ഓർഡര്‍ ചെയ്തത് മയിൽ കേക്ക്, കിട്ടിയത് വിചിത്ര രൂപം; ഇതെന്ത് ജീവിയെന്ന് സോഷ്യൽ ലോകം
Mail This Article
ഓൺലൈൻ ഷോപ്പിങ്ങിനിടെ അബന്ധം സംഭവിക്കുന്നവർ നിരവധിയാണ്. ഓരോ ദിവസവും ഇത്തരം വാർത്തകൾ പുറത്തു വരാറുണ്ട്. സുഹൃത്തിന്റെ വിവാഹാഘോഷത്തിന് കേക്ക് ഓൺലൈനിൽ ഓർഡർ ചെയ്തപ്പോൾ ജോർജിയ സ്വദേശിനിയായ റീന ഡേവിസ് ഇതു പ്രതീക്ഷിച്ചു കാണില്ല. പീലി വിടർത്തി നിൽക്കുന്ന മയിലുള്ള കേക്കിനു പകരം റീനയ്ക്കു കിട്ടിയത് ടർക്കി കോഴിയുടെ രൂപസാദൃശ്യമുള്ള കേക്ക്.
ഓൺലൈനിലെ പരസ്യം കണ്ടാണ് ഡീന കേക്ക് ഓർഡർ ചെയതത്. ഹൃദയാകൃതിയിൽ തൂവലുകളുള്ള മയിലിന്റെ രൂപത്തിലുള്ള സുന്ദരമായ കേക്കിന്റെ ചിത്രം കണ്ട് ഇഷ്ടപ്പെട്ടാണ് ഓർഡർ നൽകിയത്. 300 ഡോളർ (ഏകദേശം 21,500 രൂപ) ആയിരുന്നു വില. പറഞ്ഞ സമയത്തു തന്നെ കേക്ക് കയ്യിൽ കിട്ടി. പ്രതീക്ഷയോടു കൂടി പെട്ടി തുറന്നു നോക്കിയ റീന ഞെട്ടി. മയിലിനും പകരം കേക്കിൽ വിചിത്ര ആകൃതിയിലുള്ള ഒരു പക്ഷി. വെള്ള നിറത്തിലുള്ള ഈ പക്ഷി രൂപത്തിന്റെ തല ഒടിഞ്ഞ നിലയിലായിരുന്നു. തൂവലുകള്‍ കണ്ടാൽ ചിരിവരും.
റീനയുടെ ബന്ധു അന്നെറ്റ് ഡേവിസ് ഹിൽ ആണ് തങ്ങൾക്കു സംഭവിച്ച അബന്ധം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പരാതിപ്പെട്ടപ്പോൾ പണം തിരികെ നൽകാനാവില്ല എന്നാണ് നിർമാതാവ് പറഞ്ഞതെന്നും അന്നെറ്റ് ആരോപിക്കുന്നു.
ഫെയ്സ്ബുക്കിൽ അന്നറ്റ് പങ്കുവച്ച പോസ്റ്റ് അതിവേഗം വൈറലായി. ഇത് പുതിയ ഒരിനം പക്ഷിയാകാം എന്നും അതല്ല ഫ്രീസറിൽ ഇരുന്ന് മയിൽ ചത്തു പോയതാകാം എന്നും രസകരമായ കമന്റുകളുണ്ട്. ഇതെന്തു ജീവിയാണെന്ന് നിർമാതാവിനോടു തന്നെ ചോദിക്കണമെന്ന് മറ്റു ചിലര്‍ പറയുന്നു.