ADVERTISEMENT

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യ കാര്യത്തിൽ ഏറ്റവും അധികം ആശങ്കപ്പെടുന്നവർ ആരായിരിക്കും ? അദ്ദേഹത്തിന്റെ പേരിലുള്ള ഫെയ്സ്ബുക് പേജിൽ നോക്കിയാൽ അതിനുത്തരം ലഭിക്കും. അതു മറ്റാരുമല്ല ‘മലയാളികൾ’ തന്നെ. കിമ്മിന്റെ ആരോഗ്യനില മോശമാണ് എന്ന വാർത്തകൾ വന്നതോടെ ‘സുഖമാണോ’ എന്ന് അന്വേഷിച്ചും തിരിച്ചുവരാന്‍ പ്രാര്‍ഥനകളുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികൾ.

‘പ്രിയപ്പെട്ട കിമ്മേട്ടാ, അണ്ണന്റെ ആരോഗ്യനിലയെ കുറിച്ച് ലോകമെമ്പാടും വാർത്ത പ്രചരിക്കുന്നു. ഇതിന് മറുപടിയുമായി ഉടൻ എത്തണം, താങ്കളില്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാനാവില്ല. അണ്ണാ, ഇപ്പോൾ എങ്ങനെയുണ്ട്’ എന്നിങ്ങനെ പോകുന്നു കിം ജോങ് ഉന്നിന്റെ പേരിലുള്ള ഫെയ്സ്ബുക് പേജിലെ മലയാളം കമന്റുകൾ. ഒരോ കമന്റിലും കിമ്മിനോടുള്ള സ്നേഹവും കരുതലും കാണാം. മരിച്ചെന്നു പ്രചരിപ്പിക്കുന്നവർക്കെതിരെ അദ്ദേഹത്തിന്റെ ശൈലിയിൽ തന്ന നടപടി സ്വീകരിക്കണമെന്ന ആവശ്യവും കമന്റുകളിൽ നിറയുന്നു.

5 ലക്ഷത്തിലേറെപ്പേർ പിന്തുടരുന്ന അക്കൗണ്ട് ഉൾപ്പടെ ഏതാനും അക്കൗണ്ടുകൾ കിമ്മിന്റെ പേരിലുണ്ട്. എന്നാൽ ഇതൊന്നും കിമ്മിന്റെ അക്കൗണ്ടല്ല. പലതിലും കമന്റുകളുമായി മലയാളികൾ എത്തിയിട്ടുണ്ട്. ‘വിധിയെ പോലും വിറപ്പിച്ച് അദ്ദേഹം തിരിച്ചു വരും’ എന്നാണ് മലയാളികൾ പറയുന്നത്.

ഏപ്രിൽ 11നു ശേഷം കിം പൊതുവേദികളിൽ എത്തിയിട്ടില്ല. കഴിഞ്ഞ 15ന്, മുത്തച്ഛനും രാഷ്ട്രപിതാവുമായ കിം ഇൽ സുങ്ങിന്റെ ജന്മവാർഷികച്ചടങ്ങിൽ കിമ്മിനെ കാണാതിരുന്നതും ഹൃദയശസ്ത്രക്രിയ നടത്തിയതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അത്യാസന്ന നിലയിലാണ് എന്ന വാർത്തകൾ വന്നത്. അതേസമയം, ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കിം വിശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും സോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയന്‍ വെബ്സൈറ്റ് ‘ഡെയ്‌ലി എൻകെ’ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു.

ഹ്വാങ്സാനിലെ ആശുപത്രിയിൽ ഏപ്രിൽ 12ന് ശസ്ത്രക്രിയയ്ക്കു വിധേയനായ കിം, തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഹൃദയവുമായി ബന്ധിക്കുന്ന രക്തക്കുഴലുകൾക്കു വീക്കം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതൽ കിം ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. ശസ്ത്രക്രിയയെത്തുടർന്ന് ഉത്തര കൊറിയയ്ക്കു കിഴക്ക് മൗണ്ട് കുംഗാങ്ങിലെ ഒരു വില്ലയിൽ കിം വിശ്രമിക്കുകയാണെന്നും ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തു.

ചൈനയോടു ചേർന്നു സ്ഥിതി ചെയ്യുന്ന കൊറിയൻ വിശുദ്ധ പർവതമായ പക്തു സന്ദർശിച്ചതും സമീപകാലത്ത് തുടർച്ചയായി സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ചതും പൊതു പരിപാടികളിൽ പങ്കെടുത്തതുമെല്ലാം കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമാകാൻ ഇടയാക്കിയെന്നും ഈ വെബ്സൈറ്റ് തുടരുന്നു. കിം ഒക്ടോബറിലും ഡിസംബറിലും പക്തു പർവതം സന്ദർശിച്ചത് മുൻപ് ഉത്തര കൊറിയയിലെ ഔദ്യോഗിക ടിവി ചിത്രം സഹിതം റിപ്പോർട്ട് ചെയ്തിരുന്നു.

പിതാവിന്റെ മരണത്തെത്തുടർന്ന് 2011 ഡിസംബറിലാണ് കിം രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തത്. ഉത്തര കൊറിയയിൽ മാധ്യമങ്ങൾക്ക് കനത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ചും രാജ്യത്തിന്റെ ഉന്നത നേതൃത്വത്തെ സംബന്ധിച്ച വിഷയങ്ങളിൽ.

കിം അത്യാസന്ന നിലയിലാണ് എന്ന വാർത്തകൾ വന്നതോടെ അദ്ദേഹം സുഖം പ്രാപിക്കട്ടേ എന്ന് ആശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയുടെ ഭാവിയെപ്പറ്റിയും ഉന്നിന് എന്തു സംഭവിച്ചു എന്നതിനെപ്പറ്റിയും ചർച്ചകൾ സജീവമാണ്. 

English Summary : Malayalam Comments on Kim Jong-un's Fb Page

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com