ADVERTISEMENT

റഷ്യന്‍ നേവിയുടെ 50 വർഷം പഴക്കമുള്ള സന്ദേശമടങ്ങിയ കുപ്പി അലാസ്കയിലെ തീരത്തടിഞ്ഞു. ടെയ്‌ലർ ഇവാനോഫ് എന്നയാൾക്ക് ഓഗസ്റ്റ് 4നാണ് തീരത്തുനിന്ന് ഈ സന്ദേശം ലഭിച്ചത്.

തീ കത്തിക്കാൻ വിറകു ശേഖരിക്കാനെത്തിയ ടെയ്‌ലർ അപ്രതീക്ഷിതമായാണു പച്ച നിറത്തിലുള്ള കുപ്പി കാണുന്നത്. ഇതിനകത്ത് ഒരു കത്ത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. തുറന്നു പുറത്തെടുത്തൾ റഷ്യന്‍ ഭാഷയിലാണ് എഴുതിയിരിക്കുന്നതെന്നു മനസ്സിലായി. സംഭവിച്ച കാര്യങ്ങൾ വിവരിച്ച് കുപ്പിയുടെയും കത്തിന്റെയും ചിത്രങ്ങൾ ടെയ്‌ലര്‍ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. റഷ്യൻ അറിയുന്നവരോട് കത്ത് തർജമ ചെയ്തു തരാനും ആവശ്യപ്പെട്ടു.

പിറ്റേന്നു രാവിലെ കത്തിന്റെ തർജമ ടെയ്‌ലറിനു കമന്റായി ലഭിച്ചു. റഷ്യൻ കപ്പലായ വിആർഎക്സ്എഫിന്റെ കപ്പിത്താൻ അനറ്റാലിയോ ബോട്സനികോ 1969 ജൂൺ 20ന് എഴുതിയ ആശംസ സന്ദേശമായിരുന്നു അത്. ഇത് ലഭിക്കുന്നയാളോടു പ്രതികരിക്കാൻ കത്തിൽ അവശ്യപ്പട്ടിരുന്നു.

സംഭവം ശ്രദ്ധയാകർഷിച്ചതോടെ റഷ്യൻ മാധ്യമങ്ങൾ കപ്പിത്താനെ കണ്ടെത്തി. താൻ എഴുതിയതാണെന്ന് അനറ്റാലിയോ സ്ഥിരീകരിച്ചു. 1966 നും 1970 നും ഇടയിൽ ഒരു കപ്പലിന്റെ നിർമാണത്തിനു മേൽനോട്ടം വഹിക്കാനായി യാത്ര ചെയ്യുമ്പോഴാണ് അദ്ദേഹം കത്തെഴുതി കടലിൽ ഒഴുക്കിയത്. കപ്പിത്താൻമാര്‍ കുപ്പിയിലാക്കി സന്ദേശം കൈമാറുന്ന രീതി അന്നു നിലവിലുണ്ടായിരുന്നു. 

ഇപ്പോൾ അനറ്റാലിയോയ്ക്ക് 86 വയസ്സുണ്ട്. കുപ്പിയും സന്ദേശവും ലഭിച്ചപ്പോൾ അദ്ദേഹം കണ്ണീരണിഞ്ഞു എന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒരു ചെറിയ ചിത്രത്തിൽ നിന്നു വലിയൊരു വാർത്ത ഉണ്ടായതില്‍ അദ്ഭുതം പങ്കുവച്ച ടെയ്‌ലര്‍ അനറ്റാലിയോയെ സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും മാധ്യമങ്ങളോടു പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com