Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്രതമനുഷ്ഠിച്ച് ശബരിമലയിലേക്ക്; പിന്തുണ തേടി യുവതിയുടെ കുറിപ്പ്

reshma-nishant-sabarimala-visit-fb-post

41 ദിവസം വ്രതം അനുഷ്ഠിച്ചു ശബരിമല സന്ദർശിക്കുമെന്ന് അറിയിച്ചു സമൂഹമാധ്യമത്തിൽ യുവതിയുടെ കുറിപ്പ്. കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്താണ് കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ അയ്യപ്പ ദർശനം നടത്തുമെന്നു വ്യക്തമാക്കിയത്. കറുപ്പ് വസ്ത്രമണിഞ്ഞ് അമ്പലത്തിൽ നിൽക്കുന്ന ചിത്രങ്ങളും രേഷ്മ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 

പോകാനാവില്ല എന്ന ഉറപ്പോടു കൂടി വർഷങ്ങളായി മണ്ഡലകാല വ്രതം അനുഷ്ഠിക്കുന്നുണ്ടെന്നും ലക്ഷക്കണക്കിനു വരുന്ന വിശ്വാസികൾക്ക് മലകയറാനുള്ള ഉൗർജമായി തന്റെ പ്രവ‍ൃത്തി മാറുമെന്നു വിശ്വാസിക്കുന്നതായും യുവതി പറയുന്നു. ഇൗ യാത്രയിൽ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും എല്ലാവിധ സഹായവും അഭ്യർഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. 

കുറിപ്പന്റെ പൂർണരൂപം വായിക്കാം; 

വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്, പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.

പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.

വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.

മുഴുവൻ ആചാര വിധികളോടും കൂടി തന്നെ, മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികൾ വെടിഞ്ഞ്,ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്, ഇരുമുടികെട്ടു നിറച്ച്...

ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ, വിയർപ്പുപോലെ, മലമൂത്ര വിസർജ്യം പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..

വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല. തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.