ADVERTISEMENT

വാർത്തകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് ആലത്തൂർ സ്വദേശിയായ പ്രണവ്. കൈകൾ ഇല്ലാത്തത് പരിമിതിയായി കാണാതെ, കാലുകൾ കൊണ്ടു ചിത്രം വരയ്ക്കുന്ന അതുല്യപ്രതിഭ. ജീവിതത്തെ ശുഭാപ്തിവിശ്വാസം കൊണ്ടു മുന്നോട്ടു നയിക്കുന്ന പ്രണവ് തന്റെ ജന്മദിനത്തിൽ മുഖ്യമന്ത്രിയെ കാണാൻ എത്തി. ഷോകളിലൂടെ ലഭിച്ച തുക സ്വരുക്കൂട്ടി അത് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു ലക്ഷ്യം. നിമയസഭാ ഓഫിസിലെ ഹൃദ്യമായ ഈ കൂടിക്കാഴ്ച മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു.

കുറിപ്പ് വായിക്കാം;

രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയസ്പർശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എയും കൂടെയുണ്ടായി.

സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മറുപടി പറഞ്ഞു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്.സി കോച്ചിങ്ങിന് പോവുകയാണിപ്പോൾ. കാൽ ഉപയോഗിച്ച് സെൽഫിയും എടുത്ത പ്രണവുമായി ഏറെനേരം സംസാരിച്ച ശേഷമാണ് സന്തോഷപൂർവം യാത്രയാക്കിയത്.

English Summary : Chief Minister Pinarayi Vijayan Facebook post on Artist Pranav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com