Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ മക്കൾ മനസ്സിലാക്കാൻ ഞാൻ തുള്ളും; വിമർശനങ്ങൾ തള്ളി ആ വൈറൽ ടീച്ചർ

viral-teacher-usha-inertview

കേരളത്തിലെ ജനപ്രിയ കലാരൂപം ഏത്? ടീച്ചറേ, ഉത്തരം തുള്ളൽ അല്ലേ. ഏതൊരു മലയാളിയും സ്കൂൾകാലത്ത് കാണാതെ പഠിച്ച ആ ഉത്തരം സോഷ്യൽ ലോകത്ത് ഒന്നുകൂടി ജനപ്രിയമാക്കിയിരിക്കുകയാണ് ഇൗ ടീച്ചർ. നെഹ്റുവിന്റെ ജീവിതം എഴുതിയും വായിച്ചും പഠിച്ച മലയാളിയുടെ മുന്നിലേക്കാണ് ആ ജീവിതത്തെ ഉഷ ടീച്ചർ തുള്ളി പഠിപ്പിച്ചത്. ആദ്യം ചിരി വിടർന്നെങ്കിലും അധ്യാപനത്തിന്റെ ഇൗ വേറിട്ട മാതൃകയെ പുകഴ്ത്താൻ സോഷ്യൽ ലോകം മടിച്ചില്ല. മലയാളി ലൈക്കേറ്റി വൈറലാക്കിയ, മറ്റൊരു കൂട്ടര്‍ വിമര്‍ശിച്ച് ‘ഹിറ്റാ’ക്കിയ ഉഷ ടീച്ചർ.

എം.വി. ഉഷ. തൃക്കരിപ്പൂർ സെന്റ് പോൾ ജിയുപിഎസിൽ ഇന്ന് ഉഷ ടീച്ചർ താരമാണ്. എന്റെ മക്കൾക്ക് വേണ്ടി ഞാൻ എന്തുംചെയ്യും. എനിക്ക് അവർ വിദ്യാർഥികളല്ല. എന്റെ മക്കളാണ്. അവർക്ക് കാര്യം മനസിലാവണം. പഠിക്കണം. മറക്കാതെ ഒാർത്തിരിക്കണം. അതിന് ഞാൻ തുള്ളണമെങ്കിൽ തുള്ളും. ഒാടണമെങ്കിൽ ഒാടും. നവംബർ 14ന് മൈക്കിന് മുന്നിൽ കണ്ട ആ തീപ്പൊരി ഉൗർജം ഇപ്പോഴും അടങ്ങിയിട്ടില്ല ഉഷ ടീച്ചർക്ക്. തികഞ്ഞ ആവേശത്തോടെയാണ് ടീച്ചർ. ആദ്യം ഉയർന്ന വിമർശനങ്ങളെ പിന്നീട് അനുകൂലമാക്കിയതിന്റെ സന്തോഷവും ആ വാക്കുകളിൽ വ്യക്തം. ടീച്ചറുടെ വാക്കുകളിലൂടെ.

വേദനിപ്പിച്ചിരുന്നോ ആദ്യം ഉയർന്ന വിമർശനങ്ങളെ?

‘‘ഒരിക്കലുമില്ല. പക്ഷേ എന്റെ മകളോടുള്ള ഒരു ചോദ്യം വല്ലാതെ കൊണ്ടു. ‘നിന്റെ അമ്മയ്ക്കിതെന്തു പറ്റി, എന്തേ ഇങ്ങനെ കിടന്നു തുള്ളാൻ, ഇങ്ങനേയും ടീച്ചർമാരുണ്ടോ’. വൈറലായ ‘ശിശുദിന വിഡിയോ’ കണ്ട് ചിരിച്ചു മറിഞ്ഞവർ എന്റെ മകളോട് അങ്ങനെ ചോദിച്ചു എന്നറിഞ്ഞപ്പോൾ എന്തോ സങ്കടം തോന്നി. ‘പ്രീ പ്രൈമറി ടീച്ചിങ് രംഗത്ത് പത്തു വർഷം പൂർത്തിയാക്കിക്കഴിഞ്ഞു. ഇത്രയും നാളിനിടയ്ക്ക് പിള്ളേരുടെ മുന്നിൽ ആടിയും പാടിയും അഭിനയിച്ചും ഒക്കെ തന്നെയാണ് പാഠം ചൊല്ലിക്കൊടുത്തിട്ടുള്ളത്. എന്റെ മക്കളാണ് മുന്നിലിരിക്കുന്നത്. അന്നേരം അയ്യേ, ഇതൊക്കെ നാണക്കേടല്ലേ...അതല്ലെങ്കിൽ നാട്ടുകാർ കണ്ടാൽ എന്തു വിചാരിക്കും വൈറലാകുമോ എന്നൊന്നും ചിന്തിക്കാറില്ല. ഞാനെ ‌എന്നെ മറക്കും, എന്റെ ശരീരം മറക്കും. സർവ്വതും മറന്ന് പഠിപ്പിക്കും. കുട്ടികളിൽ അത് എത്തണമെന്നു മാത്രം. ഞാനിങ്ങനാണ്’’.

