ADVERTISEMENT

വിപണയിലെ ചൈനീസ് സ്വാധീനം സോഷ്യൽലോകത്തേക്കും പടർന്നു കയറാന്‍ ടിക്ടോക് എന്ന വിഡിയോ ഷെയറിങ് ആപ്ലിക്കേഷൻ വഹിച്ച പങ്ക് ചെറുതല്ല. ഇന്നു ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ആപ്പുകളിലൊന്നാണ് ടിക്ടോക്. അതിവേഗം ടിക്ടോക് ലോകം കീഴടക്കിയപ്പോള്‍ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറി. വൻജനപ്രീതി നേടി ടിക്ടോക് കുതിപ്പ് തുടരുമ്പോഴാണ് അപ്രതീക്ഷതമായ തിരിച്ചടികൾ നേരിടേണ്ടി വന്നത്. പ്ലേസ്റ്റോറിൽ ടിക്ടോക്കിന്റെ റേറ്റിങ് കുറയ്ക്കുന്നതു മുതൽ നിരേധിക്കണമെന്ന ആവശ്യമുയർത്തിയുള്ള കാംപെയ്ൻ വരെ ഇതേത്തുടർന്നുണ്ടായി. എന്നാൽ രസകരമായ വസ്തുത ഇതിനെല്ലാം തുടക്കം കുറിച്ചത് 20 വയസ്സുകാരനായ ഒരു ഇന്ത്യക്കാരനാണ് എന്നതാണ്. കാരിമിനാറ്റി എന്ന പേരിലറിയപ്പെടുന്ന ഫരീദാബാദ് സ്വദേശി അജയ് നാഗർ. 

ടിക്ടോക്കിന്റെ അന്തകൻ, ടിക്ടോക്കർമാരുടെ പേടി സ്വപ്നം, റോസ്റ്റിങ് കിങ്, ടിക്ടോക് വിരുദ്ധരുടെ ദൈവം എന്നിങ്ങനെ ഒരുപാട് വിശേഷണങ്ങൾ കാരിമിനാറ്റിക്കുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ യുട്യൂബർ ആരാണെന്നു ചോദിച്ചാൽ കാരിമിനാറ്റി എന്നായിരക്കും ഉത്തരം. പതിവുശൈലിയിൽ നിന്ന് മാറി സഞ്ചരിച്ച്, സ്വന്തമായി ഒരു വഴിയൊരുക്കി, ഇന്നു നിരവധിപ്പേർ അനുകരിക്കുന്ന യുട്യൂബറായി കാരിമിനാറ്റി മാറിയ കഥയിതാ....

തുടക്കം

വർഷം 2012. അജയ് നാഗർ എന്ന 12–കാരൻ സ്വന്തമായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചു. കംപ്യൂട്ടർ ഗെയിമിങ് ആയിരുന്നു അവന്റെ ഇഷ്ട വിനോദം. ഫുട്ബോൾ ആരാധകനായിരുന്നെങ്കിലും ഗ്രൗണ്ടിലിറങ്ങി കളിക്കാക്കാനല്ല, മറിച്ച് ഓൺലൈനായിരുന്നു അവന്റെ ഇഷ്ടപ്പെട്ട കളിസ്ഥലം. ഓൺലൈൻ ഗെയിമിങ് ടെക്നിക്സും ചില്ലറ ഫുട്ബോൾ സ്കിൽസ് ട്യൂറ്റോറിയൽസുമായിരുന്നു ‘സ്റ്റീൽത് ഫിയേഴ്സ്’ എന്ന തന്റെ ആദ്യത്തെ യുട്യൂബ് ചാനലിൽ അജയ് അപ്‌ലോഡ് ചെയ്തിരുന്നത്. ശരാശരി 500 കാഴ്ചക്കാരെയായിരുന്നു ആ യുട്യൂബ് ചാനലിലെ ഓരോ വിഡിയോയ്ക്കും ലഭിച്ചത്.

