Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷാപ്രവർത്തനത്തിന് മുതുക് ചവിട്ടുപടിയാക്കിയ നീലകുപ്പായക്കാരൻ ഇതാ

jaisal

രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ സ്ത്രീകൾക്ക് ബോട്ടിൽ കയറാൻ സ്വയം ചവിട്ടുപടിയായിക്കിടന്ന നീലക്കുപ്പായക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മലപ്പുറം താനൂരുകാരനായ ജെയ്‌സലായിരുന്നു സ്വയം ചവിട്ടുപടിയായ ആൾ. വൈറലായ വീഡിയോയ്ക്കു പിന്നിലെ കഥ ജെയ്‌സല്‍ പറയുന്നതിങ്ങനെ.

'ബ്ലീഡിംഗ് ആയ ഒരു സ്ത്രീ അവിടെ കുടുങ്ങിയവര്‍ക്കിടയിലുണ്ടെന്ന് അറിഞ്ഞു. പക്ഷേ അങ്ങോട്ട് പോകാന്‍ കഴിയില്ലെന്നായിരുന്നു എന്‍.ഡി.ആര്‍.എഫ് അറിയിച്ചത്. പറ്റാവുന്നിടത്തോളം ദൂരം നിങ്ങളുടെ ബോട്ടില്‍ കൊണ്ടുപോകാമോ, ബാക്കി ഞങ്ങള്‍ നീന്തിപ്പൊയ്‌ക്കോളാം. എങ്ങനെയെങ്കിലും ആ സ്ത്രീയെ ബോട്ടിലെത്തിക്കാമെന്നും പറഞ്ഞു. അങ്ങനെയാണ് എന്‍.ഡി.ആര്‍.എഫിന്റെ സഹായം കിട്ടിയത്. അവരെ രക്ഷപ്പെടുത്തി ബോട്ടില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്ന. ബ്ലീഡിംഗ് ഉള്ള സ്ത്രീയല്ലേ, അവരെ അങ്ങനെ കയറ്റാനാകില്ലെന്ന് തോന്നി. അതുകൊണ്ടാണ് കുനിഞ്ഞ് കിടന്നത്. പക്ഷേ അതിങ്ങനെ ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയതേയില്ല.'- ജെയ്‌സല്‍ പറഞ്ഞു.

താനൂരില്‍ നിന്നു ഇരുപതിലധികം പേരുടെ കൂടെയാണ് ജെയ്‌സല്‍ രക്ഷാപ്രവർത്തനങ്ങൾക്കെത്തിയത്. തുടര്‍ന്നും രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം കിട്ടിയാല്‍ സഹകരിക്കുമെന്നും ജെയ്‌സല്‍ അറിയിച്ചു. മരണം മുന്നിൽകണ്ടവരെ സ്വന്തം ഉമ്മയായും പെങ്ങന്മാരായും കണ്ടാണ് രക്ഷാ പ്രവർത്തനം നടത്തിയതെന്നു ഇദ്ദേഹം പറയുന്നു. ലൈഫ്ജാക്കറ്റ് പോലുമില്ലാതെയായിരുന്നു പലപ്പോഴും രക്ഷാപ്രവർത്തനമെന്നും ജെയ്സൽ മാധ്യമങ്ങളോടു വ്യക്തമാക്കി. ട്രോമ കെയര്‍ യൂണിറ്റ് അംഗമാണ് ജെയ്‌സല്‍. മലപ്പുറത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തൃശൂര്‍, മാളമേഖലകളിലും ഇദ്ദേഹം രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു.