Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടഞ്ഞു വച്ച് മർദിച്ചു; വലിച്ചിഴച്ചു: ഹോട്ടൽ ഉടമയ്ക്കെതിരെ യുവാവ്; കേസെടുത്തെന്ന് പൊലീസ്

jawahar

ഓൺലൈൻ ഭക്ഷണ വിതരണത്തൊഴിലാളിയെ ക്രൂരമായി മർദിച്ച കേസിൽ ഹോട്ടൽ ഉടമയ്ക്കും സഹോദരനുമെതിരെ പൊലീസ് കേസ്. എറണാകുളം ഇടപ്പള്ളി മരോട്ടിച്ചോടുള്ള താൾ റസ്റ്ററന്റ് ഉടമയ്ക്കെതിരെയാണ് പരാതി ലഭിച്ചിട്ടുള്ളത്. മർദനത്തിൽ ശരീരമാസകലം പരുക്കേറ്റ മലപ്പുറം നിലമ്പൂർ സ്വദേശി ജവഹർ കാരാട്(25) എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ചെവിയുടെ ഡ്രമ്മിനു തകരാറു പറ്റിയിട്ടുണ്ട്. 

ഓർഡറെടുക്കാൻ ഹോട്ടലിൽ ചെല്ലുമ്പോൾ ജീവനക്കാരനെ മർദിക്കുന്നത് ശ്രദ്ധയിൽ പെട്ടത് ചോദ്യം ചെയ്തതിനെ തുടർന്ന് തന്നെ ഹോട്ടലുടമയും സഹോദരനും പത്തോളം വരുന്ന ഗുണ്ടകളും ചേർന്ന് ഹോട്ടലിനുള്ളിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു പോയെന്നും ക്രൂരമായി മർദിക്കുകയായിരുന്നെന്നും ജവഹർ കാരാട് മനോരമ ഓൺലൈനോടു പറഞ്ഞു. തന്റെ മൊബൈൽ ഫോൺ തകർത്തതായും തടഞ്ഞു വച്ചതായും ജവഹർ പറഞ്ഞു. 

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതായി തൃക്കാക്കര പൊലീസ് അറിയിച്ചു. സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് യുവാവിന്റെ മൊഴിയെടുക്കാൻ രാവിലെ പൊലീസ് മെഡിക്കൽ കോളജിൽ ചെന്നെങ്കിലും ആശുപത്രിയിൽ പരിശോധനകൾ നടക്കുന്നതിനാൽ മൊഴിയെടുക്കാനായില്ല. തുടർന്ന ഉച്ചയോടെ സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയതായും വൈകുന്നേരത്തോടെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ യുവാവ് ജോലി ചെയ്തിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാർ ഹോട്ടലിലെത്തി ബഹളം വച്ചതിനെ തുടർന്ന് പൊലീസെത്തി സ്ഥിതി ശാന്തമാക്കി.

പ്രളയ സമയത്ത് രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകുകയും ദുരിതാശ്വാസ പ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനങ്ങളിലും സജീവമായിരുന്ന നിലമ്പൂർ സ്വദേശിയായ യുവാവിനെതിരെയുണ്ടായ ആക്രമണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതികരണമാണുള്ളത്. ഹോട്ടലിനെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. യുവാവ് ആക്രമണത്തിനിരയായതു സംബന്ധിച്ച് കെ. സുരേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. നടപടി ആവശ്യപ്പെട്ട് നിരവധിപ്പേർ രംഗത്തെത്തിയതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെടാനെത്തിയത്. 

കെ. സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം: 

ജവഹര്‍ കാരടിനെ സഹൂഹമാധ്യമങ്ങളില്‍ കുറച്ചുപേര്‍ക്കെങ്കിലും പരിചയമുണ്ടാവും. വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍മൊക്കെ മുന്‍പന്തിയില്‍ നിന്ന ചെറുപ്പക്കാരനാണ്. ഇപ്പോഴും പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനും വീടുപണിക്കും ഒക്കെ ഞങ്ങളോടൊപ്പം ഏറ്റവും അധികം ഉത്സാഹത്തോടെ നില്‍ക്കുന്ന ചെറുപ്പക്കാരന്‍. മലപ്പുറം ജില്ലയില്‍ നിന്നും തൊഴില്‍ തേടി കൊച്ചിയില്‍ വന്നതാണ് ജവാഹിര്‍. ഇപ്പോള്‍ ഊബര്‍ ഈറ്റ്സിന്റെ ഡെലിവറി ബോയ്‌ ആയി ജോലി ചെയ്യുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജവാഹറിനു ഇടപ്പള്ളി മരോട്ടിച്ചോടുള്ള താള്‍ റെസ്റ്റോറന്റില്‍ (Thaal Restaurant) വച്ച് മൃഗീയമായി മര്‍ദ്ദമേറ്റു. ഇപ്പോള്‍ ഗുരുതര പരിക്കുകളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരിക്കുകയാണ് ജവാഹിര്‍. റസ്‌റ്റോറന്റ് ഉടമയും ഗുണ്ടകളും ചേര്‍ന്നാണ് മര്‍ദ്ദനം അഴിച്ചു വിട്ടത്. ജവഹറിന്റെ ദേഹമാസകലം ചതവും നീര്‍കെട്ടുമുണ്ട്, കഴുത്തിനും തോളിനും സാരമായ പരിക്കുണ്ട്, ഇയര്‍ ഡ്രമ്മിനു തകരാറുണ്ട്, രണ്ടു ചെവിക്കുള്ളിലും നീര്‍ക്കെട്ട് ഉണ്ട്. പത്തോളം ആളുകള്‍ റസ്റ്റൊറന്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അര മണിക്കൂറോളം തടഞ്ഞു വച്ച് മര്‍ദ്ദീക്കുകയായിരുന്നു. കൂടാതെ ജവാഹറിന്റെ മൊബൈല് ഫോണ് തകര്ക്കുകയും ടൂ വീലറിന്റെ ചാവി പിടിച്ചു വാങ്ങുകയും ചെയ്തു.

ഇത്രയും വലിയ ഒരു കയ്യേറ്റം ഉണ്ടാവാനായി ഈ ചെറുപ്പക്കാരന്‍ ചെയ്ത തെറ്റ് ഒരു ഓര്‍ഡര്‍ എടുക്കാനായി അവിടെ ചെന്നപ്പോള്‍ റസ്റ്റോറന്റ് ഉടമ ഒരു തൊഴിലാളിയെ കടയുടെ മുന്നില് നടുറോഡിലിട്ടു മർക്കുന്നത് കണ്ടു എന്താണ് കാര്യമെന്ന് ചോദിച്ചതാണ്. നാല്‍പ്പതു ലക്ഷം രൂപ മുടക്കി ഞാനിട്ട കടയില് എന്റെ ജോലിക്കാരെ എനിക്കിഷ്ടമുള്ളത് ചെയ്യും, നീയാരാടാ ചോദിയ്ക്കാന്‍ എന്ന് പറഞ്ഞു ജവാഹറിനെ ആക്രമിക്കുകയായിരുന്നു. ഇതിനു ദൃക്സാക്ഷികൾ ഉണ്ട്, കടയിലെ പരിസരത്തെ സി.സി.ടീവി ദൃശ്യങ്ങള്‍ പരിശോധിച്ചാലും വാസ്തവം വെളിവാകും. ഞങ്ങള്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് ഈ റസ്റ്റോറന്റിലെ സ്ഥിരം സംഭവമാണ് എന്നാണു പരിസര വാസികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇഷ്ടക്കേട് തോന്നിയാല്‍ കസ്റ്റമേഴ്സിനെയും തൊഴിലാളികളെയും ഇവര്‍ കൈകാര്യം ചെയ്യും. പോലീസില്‍ അന്വേഷിച്ചപ്പോഴും ഇവര്‍ക്കെതിരെ സമാനമായ നിരവധി പരാതികള്‍ മുന്‍പും കിട്ടിയിട്ടുണ്ട്, പക്ഷെ കാര്യമായ ആക്ഷൻ ഒന്നും തന്നെ എടുത്തിട്ടില്ല എന്നു മനസിലായി. ഇവിടെയും മലപ്പുറത്ത് നിന്നും തൊഴിലന്വേഷിച്ച്‌ വന്ന ഒരു സാധു പയ്യന്‍, ഊബര് ഈറ്റ്സിന്റെ ഡെലിവറി ബോയ്‌, തല്ലും വാങ്ങി മിണ്ടാതെ പൊയ്ക്കോളും എന്ന് കരുതി നടത്തിയ ഒരു കയ്യേറ്റമാണ് ഇത്. ഇനിയിവിടെ കണ്ടുപോകരുത്, കൊച്ചി വിട്ടു പോയ്കൊള്ളണം. എന്ന് ശക്തമായ താക്കീതും നല്കിയയാണ്‌ ഇവര്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്.

രാത്രി രണ്ടുമണി വരെ തുറന്നു പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടല്‍ ആണിത്. കൊച്ചിയിലെ കടകൾ സാധാരണ രാത്രി പതിനൊന്നിനു അടയ്ക്കാറുള്ളതാണ്, രണ്ടുമണി വരെ തുറന്നിരിക്കാന്‍ ഇവര്‍ക്ക് എന്തോ പ്രത്യേക അനുവാദമുണ്ട്. അതിഥി തൊഴിലാളികള് അടക്കമുള്ള തൊഴിലാളികളെ മര്‍ദ്ദിക്കാന്‍ വരെ അവര്‍ക്ക് അവകാശമുണ്ട്‌ എന്ന് അവരുടെ തന്നെ വാക്കുകളില്‍ നിന്നും കേട്ടതാണ്. ഇവര്‍ക്ക് പൊതുജനങ്ങളെയും കയ്യേറ്റം ചെയ്യാം. എവിടെയാണിത് നടക്കുന്നത്, എന്ത് തരം നിയമവാഴ്ചയാണ് ഇവിടെയുള്ളത്?

പശിയടക്കാനായി ഏതു നരകവും കടന്നു പോകുന്നവനാണ് മലയാളി. തൊഴിലന്വേഷിച്ചു കൊച്ചിയിലെത്തുന്ന പിള്ളേര്‍ക്ക് നേരെ ഇത്തരം കയ്യേറ്റങ്ങള്‍ അനുവദിക്കാവുന്നവയല്ല, അവര്‍ എത്ര ശക്തരായിരുന്നാലും നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണ്. പരാതി പോലീസ് അധികാരികളുടെ മുന്നില് എത്തിയിട്ടുണ്ട്.