ADVERTISEMENT

ജനിക്കാൻ പോകുന്ന കുഞ്ഞിനോടുള്ള സ്നേഹവും കാത്തിരിപ്പും കരുതലും ഒത്തുചേർന്നതാണ് മറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ. വിദേശ രാജ്യങ്ങളിൽ തുടക്കം കുറിച്ച ഈ ഫോട്ടോഷൂട്ടുകൾ കേരളത്തിലും ട്രെൻഡാണ്. മറ്റേണിറ്റി ഫോട്ടോഷൂട്ടിലും വൈവിധ്യങ്ങൾ കൊണ്ടുവരാൻ ഫൊട്ടോഗ്രഫർമാർ ശ്രമിക്കാറുണ്ട്.  ഇപ്പോഴിതാ കേരളത്തിൽ ആദ്യമായി ഒരു ന്യൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ആതിര ജോയ് എന്ന വനിതാ ഫോട്ടോഗ്രാഫർ. വിദേശികളായ ദമ്പതികളാണ് പ്രകൃതിയോടിഴുകിച്ചേർന്ന ഫോട്ടോഷൂട്ടിന് മോഡലുകളായത്. ഇത്തരമൊരു ഫൊട്ടോഗ്രഫി നിയോഗം പോലെയാണ് ആതിരയ്ക്ക് വന്നുചേർന്നത്. ഇതിനെക്കുറിച്ച്  മനോരമ ന്യൂസ് ഡോട്ട് കോമിനോട് ആതിര സംസാരിക്കുന്നു.

‘‘എന്റെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് ഫ്രഞ്ച് ദമ്പതികളായ അമൃതബാദും ജാനും. കേരളം കാണാൻ എത്തിയ ഇവർ ഒരു മാസത്തോളം ഞങ്ങളോടൊപ്പമായിരുന്നു. ജാൻ എട്ടുമാസം ഗർഭിണിയാണ്. വിദേശികൾ ആണെങ്കിലും യോഗയും മെഡിറ്റേഷനുമൊക്കെയുള്ള ജീവിതരീതിയാണ് അവർ പിന്തുടരുന്നത്. പ്രകൃതിയോട് ഇണങ്ങിയാണ് ജീവിതം. മരുന്നുകൾ കഴിക്കാറില്ല, ഗർഭിണിയായ ശേഷം ഇതുവരെ ഡോക്ടറെ കാണുകയോ സ്കാൻ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. ജനിക്കാൻ പോകുന്ന കുഞ്ഞിന് ഇരുവരും പുസ്തകം വായിച്ചു കേൾപ്പിക്കും. താരാട്ട് പാട്ടുകൾ പാടും. കഥകൾ പറയും. അവരുടെ ആഗ്രഹം വീട്ടിൽ തന്നെയുള്ള പ്രസവമാണ്. അത്തരമൊരു ദമ്പതികളോട് കേരളത്തിന്റെ പച്ചപ്പിൽ ന്യൂഡ് ഫോട്ടോഷൂട്ടിന് തയാറാണോ എന്നു ചോദിക്കേണ്ട താമസം സമ്മതം മൂളി.

എന്നാൽ വെല്ലുവിളികൾ അതിനുശേഷമായിരുന്നു. ഇത്തരമൊരു ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്കു സാധിച്ചില്ല. ഒടുവിലാണ് കോഴിക്കോട് കോടഞ്ചേരി എന്ന സ്ഥലത്ത് ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അവിടെ എന്റെ അമ്മയുടെ ചേച്ചിയുടെ വീടുണ്ട്. വീടിന്റെ പുറകിൽ പുഴയാണ്. തനി നാട്ടിൻപുറമാണ്. മറ്റേണിറ്റി ഫോട്ടോ ഷൂട്ട് എന്താണെന്നു പോലും അറിയില്ല. അങ്ങനെയുള്ള ഒരു നാട്ടിൽ ന്യൂഡ് ഫൊട്ടോഗ്രഫി ചെയ്യുന്നത് വെല്ലുവിളി തന്നെയായിരുന്നു.

ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ അലക്കാൻ രണ്ട് ചേച്ചിമാർ വന്നു. ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ല. കൂടുതൽ സമയം ഒന്നും നിൽക്കാതെ വേഗം അവർ സ്ഥലം വിട്ടു. ഫോട്ടോഷൂട്ടിന് ശേഷം ഞങ്ങൾ തിരികെ എന്റെ നാട്ടിലേക്ക് പോന്നു. അതിനുശേഷം പലരും ആന്റിയുടെ ഭർത്താവിനോട് നിങ്ങൾ ഇതിനൊക്കെ സമ്മതം പറഞ്ഞത് എന്തിനാണ്? നമ്മുടെ പുഴയിൽ വസ്ത്രം ധരിക്കാതെ ഇങ്ങനെയൊക്കെ ഫോട്ടോയെടുക്കാൻ അനുവദിക്കാമോ? സംസ്കാരത്തിന് യോജിച്ചതാണോ എന്നൊക്കെ ചോദിച്ചു. ഫോട്ടോഷൂട്ടെന്ന് പറഞ്ഞപ്പോൾ ആന്റിയും ഭർത്താവും ഇത്രയും പ്രതീക്ഷിച്ചില്ല.

നമ്മുടെ നാട്ടിൽ എട്ടാം മാസത്തിലുള്ള ഗർഭിണി മൂന്നുമണിക്കൂറോളം വെള്ളത്തിൽ ഇറങ്ങിനിൽക്കുന്നത് ആലോചിക്കാൻ പോലും സാധിക്കില്ല. എന്നാൽ അത്തരം റിസ്കുകളൊന്നും ജാനിന് പ്രശ്നമേയായിരുന്നില്ല. പുഴയിലെ പാറയിലൂടെയൊക്കെ അനായാസമാണ് അവർ നടന്നത്. ഒരു ഫൊട്ടോഗ്രഫർ എന്ന നിലയിൽ ഏറെ ആത്മസംതൃപ്തി തോന്നിയ ഒന്നാണ് ഈ ഫോട്ടോഷൂട്ട്. എന്റെ ഡ്രീം പ്രോജക്ട് എന്നുവേണമെങ്കിൽ പറയാം. 

മാതൃത്വം ഇത്രയേറെ ആസ്വദിക്കപ്പെടുന്ന ഒരു സന്ദർഭം വേറെയില്ല. എന്നാൽ മാതൃത്വത്തിലും സെക്സ് കാണുന്നവരുണ്ട്. ഈ ഫോട്ടോകൾ ഞാനൊരു ഗ്രൂപ്പിലിട്ടിരുന്നു. ഒരാൾ ഈ ഫോട്ടോ വൾഗറാണെന്ന് കാണിച്ച് ഫെയ്സ്ബുക്കിന് മെസേജയച്ചു. ഇതേ തുടർന്ന് എന്റെ പേജ് ബാൻ ചെയ്തു. ഫെയ്സ്ബുക്ക് ഫോട്ടോകൾ റിമൂവ് ചെയ്തു. ഒടുവിൽ അവരോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് എനിക്ക് എന്റെ പേജും ഫോട്ടോകൾ പോസ്റ്റ് ചെയ്യാനുള്ള അനുവാദവും ലഭിച്ചത്. സമൂഹമാധ്യമങ്ങളിൽ പോസിറ്റീവും നെഗറ്റീവുമായ കമന്റുകൾ വരുന്നുണ്ട്. എന്ത് തന്നെയായാലും ഞാൻ സന്തോഷത്തിലാണ്. എന്റെ ഭർത്താവും കുടുംബവും പൂർണ്ണപിന്തുണയുമായി ഒപ്പമുള്ളപ്പോൾ ഞാനെന്തിന് വിഷമിക്കണം’’- ആതിര പറയുന്നു.

ഡൽഹിയിൽ നിന്നാണ് ആതിര ഫൊട്ടോഗ്രഫി പഠിച്ചത്. ഇപ്പോൾ വൈക്കത്ത് ഭർത്താവും കുഞ്ഞും കുടുംബവുമായി കഴിയുന്നു. രണ്ട് വർഷമായി ഫോട്ടോഗ്രഫി മേഖലയിൽ സജീവമാണ്.

English Summary : First nude materninty shoot in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com