Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹവേദിയിൽ വരൻ എത്തിയത് ശവപ്പെട്ടിയിൽ; കൈവിട്ടകളി!!

wedding-groom-entry-in-coffin

തരികിടകളുടെ സംഗമവേദിയാണ് ഇന്നത്തെ കല്യാണവീടുകൾ. വിവാഹത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ചില്ലറയൊന്നുമല്ല. ഒത്തു ചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും. പലപ്പോഴും ഈ ആഘോഷങ്ങള്‍ സകല സീമകളും ലംഘിച്ച് ആഭാസങ്ങളായി പരിണമിക്കാറുമുണ്ട്. ആഘോഷങ്ങൾ എത്ര അതിരു കടന്നാലും നിസ്സംഗരായി നോക്കി നിൽക്കാൻ മാത്രമേ പെണ്ണിന്റേയും ചെക്കന്റേയുമൊക്കെ കാരണവൻമാർക്ക് കഴിയുകയുള്ളൂ. അങ്ങനെയുള്ള കോമാളിത്തരങ്ങളുടെ പട്ടികയിലേക്ക് ഇതാ പുതിയൊരണ്ണം കൂടി. സൊറക്കല്യാണങ്ങൾക്ക് പേരുകേട്ട മലബാറിൽ നിന്നുമാണ് മൂക്കത്തു വിരൽ വയ്ക്കുന്ന ഒരു കല്യാണ വിശേഷം പുറത്തു വന്നിരിക്കുന്നത്. കണ്ണൂരിൽ നടന്ന കല്യാണമാണ് കല്യാണ ചെക്കന്റേയും ചങ്ങാതിമാരുടേയും കൈയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് വാർത്തകളിൽ നിറയുന്നത്.

പതിവു കല്യാണങ്ങളിലേതും പോലെ കല്യാണച്ചെക്കനും കൂട്ടുകാരും ചേര്‍ന്ന് കല്യാണമണ്ഡപത്തിലേക്കുള്ള എന്‍ട്രി കുറച്ച് വെറൈറ്റിയാക്കാൻ തീരുമാനിക്കുകയായിരുന്നു. അതിന് അവർ കണ്ടെത്തിയ മാർഗമാണ് ബഹുകേമം. തികച്ചും വ്യത്യസ്തമായി ചെക്കനെ ശവപ്പെട്ടിയിലാക്കി കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടത്. വീട്ടുകാര്‍ ഒരുക്കിയ ആഡംബര കാറിന് പകരം ഭംഗിയായി അലങ്കരിച്ച ശവപ്പെട്ടിയില്‍ ചെക്കനെ കിടത്തിയ ശേഷം വെളളപുതപ്പിച്ചു. ഒറ്റനോട്ടത്തില്‍ മൃതദേഹം കൊണ്ടുപോകുന്ന രീതിയിലായിരുന്നു കല്യാണവീട്ടിലേക്കുള്ള ചെക്കന്റെ യാത്ര.

വരനും കൂട്ടുകാരും വളരെ സന്തോഷത്തോടെയായിരുന്നു യാത്ര. ഇടയ്ക്ക് ശവപ്പെട്ടിയില്‍ നിന്നും എഴുന്നേറ്റ് കല്യാണച്ചെക്കന്‍ നാട്ടുകാരെ അഭിവാന്ദ്യം ചെയ്യാനും മറന്നില്ല. എന്നാല്‍ ഇതു കണ്ട പെണ്ണിന്റെ വീട്ടുകാര്‍ക്ക് കാര്യം അത്ര രസിച്ചില്ല. സംഭവം കണ്ട അടുത്ത ബന്ധുവിന് ദേഹാസ്വാസ്ഥ്യം കൂടി ഉണ്ടായതോടെ സംഭവം കൈവിട്ടു പോയി. പിന്നെ പോരേ..പൂരം. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ചേക്കന്റേയും കൂട്ടുകാരുടേയും ചെവിക്ക് പിടിച്ച് യുവാവിനെ പുറത്തിറക്കി ശവപ്പെട്ടി തോട്ടില്‍ എറിഞ്ഞു.

സംഭവം കൈവിട്ട് പോയെന്ന് തോന്നിയതോടെ പഴയ രീതി പിന്തുടര്‍ന്ന് കാല്‍നടയായി വരന്‍ വധുവിന്റെ വീട്ടില്‍ എത്തി. എന്തായാലും യുവാക്കളുടെ പരീക്ഷണം വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ്. സമൂഹ്യമാധ്യമങ്ങളില്ലും ഏറെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് കണ്ണൂരിലെ ഈ കല്യാണം.