ഒാട്ടൻതുള്ളലിൽ നെഹ്റുവിനെ എങ്ങനെ യോജിപ്പിച്ചു?

‘‘എന്റെ മകൾ ഓട്ടൻ തുള്ളൽ അഭ്യസിച്ചിട്ടുണ്ട് അത്രമാത്രമാണ് ആ കലാരൂപത്തോടുള്ള പരിചയം. ഓട്ടൻ തുള്ളലിന്റെ ശീലുകൾക്കൊപ്പിച്ച് നെഹ്‍റുവിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ കൂട്ടിച്ചേർത്ത് ശിശുദിനത്തിന് അവതരിപ്പിച്ചാൽ കുട്ടികൾക്ക് വേഗം മനസിലാകും എന്നു തോന്നി. അങ്ങനെയാണ് ശിശുദിനത്തിലെ സ്പെഷൽ അസംബ്ലിയിൽ അവതരിപ്പിച്ചത്. പക്ഷേ ആ വിഡിയോ ആരെങ്കിലും എടുക്കുമെന്നോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നോ സ്വപ്നത്തിൽ പോലും കരുതിയില്ല. നെഹ്‍റു ഇതുകേൾക്കാത്തത് നന്നായി എന്നാണ് ചിലർ ഇട്ട കമന്റ്.  പക്ഷേ അത്തരം സമയം കൊല്ലി കമന്റുകളുടെ പേരിൽ ഞാനെന്തിന് ടെൻഷനടിക്കണം. കളിയാക്കുന്നവർ കളിയാക്കട്ടെ. ഞാൻ പറഞ്ഞല്ലോ ഇത് വൈറലായാലും ഇല്ലെങ്കിലും ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ്’’. 

ഉഷ ടീച്ചർ സ്ട്രോങ്ങാണ് ഡബിൾ സ്ട്രോങ്. ഉഷ ടീച്ചറിന്റെ ഭർത്താവ് രാമകൃഷ്ണനും നല്ല പിന്തുണുമായി രംഗത്തുണ്ട്. ഒരു കളിയാക്കലുകളുടേയും പേരിൽ വിഷമിക്കരുത് എന്നാണ് രാമകൃഷ്ണന്റെ പക്ഷം. ആദ്യ കളിയാക്കലുകൾ പിന്നീട് അഭിനന്ദനമായി മാറിയപ്പോൾ മക്കളുടെ സങ്കടവും മാറി. അതുകൊണ്ട് തന്നെ  രേവതിയും നീരാവതിയും ഡബിൾ ഹാപ്പിയാണ്. അമ്മ വെറും ടീച്ചറല്ലല്ലോ. കേരളം നെഞ്ചേറ്റിയ വൈറൽ ടീച്ചറല്ലേ. പത്തുവർഷത്തിലേറെയായി ഉഷ ടീച്ചർ തൃക്കരിപ്പൂർ സെന്റ് പോൾ ജിയുപിഎസിൽ അധ്യാപികയായിട്ട്. ആദ്യം വെറും 25 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 270 കുട്ടികൾക്ക് ടീച്ചർ അമ്മയാണ്. ടീച്ചറുടെ അധ്യാപനരീതിയെ കുറിച്ച് സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും നൂറു നാവാണ്.

സോഷ്യൽ ലോകം ഒട്ടേറെ താരങ്ങളെ സംഭവാന ചെയ്തിട്ടുണ്ട്. ഉഷ ടീച്ചർ അക്കൂട്ടത്തിൽ ഒരാളാണ്. കുട്ടികളെ ഇഷ്ടപ്പെട്ടുന്ന നെഹ്റുവിനെ പരിചയപ്പെടുത്തി ഒട്ടേറെ കുട്ടികളുടെ ഇഷ്ടം നേടി ഇൗ ടീച്ചർ. നാടോടുന്ന കാലത്ത് അധ്യാപനത്തിന്റെ വേറിട്ട മാതൃകയുമായി ഉഷ ടീച്ചർ നടുവെ ഒാടുകയാണ്. ലക്ഷ്യം ഒന്നുമാത്രം കാര്യം. കുട്ടികൾക്ക് മനസിലാവണം.

കടപ്പാട് : മനോരമ ന്യൂസ് ഡോട്ട് കോം