ADVERTISEMENT

ജയിൽപുള്ളികളുടെ സാധനം കടത്ത് അതിനിഗൂഢവും കേൾവിക്കാരിൽ കൗതുകം നിറയ്ക്കുന്നതുമാണ്. കനത്ത സുരക്ഷയുടെയും പരിശോധനകളുടെയും വേലിക്കെട്ടുകൾക്കിടയിലൂടെ മൊബൈൽ ഫോണായും ലഹരിയായും ‘പുള്ളികൾ’ അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുന്നു. ബ്രിട്ടിഷ് മെഡിക്കൽ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു കഞ്ചാവ് കടത്തു കഥ ഇപ്പോൾ സംസാര വിഷയമാണ്.

മൂക്കിലൊളിപ്പിച്ച് കഞ്ചാവ് കടത്തിയതിലല്ല രസം, 18 വർഷമായി സംഭവം മറന്നേ പോയി എന്നതിലാണ് കൗതുകം. ഓസ്ട്രേലിയക്കാരനായ യുവാവ് 18 വർഷം മുൻപ് ജയിലിൽ കിടന്നപ്പോഴാണ് സംഭവം തുടങ്ങുന്നത്. ഇയാളെ സന്ദർശിക്കാനെത്തിയ കാമുകി സമ്മാനമായി നൽകിയതാണ് കഞ്ചാവ്. ഗാർഡുകളുടെ കണ്ണുവെട്ടിച്ച് ബലൂണിൽ പൊതിഞ്ഞാണ് നൽകിയത്. ഇയാൾ അത് ചുരുട്ടി മൂക്കിന്റെ വലത്തേ ദ്വാരത്തിൽ തിരുകിവച്ചു. ഇനി കഞ്ചാവിന് 18 വർഷത്തേക്ക് പ്രത്യക്ഷ റോളൊന്നുമില്ല. കഞ്ചാവുപൊതി വലിച്ചു കയറ്റിപ്പോയെന്നു കരുതിയ ‘കഥാനായകൻ’ പിന്നീട് അക്കാര്യം ഓർത്തതേയില്ല.

സാവധാനം കഞ്ചാവുപൊതിക്കു ചുറ്റും കാൽസ്യം മഗ്നീഷ്യം ലവണങ്ങൾ അടിഞ്ഞുകൂടി കല്ലുപോലുള്ള റിനോലിത്ത് എന്ന രോഗാവസ്ഥയായി മാറി. തുടക്കം മുതലേ മൂക്കിന് അസ്വസ്ഥതകൾ പലതുണ്ടായിരുന്നെങ്കിലും ഇയാൾ വൈദ്യ സഹായം തേടിയിരുന്നില്ല. എന്നാൽ വർഷം ചെല്ലുന്തോറും തലവേദനയും അസ്വസ്ഥതയും കൂടി.

ഒടുവിൽ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കെത്തിയപ്പോഴാണ് മൂക്കിലെ വിചിത്ര വസ്തു ശ്രദ്ധയിൽ പെട്ടത്. ശസ്ത്രക്രിയ നടത്തിയാണ് സാധനം പുറത്തെടുത്തത്. റബറിൽ പൊതിഞ്ഞ ചെടിയുടെ അവശിഷ്ടം കണ്ടെത്തിയ ഡോക്ടർമാർ നടത്തിയ ചോദ്യം ചെയ്യലിലാണ് ആ പഴയ സംഭവം ഇയാൾ ഓർത്തെടുത്തത്. കഞ്ചാവുമായി ബന്ധപ്പെട്ട റിനോലിത്ത് ഡോക്ടർമാർക്ക് ആദ്യ അനുഭവമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതോടെ രോഗിയുടെ ശ്വസന പ്രശ്നങ്ങളും തലവേദനയുമെല്ലാം പമ്പ കടന്നു.

English Summary : Man with marijuana stuck up nose for 18 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com