ബസ് മാറിക്കയറി പെൺകുട്ടി, അച്ഛനെ ഏല്‍പ്പിച്ച് കണ്ടക്ടർ; ഹൃദയം തൊടും കുറിപ്പ്

conductor-handed-over-daughter-who-took-bus-mistakenly-viral-post
SHARE

ബസ് മാറികയറിയ പെൺകുട്ടിയെ സുരക്ഷിതമായി അച്ഛനെ ഏൽപ്പിച്ച് കണ്ടക്ടറുടെ നല്ല മാതൃക. ആ മനസ്സിനു നന്ദി പറഞ്ഞ് അച്ഛൻ സന്തോഷ് കുര്യൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് സോഷ്യൽലോകം ഏറ്റെടുത്തു. കോഴഞ്ചേരിയിൽ നിന്ന് ചെങ്ങന്നൂർ ബസിൽ കയറി ആറന്മമുളയിൽ ഇറങ്ങേണ്ട ഏഴാം ക്ലാസുകാരിയായ പെൺകുട്ടി, പത്തനംതിട്ടയ്ക്കു പോയ പഴൂർ ബസിൽ കയറുകയായിരുന്നു. 

ബസ് മാറി കയറിയതാണെന്നു മനസ്സിലാക്കിയ കണ്ടക്ടർ സന്തോഷ് കുട്ടിയുമായി ഇ‌ലന്തൂരിൽ ഇറങ്ങി. സന്തോഷ് കുര്യനെ ഫോണിൽ ബന്ധപ്പെട്ട് കാര്യം പറഞ്ഞു. അച്ഛനെത്തി കുട്ടിയെ സുരക്ഷിതമായി ഏൽപ്പിച്ചശേഷമാണ് ഇദ്ദേഹം മടങ്ങിയത്. സന്തോഷിനും സഹപ്രവർത്തകർക്കും നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

സന്തോഷ് കുര്യന്റെ കുറിപ്പ് വായിക്കാം; 

ഇന്നെനിക്ക് മറക്കാത്ത ദിനം...

പാഴൂർ മോട്ടേഴ്സിനും അതിലെ ജീവനക്കാർക്കും എന്റെ ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ...

കോഴഞ്ചേരിയിൽ നിന്നും ചെങ്ങന്നൂർ ബസിൽ കയറി ആറന്മുളയിൽ ഇറങ്ങേണ്ട, ഏഴിൽ പഠിക്കുന്ന എന്റെ മകൾ ഇന്ന് ബസ് തെറ്റി പത്തനംതിട്ടക്കു പോയ പാഴൂർ ബസിൽ കയറുകയും ഇലന്തൂർ എത്തിയപ്പോൾ അതിലെ കണ്ടക്ടർ എവിടെ പോകാനാണെന്ന് തിരക്കി. ആറന്മുളക്കാണെന്നു മോൾ പറഞ്ഞപ്പോൾ അതിലെ കണ്ടക്ടർ സന്തോഷ് എന്നയാൾ മോളെയും കൊണ്ട് അവിടെ ഇറങ്ങുകയും തന്റെ ഫോണിൽ നിന്ന് മോളെക്കൊണ്ട് എന്നെ വിളിപ്പിച്ച് വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് കോഴഞ്ചേരിയിൽ നിന്നു ഞാൻ ഇലന്തൂർ എത്തുന്നതു വരെ മകളെയും കൊണ്ട് ഇലന്തൂരെ വെയ്റ്റിങ് ഷെഡിൽ കാത്തിരുന്ന് സുരക്ഷിതമായി മകളെ എന്നെ ഏൽപ്പിച്ചിട്ടാണ് സന്തോഷ് എന്ന ആ നല്ല മനുഷ്യൻ യാത്രയായത്....

സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സ്റ്റോപ്പിൽ ഇറക്കുകയോ,, മറ്റാരെയെങ്കിലും പറഞ്ഞ് ഏൽപ്പിച്ച് തങ്ങളുടെ ട്രിപ്പ് തുടരുകയാണ് പതിവ്... എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി ബസ് പറഞ്ഞു വിട്ടിട്ട് എന്റെ മകളേയും കൊണ്ട് എന്നെ കാത്തിരുന്ന ആ പ്രിയ സുഹൃത്തിനോട് അപ്പോഴത്തെ പ്രത്യേക മാനസികാവസ്ഥയിൽ നല്ല ഒരു നന്ദി വാക്കുപറയുവാൻ എനിക്ക് കഴിഞ്ഞില്ല... പിന്നീട് ഫോണിൽ വിളിച്ച് നന്ദി പറഞ്ഞപ്പോൾ ആ മനുഷ്യൻ എന്നോട് പറഞ്ഞത് എനിക്കും ഒരു മകളുണ്ട്, അത്രയേ ചിന്തിച്ചുള്ളൂ എന്നാണ്. പ്രിയ സുഹൃത്തേ നന്ദി.

പ്രിയ സന്തോഷിനും സഹപ്രവർത്തകർക്കും എന്റെയും കുടുംബത്തിന്റെയും പ്രാർഥനകൾ. നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം തരട്ടെ എന്നു മാത്രം പ്രാർഥിക്കുന്നു.

പാഴൂർ മോട്ടോർസിലെ സന്തോഷിനും സഹപ്രവർത്തകർക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട്...

എല്ലാവരും ഇത് ഷെയർ ചെയ്യാൻ മറക്കരുത്.. കാരണം കൂടുതൽ നന്മകൾ ചെയ്യാൻ അവർക്ക് അത് പ്രയോജനമാകട്ടെ. നന്ദി...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA