Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഒരുപാട് നന്ദി ', രക്ഷകർക്ക് മുന്നിൽ കൈകൂപ്പി വാസുകി

vasuki

പ്രളയദുരിതത്തിൽ രക്ഷകരായ മൽസ്യത്തൊഴിലാളികൾക്കു കൈകൂപ്പി നന്ദി പറഞ്ഞ് കലക്ടർ വാസുകി ​െഎ.എ.എസ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കലക്ടർ. പ്രളയക്കാലത്ത് പെട്ടകത്തിൽ ജീവജാലങ്ങളെ രക്ഷിച്ച ബൈബിൾ കഥയിലെ നോഹയോടാണ് മൽസ്യത്തൊഴിലാളികളെ കലക്ടർ ഉപമിച്ചത്. കേരളത്തിന്റെ സൈന്യമാണ് മൽസ്യ തൊഴിഴാലികളെന്ന മുഖ്യമന്ത്രിയുെട വാക്കുകൾ കലക്ടർ ആവർത്തിച്ചു. പ്രളയദുരിതത്തിൽ ഒപ്പംനിന്നു പോരാടിയ എല്ലാ വിഭാഗങ്ങളെയും എടുത്ത് പറഞ്ഞായിരുന്നു വാസുകിയുടെ പ്രസംഗം.

പ്രളയകാലത്തെ സ്തുത്യർഹമായ പ്രവർത്തനത്തിലൂടെ കൈയടി നേടിയവരുടെ കൂട്ടത്തിലാണ് തിരുവനന്തപുരം ജില്ലാ കലക്ടർ കെ.വാസുകി. വാസുകി നൽകിയ ഊർജവും വാക്കുകളും കുറച്ചൊന്നുമല്ല ദുരിതത്തിലായവർക്ക് സമാശ്വാസമേകിയത്. കലക്ടറുടെ ‘ഓ പോട്’ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് വീണ്ടും കയ്യടി നേടുകയാണ് വാസുകി.

കലക്ടറുടെ പ്രസംഗത്തിൽനിന്ന്;

മൽസ്യതൊഴിലാളികളോട് എപ്പോഴും എനിക്ക് പ്രത്യേകം സ്നേഹവും ബന്ധവും ഉണ്ടായിരുന്നു. ഇപ്പോൾ ആ സ്നേഹം വീണ്ടും കൂടി. നിങ്ങൾ ചെയ്ത സേവനം എത്ര വലുതാണെന്ന് പറയുന്നതിന് മുമ്പ് എന്റെ നാട്ടിലെ സംസ്കാരം അനുസരിച്ച് കൈകൂപ്പി നിങ്ങൾക്ക് നന്ദി പറയുന്നു.

ഞാൻ മാത്രം പറയുന്ന നന്ദിയല്ല, നിങ്ങൾ പോയി സേവനം ചെയ്ത എല്ലാ ജില്ലാകലക്ടറുമാരുടെ പ്രതിനിധിയായാണ് നന്ദി പറയുന്നത്. സഹായത്തിനായി മൽസ്യതൊഴിലാളികളെ വേണമെന്ന് പത്തനംതിട്ട ജില്ലാകലക്ടർ ഹരികിഷോർ വിളിച്ചു. എനിക്ക് അറിയാവുന്ന മൽസ്യതൊഴിലാളികളെയും പള്ളിയിലെ അച്ചൻമാരെയും വിളിച്ചു. ഇതുകഴിഞ്ഞ് ആലപ്പുഴ ജില്ലാകലക്ടർ സുഹാസ് വിളിച്ചിട്ട്, പത്തനംതിട്ടയിൽ മാത്രമല്ല ആലപ്പുഴയിലും സേവനം ആവശ്യമുണ്ടെന്ന് അറിയിച്ചത്. എന്ത് ചെയ്യണമെന്ന് അറിയാത്ത നിസഹായസ്ഥയിലായിരുന്നു. ഇത്രയധികം മൽസ്യതൊഴിലാളികളെ എങ്ങനെ സേവനത്തിനായി കണ്ടെത്തും എന്ന് വിഷമിച്ചിരുന്നപ്പോഴാണ് ഫാദർ തിയോഡിയസ് വിളിക്കുന്നത്.  

എത്ര മൽസ്യതൊഴിലാളികളെ വേണമെങ്കിലും തരാമെന്ന് അറിയിച്ചത് പറഞ്ഞറിയിക്കാനാകാത്ത ആശ്വാസം നൽകി. ആ വാക്ക് തന്നത് വലിയ ധൈര്യമായിരുന്നു. ബൈബിളിൽ പറയും പ്രളയത്തിൽ നോഹയാണ് ജീവജാലങ്ങളെ രക്ഷിക്കുന്നത്. ഇവിടെ ഓരോ മൽസ്യതൊഴിലാളികളും നോഹയായി മാറുകയായിരുന്നു. 65000 മൽസ്യതൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്. ഒരുപാട് വിഭാഗങ്ങളുടെ സംഘടിതമായ പ്രവർത്തനമായിരുന്നു രക്ഷാദൗത്യം. എല്ലാവരും സഹായിച്ചു. ഒരുപാട് നന്ദിയുണ്ട്.