ajey-nagar-3

പിന്നീട് 2014ൽ അഡിക്റ്റഡ് എ1 എന്ന പേരിലൊരു യുട്യൂബ് ചാനലുമായി അജയ് വീണ്ടുമെത്തി. അതിലും ഇത്തരത്തിലുള്ള ഗെയിമിങ് വിഡിയോസായിരുന്നു പ്രധാനമായും അപ്‌ലോഡ് ചെയ്തിരുന്നത്. പീന്നീട് ഓണ്‍ലൈനായി ഗെയിം കളിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ കമന്റുകൾ പറയുന്ന രീതിയിലേക്ക് അജയ് മാറി. പലതരം ശബ്ദങ്ങളും സിനിമാ സംഭാഷണങ്ങളും ഉൾപ്പെടുത്തിയുള്ള ഈ ഗെയിമിങ് വിഡിയോകൾ ശ്രദ്ധ നേടി. ഒപ്പം ചില യുട്യൂബർമാരെ റോസ്റ്റ് ചെയ്തുകൊണ്ടുകൊണ്ടുള്ള വിഡിയോസും ആരംഭിച്ചു. റോസ്റ്റിങ് തുടങ്ങിയതോടെ ചാനലിന് കൂടുതൽ സബ്സ്ക്രൈബേഴ്സിനെ ലഭിച്ചു തുടങ്ങി. ഇതിനിടെ 12 ക്ലാസിൽവച്ച് പഠനം ഉപേക്ഷിച്ച് ഫുൾടൈം യുട്യൂബറാകാൻ അജയ് തീരുമാനിച്ചു. അച്ഛൻ മകന് പിന്തുണയുമായി ഒപ്പം നിൽക്കുകയും ചെയ്തു.

ബിബികി വൈൻസും കാരിമിനാറ്റിയും

ചില സുഹൃത്തുക്കളുടെ നിർദേശപ്രകാരം അജയ് തന്റെ ചാനലിന്റെ പേര് കാരി ഡിയോൾ എന്നു മാറ്റി. ഹിന്ദി സൂപ്പർ താരം സണ്ണി ഡിയോളിനോടുള്ള ആരാധനയും അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചുള്ള വിഡിയോയസിനു ലഭിച്ച സ്വീകാര്യതയുമാണ് ഈ പേരുമാറ്റത്തിനു കാരണമെന്നു അജയ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 2016ൽ കാരിഡിയോൾ കാരിമിനാറ്റിയായി മാറി. 

ajey-nagar-2

ആ സമയത്താണു ബുവൻ ബാം എന്ന യുട്യൂബറുടെ ബിബികി വൈൻസ് എന്ന ചാനലിനെ റോസ്റ്റ് ചെയ്തുകൊണ്ടുള്ള വിഡിയോയുമായി അജയ് രംഗത്തെത്തിയത്. കാരിമിനാറ്റിയിലെ റോസ്റ്റർ പ്രശസ്തിയിലേക്ക് ഉയർന്നത് ആ വിഡിയോയിലൂടെയായിരുന്നു. യുട്യൂബിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായ ഇന്ത്യൻ വ്ലോഗർമാരിൽ ഒരാളായിരുന്നു ബുവൻ ബാം. ബുവാനെ റോസ്റ്റ് ചെയ്ത വിഡിയോ വൈറലായതോട കാരിമിനാറ്റിക്കെതിരെ ബുവാൻ ആരാധകരുടെ പ്രതിഷേധമിരമ്പി. എന്നാൽ വിഡിയോ നന്നായിട്ടുണ്ടെന്നും ഇതുപോലുള്ള ക്രിയേറ്റിവ് വർക്കുകൾ അഭിനന്ദിക്കപ്പെടണമെന്നുമായിരുന്നു ബുവൻ ഇതിനോടു പ്രതികരിച്ചത്. പിന്നീട് ബുവനുമായി സഹകരിച്ച് നിരവധി വിഡിയോസ് കാരിമിനാറ്റി പുറത്തിറക്കി. ഒപ്പം പ്രശസ്തയുടെ പടികളും കയറിത്തുടങ്ങി.

