ADVERTISEMENT

നൃത്തം ചെയ്യാൻ വിസമ്മതിച്ച ഭാര്യയെ മർദിച്ച് അവശയാക്കി തല മുണ്ഡനം ചെയ്ത് ഭർത്താവിന്റെ ക്രൂരത. അസ്മ അസീസ് എന്ന യുവതിയാണ് ഭർത്താവ് മിയാൻ ഫൈസലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം.

മാർച്ച് 26ന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് അസ്മ താന്‍ അനുഭവിച്ച ക്രൂരത തുറന്നു പറഞ്ഞത്. മദ്യപിക്കാനും ഫൈസലിന്റെ സുഹൃത്തുക്കളുടെ മുന്നിൽ നൃത്തം ചെയ്യാനായിരുന്നു ആവശ്യം. എന്നാൽ അസ്മ വിസമ്മതിച്ചതോടെ ഫൈസൽ പ്രകോപിതനായി. തുടർന്നു ജോലിക്കാരുടെ സഹായത്തോടെ മർദിക്കുകയും മുടി വടിച്ചു കളയുകയുമായിരുന്നു.

‘‘എന്റെ വസ്ത്രം വലിച്ചൂരി. ജോലിക്കാർ എന്നെ പിടിച്ചുവയ്ക്കുകയും ഭർത്താവ് മുടി വടിക്കുകയും കത്തിച്ചു കളയുകയും ചെയ്തു. പൈപ്പ് കൊണ്ട് അടിച്ചു. നഗ്നയാക്കി തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെടുത്തി’’– അസ്മ താൻ നേരിട്ട അനുഭവം വിവരിച്ചു. പൊലീസിൽ പരാതി നൽകിയെങ്കിലും അവർ നടപടിെയടുക്കാൻ തയാറായില്ലെന്നും അസ്മ ആരോപിച്ചു. 

നാലു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ആറു മാസമായി ഫൈസലിന്റെ സ്വഭാവത്തില്‍ മാറ്റങ്ങൾ വന്നതായി അസ്മ പറയുന്നു. മദ്യപിച്ചു വന്നു മർദിക്കാൻ തുടങ്ങി. സുഹൃത്തുക്കളെ വീട്ടിൽ കൊണ്ടുവന്ന് സത്കാരം പതിവായി. എങ്ങനെയാണ് അവിടെ നിന്നു രക്ഷപ്പെട്ടതെന്നും വിഡിയോയിൽ വിവരിക്കുന്നുണ്ട്. ഫൈസലിന്റെ രണ്ടു സുഹൃത്തുക്കളും മൂന്നു ജോലിക്കാരുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

വിഡിയോ ശ്രദ്ധയിൽപ്പെട്ട ആഭ്യന്തര മന്ത്രി ഷിഹ്രയാർ ഖാൻ അഫ്രീദി നടപടിയെടുക്കാൻ പൊലീസിനു നിർദേശം നൽകി. തുടർന്നു നടന്ന വൈദ്യപരിശോധനയിൽ അസ്മയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തി. ഫൈസലിനെയും സഹായി അലിയേയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ കോടതി നാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. ശിക്ഷ സ്വീകരിക്കാൻ തയാറാണെന്നും എന്നാൽ അതിനു മുൻപ് തന്റെ ഭാഗം കേൾക്കണമെന്നാണ് ഫൈസലിന്റെ ആവശ്യം.

അതേസമയം അസ്മയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ വധഭീഷണി ഉയർത്തുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. സ്ത്രീകളുടെ സംരക്ഷണത്തിനു ശക്തമായ നിയമങ്ങൾ കൊണ്ടുവരണമെന്നു മനുഷ്യാവകാശ സംഘടനയായ ആനംസ്റ്റി ഇൻർനാഷനല്‍ ആവശ്യപ്പെട്ടു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com