ADVERTISEMENT

‘പ്രേതം വ്യായാമം ചെയ്യുന്നു’ എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഉത്തർപ്രദേശ് പൊലീസ്. ഗ്രീസ് അമിതമായി ഉപയോഗിച്ചതാണ് വ്യായാമം ചെയ്യുന്ന മെഷീൻ തനിയെ പ്രവർത്തിക്കാനുള്ള കാരണമെന്നും ഭീതി പരത്തുന്ന രീതിയിൽ വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. 

ഏതാനും ദിവസങ്ങളായി ‘പ്രേതത്തിന്റെ വ്യായാമ’ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജിമ്മിലെ ഒരു ഉപകരണം തനിയെ പ്രവർത്തിക്കുന്നതും പൊലീസുകാർ ചുറ്റിലും നിൽക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ‘യുപിയിലെ ഝാൻസിയിലുള്ള ഓപ്പൺ ജിമ്മിൽ പ്രേതങ്ങൾ വ്യായാമം ചെയ്യുന്നു’ എന്ന കുറിപ്പിനൊപ്പമാണ് 20 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ വ്യാപകമായി പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിൽ പലരീതിയിലുള്ള ചർച്ചകൾക്കും ഇതു തുടക്കമിട്ടു. ഇതോടെയാണ് ഊഹാപോഹങ്ങൾക്ക് തടയിട്ട് പൊലീസ് രംഗത്തെത്തിയത്.

നന്ദന്‍പുരയിലെ കാൻഷിറാം പാർക്കിൽ നിന്നുള്ളതാണ് ഈ വിഡിയോ. ഒരു തവണ ചലിപ്പിച്ചാൽ മെഷീൻ തനിയെ പ്രവർത്തിക്കാൻ തുടങ്ങും. അസാധാരണ സംഭവത്തെക്കുറിച്ച് അറിഞ്ഞ് പൊലീസ് പരിശോധനയ്ക്കായി അവിടെയെത്തി. അമിതമായി ഗ്രീസ് ഉപയോഗിച്ചാണ് മെഷീൻ ഇങ്ങനെ മാറ്റിയതെന്നു പരിശോധനയിൽ വ്യക്തമായി. പ്രാങ്ക് ചെയ്യലായിരുന്നു ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തി. എന്നാൽ പൊലീസ് ഇവിടെ പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ആരോ ഷൂട്ട് ചെയ്ത് പ്രേതത്തിന്റെ വ്യായാമമെന്ന പേരിൽ പ്രചരിപ്പിച്ചത്. 

അന്വേഷണം ആരംഭിച്ചതായും പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെയെല്ലാം നടപടി ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

English Summary : Ghost exercise video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com