ADVERTISEMENT

ചുഞ്ചു നായർ എന്ന പൂച്ച പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ പൊട്ടിപ്പുറപ്പെട്ട ട്രോൾ ആഘോഷങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല. പൂച്ചയുടെ പേരിന് പിന്നിലുള്ള ജാതിപ്പേര് ചൂണ്ടികാട്ടിയാണ് പലരും ട്രോളുകൾ ഇറക്കിയിരിക്കുന്നത്. ചില ട്രോളുകളാകട്ടെ അതിർവരമ്പുകൾ ലംഘിച്ചിട്ടുമുണ്ട്. ഇത്തരം ട്രോളുകളെക്കുറിച്ചും പരിഹാസത്തെക്കുറിച്ചും പൂച്ചയുടെ ഉടമസ്ഥ മനോരമന്യൂസ് ഡോട്ട്കോമിനോട് മനസുതുറന്നു.

‘‘ഈ ട്രോൾ ഇറക്കുന്നവർക്കും പരിഹാസം ചൊരിയുന്നവർക്കും അവൾ ഞങ്ങൾക്ക് ആരായിരുന്നുവെന്ന് അറിയില്ല. ഞങ്ങളുടെ മകളായിരുന്നു ചു‍ഞ്ചു. എനിക്ക് രണ്ട് മക്കളുണ്ട്, മൂന്നാമത്തെ മകളായിട്ടാണ് അവളെ ഞങ്ങൾ വളർത്തിയത്. അത്രയേറെ സ്നേഹിച്ചും ലാളിച്ചും വളർത്തിയ പൂച്ചയുടെ മരണം ഞങ്ങളെ ഏറെ വേദനിപ്പിച്ചു. 18 വർഷമാണ് വീട്ടിലെ ഒരു അംഗമായി അവൾ ഒപ്പം കഴിഞ്ഞത്.

വീട്ടിലെ പ്രിയപ്പെട്ടവരുടെ മരണവാർഷികത്തിന് ഓർമപുതുക്കാനായി പരസ്യം നൽകുന്നത് സ്വാഭാവികമാണ്. ‍ഞങ്ങളും അതാണു ചെയ്തത്. എന്നാൽ ഈ പരസ്യത്തെ എത്ര വികലമായ രീതിയിലാണ് ട്രോൾ ചെയ്യാൻ ഉപയോഗിച്ചത്. യാതൊരു മനുഷ്യത്വവുമില്ലാത്ത മനുഷ്യരുണ്ടെന്ന് ഇപ്പോഴാണു മനസിലായത്. ഞങ്ങളെ സംബന്ധിച്ച് ചുഞ്ചു വെറുമൊരു പൂച്ചയല്ല, മകൾ തന്നെയായിരുന്നു.

തരംതാണ രീതിയിലാണ് ട്രോളുകൾ ഇറങ്ങിയത്. അതിന് മറുപടി പറഞ്ഞാൽ ഞങ്ങളും തരംതാഴുകയേ ഉള്ളൂ. ഒരു കുട്ടിയെ ദത്തെടുത്ത് കഴിഞ്ഞാൽ അതിന്റെ പേരിനു പിന്നിൽ കുടുംബ പേരോ, ജാതിയോ, മാതാപിതാക്കളുടെ പേരോ നൽകാറില്ലേ? ഞങ്ങൾ അവളെ ചുഞ്ചു എന്നുപോലും വിളിച്ചിരുന്നില്ല. മോളൂട്ടി എന്നായിരുന്നു വിളിച്ചിരുന്നത്. സുന്ദരി എന്ന പേരാണ് ചുഞ്ചു എന്നായത്. ആ പേരിനെപ്പോലും വളരെ മോശമായിട്ടാണ് ആളുകൾ എടുത്തത്.

കേരളത്തിലുള്ളവർ മൃഗങ്ങളോട് കാണിക്കുന്ന സമീപനം കൂടിയാണ് ഇപ്പോൾ തെളിഞ്ഞത്. ഒരു അരുമ മൃഗത്തോട് ഇങ്ങനെയാണ് കാണിക്കുന്നതെങ്കിൽ ഒരു മനുഷ്യന്റെ കാര്യം പറയേണ്ടല്ലോ? ട്രോളുകൾ ഒരുപാട് വേദനിപ്പിച്ചു. ഞങ്ങളെ അറിയാവുന്നവർക്ക് അറിയാം എത്രമാത്രം സ്നേഹത്തോടെയാണ് ചുഞ്ചുവിനെ വളർത്തിയതെന്ന്. കഴിഞ്ഞത് കഴിഞ്ഞു. ഞങ്ങൾ ഒന്നിനോടും പ്രതികരിക്കാനില്ല. ട്രോളുകൾ ഇപ്പോൾ നോക്കാറില്ല. ചുഞ്ചുവിനെ ഞങ്ങൾ ഇപ്പോഴും മിസ് ചെയ്യുന്നുണ്ട്. ആ ദുഖത്തിൽ നിന്ന് ഇതുവരെയും ഞങ്ങൾ മോചിതരായിട്ടില്ല’’– അവര്‍ പറഞ്ഞു. 

കുടുംബത്തിന്റെ പേരും വിവരങ്ങളും അവരുടെ സ്വകാര്യത മാനിച്ച് വെളിപ്പെടുത്തുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com