ADVERTISEMENT

നല്ലതു പറയുന്ന പോസ്റ്റല്ലേ അങ്ങു ഷെയർ ചെയ്തേക്കാമെന്നു കരുതിയതാണ് ബ്രസീലിന്റെ ദേശീയ ടൂറിസം ബോർഡ്, എംബ്രേറ്റർ ആ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത്. പക്ഷേ ചക്കിനു വച്ചത് കൊക്കിനിട്ടാ കൊണ്ടത്. ‘എന്തു മനോഹരമാണ് റിയോ നഗരം’ എന്നു തുടങ്ങുന്ന ഒരു സന്ദർശകയുടെ പോസ്റ്റാണ് എംബ്രേറ്ററിനു പുലിവാലായത്. 

മനോഹരമെന്നു തുടങ്ങുന്ന പോസ്റ്റിന്റെ അടുത്ത വരിയിൽ പറയുന്നു ‘ഭംഗി മാത്രമുണ്ടായിട്ടെന്താ കാര്യം, നിറയെ കള്ളൻമാരാണ്. ഞാനും കുടുംബവും 3 ദിവസമാണ് ഇവിടെ തങ്ങിയത്. ഞങ്ങൾ കൊള്ളയടിക്കപ്പെട്ടു. എന്റെ 9 വയസ്സുള്ള സഹോദരിക്കും ഇതിനു സാക്ഷിയാകേണ്ടിവന്നു. അപാർട്ട്മെന്റിനു പുറത്തിറങ്ങാൻ പോലും ഭയന്നു പോയ നഗരത്തിലേക്ക് ഞാനാരെയും ക്ഷണിക്കില്ല’. ഇതായിരുന്നു പൂർണ രൂപം. ആദ്യ വരി മാത്രം നോക്കി ഷെയർ ചെയ്തതാണ് അപകടമായത്. സംഗതി എംബ്രേറ്ററിനു കത്തുമ്പോഴേക്കും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ആളിപ്പടർന്നിരുന്നു. 

പോസ്റ്റ് ഡിലീറ്റ് ചെയ്തു പിന്നാലെ അമളി സമ്മതിച്ച് മറ്റൊരു പോസ്റ്റും ചാർത്തി. ‘നേരത്തേ അബദ്ധം പിണഞ്ഞതാണ്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതാണ് ഞങ്ങളുടെ ജോലി. 2019ൽ റിയോ ഡി ജനീറോയിൽ അക്രമം കുറഞ്ഞ കാര്യത്തിനു പ്രചാരം നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്’ എംബ്രേറ്റർ വിശദീകരിച്ചു. 

ആമസോണിന്റെ പ്രകൃതി ഭംഗിയും റിയോ കാർണിവലുമെല്ലാം രാജ്യാന്തര തലത്തിൽ തന്നെ പ്രശസ്തമാണെങ്കിലും വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിൽ ബ്രസീൽ പിന്നിലാണ്. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണക്കൂടുതലാണ് പ്രധാന കാരണമെന്നു സംശയിക്കുന്നു. റിയോ ഡി ജനീറോയിൽ കഴിഞ്ഞ വർഷം 4000 കൊലപാതകങ്ങളും ഒന്നേകാൽ ലക്ഷത്തോളം കൊള്ള നടത്തിയ കേസുകളുമാണ് റജിസ്റ്റർ ചെയ്തത്. എന്നാൽ 1991ൽ ക്രൈം റജിസ്റ്റർ ചെയ്യുന്നതു തുടങ്ങിയ ശേഷം കൊള്ളയും കൊലയും ഏറ്റവും കുറവ് രേഖപ്പെടുത്തിയ വർഷംകൂടിയാണ് കഴിഞ്ഞുപോയത്. 

ജർമനിയിൽ ജീവിക്കുന്ന ബ്രസീലുകാരിയായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റിനു പിന്നിൽ. ‘എന്റെ രാജ്യം മനോഹരമെന്നതിൽ അഭിമാനമുണ്ട്. എങ്കിലും എന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിൽ ഞാൻ സത്യസന്ധത കാണിക്കും’ അവർ പിന്നീട് പോസ്റ്റ് ചെയ്തു.

English Summary : Brazil tourism board funny mistake viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com