ADVERTISEMENT

പലപ്പോഴായി രാജ്യം ചര്‍ച്ച ചെയ്ത പൊലീസുകാരുടെ പേരുകളിലൊന്നാണ് അണ്ണാമലൈ. സത്യസന്ധനും നീതിമാനുമായ ഉദ്യോഗസ്ഥന്‍ എന്ന വിശേഷണത്തോടെ അണ്ണാമല ഐപിഎസിനെ ജനം നെഞ്ചിലേറ്റുകയായിരുന്നു. കർണാടക പൊലീസിലെ സിങ്കം എന്നായിരുന്നു അണ്ണാമലയെ ആരാധകർവിളിച്ചിരുന്നത്. എന്നാൽ സർവീസിൽ നിന്ന് പിരിഞ്ഞു പോകാനുള്ള അണ്ണാമലയുടെ തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് പലരും. കർണാടകയുടെ വിവിധ ഭാഗങ്ങളിലായി 9 വര്‍ഷത്തോളം സേവനമുഷ്ടിച്ചശേഷമാണ് അണ്ണാമല രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

2009–ല്‍  284-ാം റാങ്ക് നേടിയാണ് അണ്ണാമലൈ സിവിൽ സര്‍വീസ് പാസായത്. ഇപ്പോൾ‌ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണറാണ്. വൈകാരികമായ കുറിപ്പിലൂടെയാണ് രാജി വിവരം അറിയിച്ചത്. ഇനി കൃഷിപ്പണി ചെയ്യാനാണു തീരുമാനമെന്നു വ്യക്തമാക്കിയ അണ്ണാമലൈ, ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കാനും കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

കുറിപ്പ് വായിക്കാം;

സുഹൃത്തുക്കളെ, അഭ്യുദയകാംക്ഷികളെ,

എന്റെ രാജിയെക്കുറിച്ച് പറയാനാണീ കുറിപ്പ്. ആറുമാസത്തെ ആലോചനയ്ക്കു ശേഷമാണ് ഒൻപതു വർഷം നീണ്ട പൊലീസ് സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഈ ഒൻപതു വർഷവും കാക്കിയിലുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. കാക്കി നൽകിയ അഭിമാനം സമാനതകളില്ലാത്തതാണ്. എന്റെ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്നേഹം ഒരിക്കലും മറക്കാനാകില്ല. ദൈവത്തോട് അടുത്ത് നിൽക്കുന്ന ജോലിയായിട്ടാണ് പൊലീസിനെ ഞാൻ കാണുന്നത്. അധികസമർദ്ദവും ജോലി ഭാരവുമൊക്കെ ഇതിന്റെ ഒരു ഭാഗമാണ്. ഇതുമൂലം പല സ്ഥലങ്ങളിലും എത്താനാകാതെ പോയി.

കഴിഞ്ഞ വർഷം നടത്തിയ കൈലാസ്- മാനസരോവർ യാത്ര പലരീതിയിലും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. അതോടൊപ്പം എന്റെ പ്രിയപ്പെട്ട മധുകർ ഷെട്ടി സാറിന്റെ മരണവും ജീവിതത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ പ്രേരിപ്പിച്ചു. എല്ലാ നല്ല കാര്യത്തിനും ഒരു അവസാനമുണ്ട്, അതുപോലെ എന്റെ കാക്കി ജീവിതം അവസാനിപ്പിക്കാനുള്ള സമയമായെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പോകുന്നു എന്ന വാർത്തകളുണ്ട്. എന്നാൽ ഒരിക്കലും അങ്ങനെയൊരു ഉദ്ദേശമില്ല. എനിക്കും എന്റെ ഭാര്യയ്ക്കും വൈകാരിക നിമിഷങ്ങളാണ് ജീവിതം തന്നുകൊണ്ടിരിക്കുന്നത്. അതിനെ മറികടക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.

ഞാൻ നഷ്ടമാക്കിയ ചെറിയ സന്തോഷങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇനിയുള്ള ജീവിതം. എന്റെ മകന്റെ നല്ല അച്ഛനാകണം, അവന്റെ വളർച്ചയുടെ ഓരോ പടവും കാണണം. രാജിവെച്ച ശേഷം ആറുമാസം വിശ്രമ ജീവിതമായിരിക്കും. അതിനുശേഷം എനിക്ക് പ്രിയപ്പെട്ട കൃഷിപ്പണിയിലേക്ക് ഇറങ്ങും. പൊലീസുകാരൻ അല്ലാത്ത എന്നെ എന്റെ ആടുകൾ അനുസരിക്കുന്നുണ്ടോയെന്ന് അറിയണമല്ലോ?

ഇത്രയും കാലം എല്ലാവരോടും സഹവർത്തിത്തോടുകൂടിയാണ് പെരുമാറിയതെന്നാണ് വിശ്വാസം. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.

സ്നേഹത്തോടെ,

അണ്ണാമലൈ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com