നു കേള്‍ക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കും സംരക്ഷണത്തിനും കടലാസിന്റെ വിലപോലുമില്ല എന്ന് ഓർമ്മിപ്പിക്കുന്നതാണ് ആ സംഭവം.

യുവതിയോട് സംഘത്തിലെ ഒരാൾ അപമര്യാദയായി പെരുമാറിയതു ഭർത്താവ് ചോദ്യം ചെയ്തതാണ് അക്രമത്തിന് തുടക്കം. യുവതിയുടെ ദേഹത്ത് കടന്ന് പിടിച്ചതോടെ ഇവർ നിലവിളിച്ചു. യുവതിയുടെ ഭർത്താവിന്റെ കൺമുൻന്നിൽ നടന്ന സംഭവത്തിൽ പ്രതികരിച്ചതോടെയാണ് ഭർത്താവിനെയും സഹോദരനെയും ആക്രമിച്ചത്. ഭർത്താവിനേയും ഭർതൃസഹോദരനെയും മർദിക്കുകയും മത്സ്യം കുത്തിയെടുക്കുന്ന കമ്പി ഉപയോഗിച്ചു കുത്തുകയുമായിരുന്നു.

വളഞ്ഞിട്ടുള്ള ആക്രമണത്തിൽ കുടുംബാംഗങ്ങൾ ഏറെ പരിഭ്രാന്തരായിരുന്നു. അക്രമം നടത്തിയ യുവാക്കൾ ഇവരെ കൊണ്ട് മാപ്പ് പറയിക്കുകയും ഇനി ഇവിടെ നിന്നാൽ എല്ലാത്തിനെയും അടിച്ചു നിലം പരിശാക്കുമെന്നും ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ കുടുംബം വേഗം തന്നെ ഇവിടെ നിന്നും രക്ഷപെട്ടു.

എന്നാൽ അക്രമി സംഘം ഫോണിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് കൊച്ചിയിൽ ജട്ടി പാലത്തിൽ ഇവർ സഞ്ചരിച്ച കാർ മറ്റു രണ്ടുപേർ തടഞ്ഞു നിർത്തി. ഇവരുടെ പുറകെ എത്തിയ സംഘം ഭർത്താവിനെ പിന്നിൽനിന്നു പിടിച്ചുനിർത്തുകയും ‘എന്തായാലും കേസാകും എന്നാൽ പിന്നെ ഇതു കൂടി ചേർത്തുകൊടുത്തോ’ എന്ന് പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങൾ കീറുകയും ചെയ്തു. യുവാവിനെ പിടിച്ചു നിർത്തിയിരുന്നവരും പിന്നീടു സ്ത്രീയെ ഉപദ്രവിച്ചു. ഒടുവിൽ ഒപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണമാല പൊട്ടിച്ചെടുത്തു ഇവർ കടന്നു കളയുകയായിരുന്നു.

ഇപ്പോഴിതാ ഈ കുടുംബത്തിന് നേരെ നടന്ന ഗുണ്ടായിസത്തിന്റെ നേർചിത്രം മൊബൈൽ വിഡിയോ ദൃശ്യങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കുടുംബാഗങ്ങൾക്കു നേരെയുള്ള അക്രമികളുടെ ആക്രോശവും ഭീകരാന്തരീക്ഷവും വിഡിയോയിൽ വ്യക്തം.എന്തായാലും കേരളത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളും പീഡ‍നവുമെല്ലാം ഒറ്റപ്പെട്ട സംഭവമെന്ന് വിധിയെഴുതുന്നവർക്കുള്ള ഓർമ്മപ്പെടുത്തലാണ് ഈ സംഭവം.

സംഭവത്തിൽ നാല്പേരാണ് പൊലീസ് പിടിയാലായിട്ടുള്ളച്. രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നതായാണ് വിവരം. വലിയഴീക്കൽ കരിയിൽ കിഴക്കതിൽ അഖിൽ (ഉണ്ണിക്കുട്ടൻ-19), തറയിൽക്കടവ് തെക്കിടത്ത് അഖിൽദേവ് (അനിമോൻ-18), കരുനാഗപ്പള്ളി തഴവ കടത്തൂർ അമ്പാടിയിൽ ശ്യാം (20), സഹോദരൻ ശരത് (20) എന്നിവരാണ് അറസ്റ്റിലായത്.