Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആ ‘ടെക്നിക്ക്’ വിഡിയോയുമായി വന്ന പയ്യൻ ലഹരിക്കടിമയല്ല, വ്യാജ പ്രചരണങ്ങൾ നിർത്തൂ’

guy-viral-video

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിലെ ചെറുപ്പക്കാരൻ ലഹരിക്കടിമയല്ലെന്നു വെളിപ്പെടുത്തി റോബർട്ട് കുര്യാക്കോസ്. സദാചാര പൊലീസിങ്ങിനു സമാനമായ ഇത്തരം വ്യാജ പ്രചരണങ്ങളിൽ നിന്നു ദയവായി വിട്ടു നിൽക്കണമെ‌ന്നും സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അദ്ദേഹം അഭ്യർഥിച്ചു.

പാമ്പിനെ പിടിക്കാൻ ചെറിയൊരു ടെക്നിക്കുമായാണ് ജിബിൻ സമൂഹമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടത്. സംസാരിക്കുമ്പോൾ ഇയാളുടെ നാക്ക് ഉടക്കുകയും പ്രത്യകതരം ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് ലഹരി ഉപയോഗിച്ചു ബോധമില്ലാത്ത ആളുടെ വിഡിയോ എന്ന നിലയിൽ ചിലർ പ്രചാരിപ്പിക്കാൻ കാരണം.

എന്നാൽ വൈകല്യം മുൻനിർത്തിയാണ് ബീഡി പോലും വലിക്കാത്ത യുവാവിനെ ലഹരിക്കടിമ എ​ന്നു പ്രചരിപ്പിക്കുന്നതെന്നു റോബർട്ട് മനോരമ ഒാണ്‍ലൈനോടു പറഞ്ഞു. ‘‘എന്റെ വീടിന്റെ നേരെ മുൻവശത്താണ് ആ യുവാവിന്റെ വീട്. രണ്ടു വയസ്സു മുതൽ എനിക്ക് ജിബിനെ അറിയാം, എന്റെ സഹോദരന്റെ ഒപ്പം പഠിച്ചിട്ടുണ്ട്. നന്നായി വണ്ടി ഓടിക്കും. വീട്ടിലെ വണ്ടി ഒാടിക്കുന്നത് പലപ്പോഴും അവനാണ്. അപ്പനും അമ്മയും തയ്യൽക്കാരാണ്.’’– റോബർട്ട് പറയുന്നു.

ധാരണയുടെ ശരി തെറ്റുകൾ നോക്കാതെ അയാൾ സുഹൃത്തുക്കളുള്ള വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം അക്കൗണ്ടിലും പോസ്റ്റ്‌ ചെയ്ത വിഡിയോകള്‍ ഇങ്ങനെ പ്രചരിപ്പിക്കുമ്പോൾ നീറുന്നത് അയാളുടെ കുടുംബമാണ്. അതിനാലാണ് സമൂഹമാധ്യമത്തിലൂടെ കാര്യങ്ങൾ വ്യക്തമാക്കിയതെന്നും റോബർട്ട് പറഞ്ഞു.

റോബർട്ട് സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ;

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഭൂരിഭാഗം വാട്സാപ് ഗ്രൂപിലുകളിലും ഫേസ്‌ബുക് പേജുകളിലും നിറഞ്ഞു നിൽക്കുന്നതാണ് ഈ യുവാവിന്റെ വീഡിയോ. ഷെയർ ചെയ്യുന്നവർ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ആകട്ടെ ലഹരിക്കടിമപ്പെട്ട ആൾ എന്ന നിലയിലും.

ഏറെക്കുറെ രണ്ടു വയസ്സ് മുതൽ ഞാൻ നേരിട്ട് അറിയുന്ന ആൾ ആണ് വീഡിയോയിൽ ഉള്ള ജിബിൻ എന്ന യുവാവ്.. അയാളുടെ കുടുംബവുമായും എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഓരോരുത്തരുടെയെയും ഭാഷക്കും സംസാരത്തിനും ഓരോ ശൈലിയുണ്ട്, സ്വഭാവത്തിനും..

ഈ പാവം വിചാരിക്കുന്നത് അവൻ അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് വലിയ കാര്യം ആണെന്നാണ്. അയാളുടെ ധാരണയുടെ ശരി തെറ്റുകൾ നോക്കാതെ അയാൾ സുഹൃത്തുക്കളുടെ വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം എഫ് ബി യിലും പോസ്റ്റ്‌ ചെയ്ത വീഡിയോകളാണ് " ലഹരി യുടെ അടിമ "എന്ന പേരിൽ "പലരും കണ്ണിൽ ചോരയില്ലാത്ത പ്രചരിപ്പിക്കുന്നത്. വർഷങ്ങളായി അറിയാവുന്ന പേരിൽ ഒരു കാര്യം ഞാൻ തീർത്തു പറയുന്നു, ഒരു ബീഡി പോലും വലിക്കുന്ന പയ്യൻ അല്ല അവൻ..പലപ്പോഴും റാങ്കുകൾക്ക് തുല്യമായ വിജയം കരസ്ഥമാക്കയിയ സഹോദരിയെ പോലെ അല്ലായിരുന്നു അവൻ.. അവനു ചെറുപ്പത്തിലേ തൊഴിൽ പരിശീലനം വേണമെന്ന രീതിയിൽ ആവശ്യപ്പെട്ടപ്പോൾ അവന്റെ മാതാ പിതാക്കൾ അവനു ഡ്രൈവിംഗ് പരിശീലനം നേടി കൊടുത്തു. ഇന്നവൻ ഒരു മികച്ച ഡ്രൈവർ ആണ്. അടുത്തറിയുന്നവർ നല്ലത് മാത്രം പറയുന്ന ഒരു മികച്ച ഡ്രൈവർ.

അവന്റെ സംസാരത്തിലോ ശൈലിയിലോ കുറവുകൾ കണ്ടാൽ ഉടനെ കേറി "അങ്ങ് വിധിക്കരുത്. " നാളെ നമ്മളെയും ഇങ്ങനെ വിചാരണ ചെയ്തേക്കാം. ശരിക്കും ഈ വിചാരണ അല്ലേ മോറൽ പോലീസിംഗ്?