ADVERTISEMENT

കൊറോണ വൈറസിന്റെ ആകൃതിയിൽ പെൻഡന്റ് നിർമിച്ച് റഷ്യൻ ജ്വല്ലറി. ആരോഗ്യ, ശാസ്ത്ര മേഖലകളെ കേന്ദ്രീകരിച്ച് ആഭരണങ്ങൾ നിര്‍മിക്കുന്നതിൽ പ്രശസ്തരായ ഡോക്ടർ വൊറോബിയോ ജ്വല്ലറിയാണ് ഈ പെൻഡന്റിന്റെ സൃഷ്ടാക്കൾ. വൈറസിന്റെ മൈക്രോസ്കോപ്പിക് ചിത്രം അടിസ്ഥാനമാക്കിയാണ് പെൻഡന്റ് നിർമിച്ചത്. റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ നിന്ന് 335 കിലോമീറ്റര്‍ അകലെയുള്ള കോസ്ട്രോമ നഗരത്തിലാണ് ഈ ജ്വല്ലറി പ്രവർത്തിക്കുന്നത്.

ശുദ്ധമായ വെള്ളിയിൽ നിർമിച്ച ഈ പെൻഡ‍ന്റിന് 1000 റൂബിളാണ് വില. ഓൺലൈനിലൂടെയാണ് വിൽപന നടത്തുന്നത്. വാങ്ങിയവർ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവയ്ക്കുകയും പെൻഡന്റ് ശ്രദ്ധ നേടുകയുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1000 പെൻഡന്റുകളാണ് ഇതുവരെ വിറ്റത്. 

ആരോഗ്യരംഗത്തു ജോലി ചെയ്യുന്നവർക്കുള്ള ആദരമായാണ് ഇത്തരമൊരു പെൻഡന്റ് നിർമിച്ചതെന്ന് ജ്വല്ലറിയുടെ ഉടമയായ ഡോക്ടർ വോറോബിയോ പറഞ്ഞു. പെൻഡന്റ് നിർമിച്ചതിൽ അസ്വാഭാവികതയൊന്നുമില്ല. കാരണം ഇതൊരു മെഡിക്കൽ ജ്വല്ലറി ബ്രാൻഡ് ആണ്. ഈ പെൻഡന്റ് വിജയത്തിന്റെ പ്രതീകമാണ്. ദിവസവും കൂടുതൽ ആവശ്യക്കാർ എത്തുന്നുണ്ട്. കൊറോണയെക്കുറിച്ചുള്ള വാർത്തകള്‍ റഷ്യയില്‍ എത്തും മുമ്പേ പെൻഡന്റ് നിർമാണം ആരംഭിച്ചിരുന്നതായും വൊറോബിയോ രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാൽ പെൻഡന്റിനെതിരെ വിമർശനങ്ങളും ശക്തമാണ്. ഇത്തരമൊരു അപകടകാരിയായ വൈറസിന്റെ മാതൃകയിൽ പെൻഡന്റ് നിർമിച്ചാൽ അതെങ്ങനെ ആരോഗ്യമേഖലയിലുള്ളവർക്ക് ആദരവാകുമെന്നാണ് വിമർശകരുടെ ചോദ്യം. ദുരന്തങ്ങളെ ഫാഷനാക്കി മാറ്റുന്നത് അപരിഷ്കൃതമായ പ്രവൃത്തി ആണെന്നും അവർ വാദിക്കുന്നു

ഇതുവരെ 2337 കോവിഡ്19 കേസുകളാണ് റഷ്യയിൽ റിപ്പോർട്ട് ചെയ്തത്. 17 മരണങ്ങളും സംഭവിച്ചു. മോസ്കോ ഉൾപ്പടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. 

English Summary : Coronavirus shaped pendant draw criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com