ADVERTISEMENT

അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ ആ പ്രണയിനികളെ ക്യാമറാക്കണ്ണിൽ ഒപ്പിയെടുത്തതിങ്ങനെ. തങ്കശേരിയിൽ ബ്രേക്ക് വാട്ടറിൽ നിന്ന പ്രണയിനികളെ ക്യാമറയിലാക്കിയത് രണ്ട് കിലോമീറ്റർ അകലെയുള്ള വാടി ബീച്ചിൽ നിന്ന്. മനോരമയിൽ പ്രണയദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ചിത്രത്തെക്കുറിച്ച് ഫൊട്ടോഗ്രഫറായ വിഷ്ണു സനൽ എഴുതുന്നു.

അറിയേണ്ടവരോടു പ്രണയം പറയുന്നവരുടെയും അറിഞ്ഞിട്ടും പ്രണയം നിരസിക്കുന്നവരുടെയും ദിനം, പ്രണയദിനം... ആ പ്രണയത്തെ ഏറ്റവും നന്നായി അടയാളപ്പെടുത്തുന്ന ഒരു ചിത്രം. ഏതൊരു ഫോട്ടോഗ്രാഫറെയും പോലെ കുറച്ചു നാളായി അതായിരുന്നു എന്റെയും മനസ്സിൽ. ജനുവരി അവസാനം മുതൽ ആ ഒരു പടത്തിനായി കുറെ നടന്നു. ജനുവരി അവസാനം ഓഫ്ബീറ്റ് ചിത്രങ്ങൾ തേടി കൊല്ലം ബീച്ചിൽ കൂടി ബൈക്കിൽ പോകുന്നതിനിടെയാണ് ആ സൂര്യാസ്തമയം കാണുന്നത്. ബീച്ചിലെ കാഴ്ചകളുടെ സൗന്ദര്യം അറിയാനുള്ള ആ യാത്ര അവസാനിച്ചത് തങ്കശ്ശേരിയിലും. 

അന്ന് കയ്യിലുണ്ടായിരുന്ന 70-200mm ലെൻസിൽ ആ അസ്തമയം പകർത്തി. സൂര്യന്റെ വലുപ്പം അറിയാൻ ഒരു silhouette പടം ആയിരുന്നു ശ്രമിച്ചത്. ഓഫീസിലെത്തി ക്രോപ്പിങ് കഴിഞ്ഞപ്പോൾ പടത്തിന്റെ ക്ലാരിറ്റി നഷ്ടമായി. 

vishnu-sanal
വിഷ്ണു സനൽ

പിറ്റേന്ന് 300mm ലെൻസുമായി വീണ്ടും തങ്കശ്ശേരിയിലേക്ക്. എന്നാൽ അന്നും ശ്രമം വിഫലം. കടലിനോട് പിണങ്ങി മേഘങ്ങൾക്കിടയിൽ ഒളിച്ചു നടക്കുകയായിരുന്നു അന്ന് സൂര്യൻ. പിന്നീട് തുടർച്ചയായ അഞ്ചു ദിവസങ്ങളിൽ എന്റെ സായാഹ്നം തങ്കശ്ശേരിയിലായി. പരാജയം തന്നെയാണ് കാത്തിരുന്നത്.

ഒടുവിൽ സംഗതി ഒന്നു മാറ്റിപ്പിടിച്ചു. കോട്ടയം ഓഫിസിൽ ചെന്ന് ക്യാമറയുടെ 2x കൺവെർട്ടർ എടുത്ത്‌ പിറ്റേ ദിവസം കൊല്ലത്തേക്ക് തിരിച്ചു. കൺവെർട്ടർ ക്യാമറയും ലെൻസും ഒന്നിപ്പിച്ചു വാടി ലേലഹാളിലേക്കും. അടുത്ത രണ്ടു ദിവസം അതായിരുന്നു പരിപാടി. ഫെബ്രുവരി 11ന് വൈകിട്ട് 6.10 ആയപ്പോൾ ബീച്ചിലെത്തി. വാടി ബീച്ചിൽ നിന്ന് പടം എടുക്കുന്നതിനായി 2 കിലോമീറ്റർ അകലെയുള്ള തങ്കശേരിയിലെത്തി. എന്നാൽ അസ്തമയ സമയമായിട്ടും അവിടെ പ്രണയജോഡികൾ ആരുമെത്തിയില്ല. അവിടെ നിന്നു നിരാശയോടെ മടങ്ങുമ്പോഴാണ് കുറച്ചു ചെറുപ്പക്കാർ എത്തിയത്. അവരോടു ആവശ്യം പറഞ്ഞു. ഏറെനേരത്തെ പരിശ്രമത്തിൽ ജോഡികളെ കണ്ടുകിട്ടി. അപ്പോഴേക്കും സൂര്യൻ അസ്തമിക്കാറായി.

പലരും ചോദിച്ചു ഇത്രയും വലുപ്പത്തിൽ സൂര്യനെ കിട്ടുമോയെന്ന്. എന്റെ ലക്ഷ്യം ക്യാമറയിൽ നിന്നും 2 കിലോമീറ്ററിനു മുകളിലായിരുന്നതിനാൽ അവരെ സൂര്യന്റെ പശ്ചാത്തലത്തിനുള്ളിൽ കൊള്ളിക്കാൻ കഴിഞ്ഞു. തങ്കശേരിയിൽ ജോഡികളെ നിർത്തിയശേഷം രണ്ട് കിലോമീറ്റർ അകലെയുള്ള വാടി ബീച്ചിൽ നിന്നാണ് പടമെടുത്തത്. ഫോണിലൂടെയാണ് അവരുമായി ബന്ധപ്പെട്ടത്. continuous ഷോട്ടിൽ കുറച്ചു പടങ്ങൾ പിടിച്ചു. അതിലൊന്നായിരുന്നു ഇന്ന് പത്രത്തിൽ അച്ചടിച്ചുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com