അടി തിരിച്ചടി

പ്രശസ്തിയിലേക്കു കയറിത്തുടങ്ങിയതിനിടയിലാണ് 2016ൽ ചില കോപ്പി റൈറ്റ് വിവാദങ്ങൾ കാരിമിനാറ്റിയെ പിടിച്ചുകുലുക്കിയത്. യുട്യൂബിലെ ചില പ്രമുഖൻമാരെ പിടിച്ചു റോസ്റ്റ് ചെയ്തതിന്റെ പ്രതികാര നടപടിയായിരുന്നു ഇത്തരം കോപ്പി റൈറ്റ് പ്രശ്നങ്ങൾ. അതോടെ ചാനൽ പൂട്ടണമെന്ന അവസ്ഥ വരെ ഉണ്ടായി. എന്നാൽ ചില ഒത്തുതീർപ്പുകളും വിട്ടുവീഴ്ചകളുമൊക്കെ നടത്തി കാരിമിനാറ്റി പിടിച്ചു നിന്നു. പിന്നീടങ്ങോട്ട് കൃത്യമായ പെർമിഷനും കോപ്പി റൈറ്റ് ലംഘനങ്ങള്‍ ഒഴിവാക്കിയും വിഡിയോ ചെയ്യുന്നതിലായി കാരിമിനാറ്റിയുടെ ശ്രദ്ധ. പക്ഷേ റോസ്റ്റിങ്ങിന്റെ കാര്യത്തിൽ നോ കോപ്രമൈസ്.

ആക്രമണത്തിൽ വിട്ടുവീഴ്ചയില്ല

അതുവരെ ഇന്ത്യൻ യുട്യൂബർമാർക്കിടയിൽ പരീക്ഷിക്കപ്പെടാതിരുന്ന ശൈലിയാണു കാരിമിനാറ്റി പിന്തുടർന്നത്. റോസ്റ്റിങ് വിഡിയോകളിൽ ആക്രമണോത്സുത നിറയുമ്പോൾ അസഭ്യ വാക്കുകൾ യാതൊരു പഞ്ഞവുമില്ലാതെ പുറത്തു വരും. നല്ല നാടൻ ഹിന്ദിയിലുള്ള തെറികൾ കേൾക്കുമ്പോൾ സുഹൃത്തുക്കള്‍ തമ്മിൽ സംസാരിക്കുന്നതു പോലെ തോന്നും എന്നാണ് കാരിമിനാറ്റിയുടെ ആരാധകർ പറയുന്നത്. ശബ്ദങ്ങളും തമാശകളും സിനിമാ ഡയലോഗും മുഖഭാവങ്ങളുമൊക്കെ ചേർന്ന് ഹൈ വോൾട്ട് ആയിരിക്കും ഈ വിഡിയോകൾ. ഇതെല്ലാം ‘കാരിമിനാറ്റി സെൻസേഷനു’ കാരണമായി.

ajey-nagar

ടിക്ടോക് VS യൂട്യൂബ്

ചെറുതും വലുതുമായ റോസ്റ്റ് വിഡിയോസുമായി നന്നിരുന്ന കരിമിനാറ്റിയുടെ ജീവിതം മാറ്റിമറിച്ചത് ടിക്ടോക് VS യുട്യൂബ്  എന്ന വിഡിയോ ആയിരുന്നു. പ്രമുഖ ടിക്ടോക് താരങ്ങളെ വിമർശിച്ചും പരിഹസിച്ചും കൊണ്ടുള്ള കാരിമിനാറ്റിയുടെ ഈ വിഡിയോ 78 മില്യൻ ആളുകളാണ് യുട്യൂബിൽ കണ്ടത്. ടിക്ടോക്കർമാരും അവരുടെ ആരാധകരും വിഡിയോയ്ക്കെതിരെ രംഗത്തെത്തിയപ്പോൾ കാരിമിനാറ്റിയ്ക്ക് പിന്തുണയുമായി വലിയൊരു സംഘമെത്തി. ഇതിനിടെ ഈ വിഡിയോയിലെ പല പ്രയോഗങ്ങളും വിവാദത്തിലേക്ക നീക്കി. ലൈംഗിക ന്യൂനപക്ഷങ്ങളെ അപമാനിക്കുന്നു എന്ന തരത്തിൽ വിമർശനങ്ങള്‍ ഉയർന്നു.

നോൺ മ്യൂസിക് വിഡിയോ വിഭാഗത്തിൽ ഏറ്റവുമധികം വ്യൂവേഴ്സും ലൈക്സും ലഭിച്ചേക്കാവുന്ന ഇന്ത്യൻ വിഡിയോ ആയി കാരിമിനാറ്റിയുടെ റോസ്റ്റ് വിഡിയോ മാറും എന്ന സാഹചര്യത്തിൽ ചില പകർപ്പകാശ പ്രശ്നങ്ങളും കമ്മ്യൂണിറ്റി മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളുടെ ലംഘനവും ആരോപിച്ച് യുട്യൂബിൽ നിന്നു വിഡിയോ നീക്കം ചെയ്യപ്പെട്ടു.  ഇതോടെ സോഷ്യൽ ലോകത്തെ തമ്മിലടി പുതിയ ഘട്ടത്തിലേക്ക് കടന്നു. ടിക്ടോക്കിനെതിരെ പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ സോഷ്യൽ ലോകത്ത് അരങ്ങേറി. കരമിനാറ്റിയ്ക്ക് നീതി തേടിയും ടിക്ടോക് ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഹാഷ്ടാഗുകൾ നിറഞ്ഞു. ടിക്ടോക്കിന്റേ റേറ്റിങ് കുറച്ചും പ്രതിഷേധമുണ്ടായി.

