കൂലിപ്പണിക്കാരന്‍ ആയതിനാൽ വിവാഹം നടക്കുന്നില്ല; അനുഭവം പങ്കുവച്ച് യുവാവ്

rahul-viral-video
SHARE

വിദ്യഭ്യാസ യോഗ്യതയും തൊഴിലും കാരണം വിവാഹം ശരിയാകുന്നില്ലെന്നും താൽപര്യമുള്ളവർ അറിയിക്കണമെന്നും അഭ്യർഥിച്ചും യുവാവ് ലൈവിൽ. കൊല്ലം ജില്ലയിലെ പേരമൂട് സ്വദേശി രാഹുലാണു തന്റെ എല്ലാ മാർഗങ്ങളും പരാജയപ്പെട്ടതിനാല്‍ ഇത്തരമൊരു ശ്രമം നടത്തിയത്.

തന്റെ വിവാഹക്കാര്യം സംസാരിക്കാൻ പലർക്കും നാണക്കേടാണെന്നും അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണു വിഡിയോ ചെയ്തതെന്നും ഇയാൾ പറഞ്ഞു.‘‘എനിക്ക് 29 വയസ്സുണ്ട്. എന്റെ നക്ഷത്രം ഭരണിയാണ്. എസ്എസ്എൽസിയാണു വിദ്യാഭ്യാസം. കൂലിപ്പണിയാണ്. അതെവിടെയും നിവർന്നുനിന്നു പറയാനുള്ള തന്റേടമുണ്ട്. അതിൽ അഭിമാനക്കുറവില്ല. തൊഴിലും വിദ്യാഭ്യാസ യോഗ്യതയുമാണു വിവാഹക്കാര്യത്തിലെ പ്രധാന പ്രശ്നം.’’

രാഹുൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛനു സുഖമില്ലാകുന്നത്. തുടർന്നു വീടിന്റെ ചുമതല ഏറ്റെടുത്തതോടെ പഠനം നിലച്ചു. ഏഴു വർഷം മുൻപ് അച്ഛൻ മരിച്ചു. ഇതിനിടയില്‍ സ്ഥിര വരുമാനമുള്ള ഒരു തൊഴിൽ കണ്ടെത്താനായില്ല. ‘‘ഈ കാണുന്ന ആർക്കെങ്കിലും അനുകമ്പ തോന്നുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ ഈ പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടെന്നു തോന്നുന്നുവെങ്കിൽ ഇതു ഷെയർ ചെയ്യണം. വിദ്യാഭ്യാസം കുറവായ കൂലിപ്പണിക്കാരനാണ് ഞാൻ. കൂലിപ്പണിക്കാരനെന്നു ഞാൻ പറയുമ്പോ വേറെ ഒന്നു കൂടെ പറയണം കൂടെ വരുന്ന ആളെ പട്ടിണിക്കിടാതെ നോക്കാനുള്ള ആരോഗ്യവും തന്റേടവും എനിക്കുണ്ട്. പതിനാറു വയസ്സു മുതൽ ഇതുവരെ കൂലിപ്പണി എടുത്താണു ജീവിച്ചത്.’’– രാഹുൽ പറയുന്നു

ആലോചനയുമായി വന്നിട്ട് പിന്നീടു വേണ്ടെന്നു പറഞ്ഞു ബുദ്ധിമുട്ടാതിരിക്കാനാണ് എല്ലാക്കാര്യങ്ങളും വ്യക്തമാക്കുന്നത്. അച്ഛനെന്നത് വലിയൊരു ശക്തിയാണെന്നും അത് ഇല്ലാതെ വരുമ്പോൾ നാഥനില്ലാത്ത അവസ്ഥയാണെന്നും ഇദ്ദേഹം പറയുന്നു. ഒരു കല്യാണം താലിമാല വരെ വാങ്ങിയശേഷം മുടങ്ങിപ്പോകുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കാമെന്നും താൽപര്യമുള്ളവർ ബന്ധപ്പെടണമെന്നും അഭ്യർഥിച്ചുകൊണ്ടാണു വിഡിയോ അവസാനിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA