50 രൂപ കഷ്ടപ്പെട്ടാണ് ഉണ്ടാക്കുന്നത്, ടിക്ടോക് ആത്മാവിഷ്കാരം; മറുപടിയുമായി താരാ കല്യാണ്‍

Actress-thara-kalyan-response-on-controversial-tiktok-video
താരാ കല്യാൺ
SHARE

ഒരു സ്ത്രീയ്ക്ക് സഹായമായി 50 രൂപ നൽകുന്നത് ടിക്ടോക്കിലൂടെ പങ്കുവച്ചതിനെ വിമർശിച്ചവർക്ക് മറുപടിയുമായി സീരിയിൽ താരവും നർത്തകിയുമായ താരാ കല്യാൺ. കഷ്ടപ്പെട്ടാണ് ഒരോ രൂപയും ഉണ്ടാക്കുന്നത്. അതിനാൽ ആ 50 രൂപ വലിയ കാര്യമാണെന്ന് താര പറഞ്ഞു. സുഭാഷിണിയമ്മ എന്ന സ്ത്രീക്ക് മരുന്നു വാങ്ങാനാണു പണം നൽകിയത്. ടിക്ടോക്കിൽ പങ്കുവച്ച ഈ വിഡിയോയ്ക്കെതിരെ വിമർശനങ്ങളും ട്രോളുകളും ശക്തമായതോടെയാണ് താരാ കല്യാൺ മറുപടിയുമായി എത്തിയത്. ടിക് ടോക് ആത്മാവിഷ്കാരമാണെന്നും തന്റെ സന്തോഷത്തിനു വേണ്ടിയാണ് ചെയ്യുന്നതെന്നും താര വ്യക്തമാക്കി.

താരാ കല്യാണിന്റെ വാക്കുകൾ;

‘‘എന്റെ ഈശ്വരാ, ഞാൻ ഒരാൾക്ക് 50 രൂപ കൊടുത്തത് ഇത്ര വലിയ പ്രശ്നമാക്കണോ ? ഞ‍ാൻ വിഡിയോ എന്തിന് ഇട്ടു എന്നു ചോദിച്ചാൽ എന്റെ സന്തോഷത്തിന് വേണ്ടി ഇട്ടതാണ്. 50 രൂപ വളരെ കുറവാണ് എന്നു ചിന്തിക്കുന്നവരോട് ഞാൻ പറയട്ടേ, ആ 50 രൂപ ഞാൻ ഒത്തിരി കഷ്ടപ്പെട്ടാണ് ഉണ്ടാക്കുന്നത്. ആ 50 രൂപ എനിക്ക് വല്യേ കാര്യമാണ്. അത് പൊങ്ങച്ചം പറയുന്നതോ ഭംഗി വാക്ക് പറയുന്നതോ അല്ല. ഒരോ 10 രൂപയും കഷ്ടപ്പെട്ടു തന്നെയാണ് ഉണ്ടാക്കുന്നത്. കഷ്ടപ്പെട്ടു കാശുണ്ടാക്കുന്നവർക്ക് അതിന്റെ വില അറിയാനാകും. നമ്മള് ഒരാളുടെ കണ്ണുനീര്‍ ഒപ്പുമ്പോള്‍ അതിനൊരു വില പറയാന്‍ പറ്റോ? അത് ചീപ്പാണ് എന്നു പറയാൻ പറ്റോ ? എനിക്കത് വലിയ സന്തോഷം തരുന്ന കാര്യമാണ്. ഒരു നന്മയുണ്ടെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പിന്നെ എന്തിന് ടിക് ടോക്കിൽ ഇട്ടു എന്ന് ചോദിച്ചാൽ അതെന്റെ ആത്മാവിഷ്കരമാണ്. ഞാൻ ഇനിയും ഇടുക തന്നെ ചെയ്യും. എന്നെ ഇഷ്ടമില്ലാത്തവർ എന്തിനാ വെറുതെ ട്രോൾ ചെയ്യാൻ വരുന്നത്. ഞാൻ നിങ്ങളെ വിമര്‍ശിക്കാൻ വരുന്നില്ലല്ലോ. എന്നെ വെറുതെ വിട്ടേക്ക്. ഞാൻ ഇഷ്ടമുള്ളത് ചെയ്തോട്ടെ. നല്ലതു വിചാരിച്ച് ചെയ്തതാണ്’’ 

നേരത്തെ എൽഎംഎഫ് കോംപ്ലക്സിൽ നിന്നാണ് താരാ കല്യാണ്‍ വിവാദമായ വിഡിയോ ചെയ്തത്. ‘‘കൂടെയുള്ളത് സുഭാഷിണിയമ്മയാണ്. മരുന്നു വാങ്ങിക്കണമെന്നു പറഞ്ഞു. ചെറിയൊരു സഹായം. ദൈവത്തിന് നന്ദി. അമ്മയ്ക്ക് പൈസ വേണം. പറ്റുന്നവർ സഹായിക്കണേ’’– വിഡിയോയിൽ താര പറഞ്ഞു. 50 രൂപ കൊടുത്തു ടിക് ടോക് ചെയ്യുന്നു, പ്രഹസനമാണിത്, പുതിയ നന്മമരമാണോ എന്നിങ്ങനെയായിരുന്നു വിമർശനങ്ങൾ. 

English Summary : Actress Thara Kalyan on Controversial Tiktok Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA