ADVERTISEMENT

പട്ടാളക്കാരുടെ വീട്ടിലേക്കുള്ള വരവും തിരിച്ചുപോക്കുമെല്ലാം വളരെ വൈകാരികമാണ്. വർഷങ്ങള്‍ക്കോ മാസങ്ങൾക്കോ ശേഷമായിരിക്കും ഇവർ വീട്ടിലേക്കു മടങ്ങിയെത്തുക. ഒരു അമേരിക്കൻ സൈനികൻ തന്റെ തിരിച്ചുവരവിൽ മകനു നൽകിയ സർപ്രൈസ് സോഷ്യൽ ലോകത്തിന്റെ കണ്ണും മനസ്സും നിറച്ചിരിക്കുകയാണ്.

ടെന്നിസീ ആർമീ നാഷനൽ ഗാർഡ് അംഗമായ സെർജന്റ് റോബ് കാസ്റ്ററോനോ ആണു മകൻ ലൂക്കാ കാസ്റ്ററോനോയുടെ തായ്കോൻഡാ ക്ലാസില്‍ എത്തി സർപ്രൈസ് നൽകിയത്. പരിശീലനത്തിനു വേണ്ടി കണ്ണ് മൂടികെട്ടിയ ലൂക്കയുടെ എതിരാളിയായി റോബ് നിന്നു. ലൂക്കാ എതിരാളിയെ പഞ്ച് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ പ്രോത്സാഹിപ്പിക്കുന്ന റോബിന്റെ ശബ്ദം ലൂക്കയിൽ സംശയമുണർത്തി.

മൂന്നാംതവണ തന്റെ ചെല്ലപ്പേര് വിളിക്കുന്നതു കേട്ട ലൂക്ക് കണ്ണിലെ കെട്ട് മാറ്റി നോക്കി. അതാ അച്ഛൻ മുമ്പിൽ നിൽക്കുന്നു. ഒട്ടും സമയം പാഴാക്കതെ അവൻ അച്ഛനു നേരെ കുതിച്ചു. റോബ് അവനെ ചുംബിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ജോർദാനിലും തെക്കൻ സിറിയയിലുമായി സൈനിക സേവനത്തിനു നിയോഗിക്കപ്പെട്ട റോബ് 10 മാസങ്ങള്‍ക്കു ശേഷമാണു മടങ്ങിയെത്തിയത്.

റോബിന്റെ കുടുംബം താമസിക്കുന്ന നഗരത്തിലെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘ഓപ്പറേഷൻ യെല്ലോ റിബൺ’ ആണ് ഇത്തരമൊരു സർപ്രൈസ് കൊടുക്കാന്‍ സഹായിച്ചത്. വികാരനിർഭരമായ ഈ കൂടിച്ചേരൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com