ADVERTISEMENT

നേസമണിക്കു വേണ്ടി ലോകം മുഴുവൻ പ്രാർഥനയിലാണ്. ഇക്കാര്യം ആവശ്യപ്പെടുന്ന #Pray_for_Neasamani എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രന്റായി. ചുറ്റിക തലയിൽ വീണു നേസമണിക്കു പരുക്കേറ്റതിനെത്തുടര്‍ന്നാണു പ്രാർഥന തുടങ്ങിയത്. ബുധൻ രാത്രിയോടെ ഈ ഹാഷ്ടാഗ് ട്വിറ്ററിന്റെ ടോപ് ട്രന്റിങ്ങിൽ എത്തി. ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രണ്ടാം തവണ അധികാരമേൽക്കുന്നതിനെ തുടര്‍ന്നു തരംഗമായ #ModiSarkar2 എന്ന ഹാഷ്ടാഗിനെ പിന്നിലാക്കിയായിരുന്നു കുതിപ്പ്. ഇതോടെയാണു ചിലർക്ക് സംശയം മുളപ്പൊട്ടിയത്. അല്ല, സത്യത്തിൽ ആരാണ് നേസമണി? എങ്ങനെ ഇതിപ്പോൾ ട്രന്റിലെത്തി?

വിജയ്‌യും സൂര്യയും നായകന്മാരായ ഫ്രണ്ട്സ് സിനിമയിലെ വടിവേലുവിന്റെ കഥാപാത്രമാണ് നേസമണി. തെളിച്ചു പറഞ്ഞാൽ മലയാള സിനിമ ഫ്രണ്ട്സിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ലാസർ എളേപ്പന്‍ എന്ന കഥാപാത്രത്തിന്റെ തമിഴ് രൂപം. ഈ കഥാപാത്രത്തിനു വേണ്ടിയാണ് ട്വിറ്ററിൽ പ്രാർഥന നടക്കുന്നത്. 

പാകിസ്ഥാനിലെ ഒരു മീം പേജിൽ ചുറ്റികയുടെ ചിത്രം പങ്കുവച്ച് ‘ഇതിനെ നിങ്ങളുടെ നാട്ടിൽ എന്തു പറയും’ എന്നു ചോദിച്ചതോടെയാണ് നേസമണി തരംഗത്തിനു തുടക്കമായത്. ‘‘ഇതിനെ ഞങ്ങളുടെ നാട്ടിൽ ‘സുത്തിയൽ’ എന്നാണ് പറയുകയെന്നും ഇതു വീണ് പെയിന്റിങ് കോൺട്രാക്ടറായ നേസണമണിയുടെ തല പൊട്ടിയെന്നും ഒരാൾ‌ കമന്റിട്ടു. ഫ്രണ്ട്സ് സിനിമയുമായി ബന്ധിപ്പിച്ചിട്ട കമന്റ് മനസ്സിലാക്കി മറ്റൊരു തമിഴ്നാടു സ്വദേശി ഇപ്പോള്‍ എങ്ങനെയുണ്ടെന്നും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കാമെന്നും മറുപടി നല്‍കി. ഇതിനൊപ്പം #Pray_For_Nesamani എന്നും കുറിച്ചു.

ഈ ഹാഷ്ടാഗ് ശ്രദ്ധ നേടി. നിരവധി തമിഴ്നാടു സ്വദേശികൾ ഈ തമാശയില്‍ പങ്കുച്ചേർന്നു. ഹാഷ്ടാഗ് ചൂടുപിടിച്ചതോടെ താരങ്ങളും സംഘടനകളുടെ ഔദ്യോഗിക പേജുകളും നേസമണിക്ക് ആദരവ് അർപ്പിച്ചു പോസ്റ്റുകൾ ഇട്ടു തുടങ്ങി. 

നേസമണിയുടെ ആരോഗ്യനില സംബന്ധിച്ച അപ്പോളോ ആശുപത്രിയുടെ പ്രസ് റിലീസും, ചുറ്റിക തലയിലേക്കു വീഴുന്നതിന്റെ ദൃശ്യങ്ങളും ട്രോളന്മാർ വ്യാപകമായി പ്രചരിപ്പിച്ചു. നേസമണിക്കു വേണ്ടി ശബ്ദിക്കാത്ത രാഷ്ട്രീയക്കാർക്കു വോട്ടില്ലെന്നും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും വരെ ആഹ്വാനം ചെയ്തു. വിദഗ്ദ ചികിൽസയ്ക്കായി ലണ്ടനില്‍ നിന്നു ഡോക്ടര്‍ വരുന്നതും നേസമണിക്കു വേണ്ടി ആരാധകർ പൂജ ചെയ്യുന്നതും ട്രോളുകളിൽ നിറഞ്ഞു. 

കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നത്തിൽ നിന്ന് ചുറ്റിക ഒഴിവാക്കണമെന്ന് നിവേദനം സമര്‍പ്പിക്കാനും ചിലർ ആവശ്യപ്പെടുന്നുണ്ട്. നേസമണിയെ രണ്ടുപേർ ചേർന്ന് കട്ടിലില്‍ എടുത്തു കൊണ്ടു പോകുന്നതും തുണി തലയിൽ കെട്ടി മർദിക്കുന്നതും മരച്ചില്ലകൾക്കിടയിൽ തല തിരുകി വയ്ക്കുന്നതുമായ ‘ഭീകര ദൃശ്യങ്ങളും’ ചില വിരുതന്മാർ പുറത്തു വിട്ടു.

ആകെ മൊത്തം നേസമണി മയമായതോടെ പല വൻകിട ബ്രാന്റുകളും സോഷ്യൽ മീഡിയയിൽ പരസ്യവുമായി രംഗത്തിറങ്ങി. ജോലി അറിയാത്ത പണിക്കാര്‍ കാരണമാണ് നേസമണിക്ക് ഇങ്ങനെ സംഭവിച്ചതെന്നും പ്രഫഷനൽ പെയിന്റമാരുടെ സേവനം ലഭ്യമാക്കാൻ വിളിക്കൂ എന്നുമായിരുന്നു ഒരു പെയിന്റ് കമ്പനി കുറിച്ചത്. ചെന്നൈ സൂപ്പർ കിങ്സും ധോണിയുമായി ബന്ധിപ്പിച്ച് ട്രോളുണ്ടാക്കി.

കുറച്ചുനാൾ മുൻപ് ‘കരിങ്കോഴി കച്ചവടവും’ സമാനമായ രീതിയിൽ മലയാളീ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വൈറലായിരുന്നു. ഒമർ ലുലുവിന്റെ ഫെയ്സ്ബുക്ക് പേജിൽ കമന്റായി പ്രത്യക്ഷപ്പെട്ട കരിങ്കോഴി കുഞ്ഞുങ്ങൾ വിൽപനയ്ക്ക് എന്ന പരസ്യമാണ് പിന്നീട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. നിരവധി ട്രോളുകളാണ് ഇതേത്തുടര്‍ന്ന് പ്രചരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com