ഒന്നിനു പുറകെ മറ്റൊന്ന്

ഇതിനു പിന്നാലെയാണ് ഫൈസൽ സിദ്ധിഖി എന്ന ടിക്ടോക് താരം ചെയ്ത വിഡിയോ ആസിഡ് അറ്റാക്കിനെ പിന്തുണയ്ക്കുന്നതാണെന്നു വിമർശനമുയർന്നതും പ്രതിഷേധം ആളിക്കത്തിയതും. കാരിമിനാറ്റി ആരാധകരും ടിക്ടോക് വിരുദ്ധരും ഈ ആരോപണം ഏറ്റു പിടിച്ചതോടെ സംഭവം ചൂടുപിടിച്ചു. തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ ടിക്ടോക് റേറ്റിങ് 1.3ലേക്ക് ഇടി‍ഞ്ഞു. പിന്നീട് ഗൂഗിൾ ഇടപെട്ട് 80 ലക്ഷത്തോളം‍ ‌റിവ്യൂ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തോടെയാണു ടിക്ടോക്കിന്റെ റേറ്റിങ് വീണ്ടും ഉയർന്നത്.

ajey-nagar-4

കാരിമിനാറ്റി എന്ന ബ്രാൻഡ്

ഇതെല്ലാം കാരിമിനാറ്റിയുെട പ്രശസ്തി വർധിക്കാൻ കാരണമായി. റോസ്റ്റിങ് എന്ന ആക്ഷേപഹാസ്യ കലാരൂപത്തിന് ഇന്ത്യയിൽ ശ്രദ്ധ നേടിക്കൊടുത്തതു കാരിമിനാറ്റിയാണ്. മറ്റു ഇന്ത്യൻ ഭാഷകളിലും റോസ്റ്റിങ് ആരംഭിക്കാൻ കാരിമിനാറ്റി കാരണമായി. കാരിമിനാറ്റിക്ക് ഇപ്പോൾ 1.9 കോടി സബ്സ്ക്രൈബേഴ്സ് ഉണ്ട്. വിഡിയോകളെല്ലാം ഉയർന്ന വ്യൂസ് നേടുകയും ചെയ്യുന്നുണ്ട്. വലിയൊരു ആരാധകവൃന്ദം ഇപ്പോൾ കാരിമിനാറ്റിക്ക് ഉണ്ട്. പ്രെമേഷൻ വിഡിയോകൾ ചെയ്യാനായി വമ്പൻ ബ്രാൻ‍ഡുകൾ ഉൾപ്പടെ ഈ 20കാരിനെ തേടിയെത്തുന്നു.

റോസ്റ്റിന് ചൂട് കൂടുമ്പോൾ

അവതരണത്തിലെ അഡൽറ്റ് ഓൺലി വാക്കുകളും ഉപമകളും കാരിമിനാറ്റിക്കെതിരായ പ്രധാന വിമർശനങ്ങളാണ്. തെറിവാക്കുകളുടെ ഉപയോഗം പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. റോസ്റ്റ് ചെയ്യുന്നതിനിടെ നിറത്തിന്റെയും ശരീര ഘടനയുടെയും പേരിൽ ആളുകളെ അപമാനിക്കുന്നതും  വിമർശനം നേരിടുന്നു. ഇതിനെക്കുറിച്ച് താൻ ബോധവാനാണെന്നും ഇവ പരമാവധി ഒഴിവാക്കാൻ ശ്രമിക്കാറുണ്ടെന്നും കാരിമിനാറ്റി പറയാറുണ്ടങ്കിലും എല്ലാ വിഡിയോസിലും ഇത് വീണ്ടും ആവർത്തിക്കുന്നുണ്ട്.

English Summary : Roasting king Carryminatis' Success Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com